കാൻസറിനെ അതിജീവിച്ചതിനെ കുറിച്ച് നിരന്തരം പങ്കുവെച്ചിട്ടുള്ളയാളാണ് ബോളിവുഡ് താരം സൊനാലി ബിന്ദ്രെ. എന്നാൽ കാൻസർ അതിജീവനത്തിൽ ഓട്ടോഫാഗി എന്ന നാച്ചുറോപ്പതി ചികിത്സാ രീതി തന്നെ ഏറെ സഹായിച്ചുവെന്ന താരത്തിന്റെ തുറന്നു പറച്ചിൽ ഇപ്പോൾ സോഷ്യൽമീഡിയയിലടക്കം ചർച്ചയ്ക്ക് തിരിതെളിയിച്ചിരിക്കുകയാണ്.
കേടായതോ അല്ലെങ്കിൽ ആവശ്യമില്ലാത്തതോ ആയ ഭാഗങ്ങളെ കോശങ്ങൾ സ്വന്തമായി നീക്കം ചെയ്യുകയും പുനരുപയോഗിക്കുകയും ചെയ്യുന്ന രീതി ആണ് ഓട്ടോഫാഗി. ഇത് അശാസ്ത്രീയമായ രീതിയാണെന്നും സൊനാലിയെ പോലുള്ളവർ ഇത്തരം തെറാപ്പികളെ പ്രോത്സാഹിപ്പിക്കരുതെന്നും ദി ലിവർ ഡോക്ടർ എന്ന പേരിൽ സോഷ്യൽമീഡിയയിൽ അറിയപ്പെടുന്ന ഡോ. അബി ഫിലിപ്സ് വിമർശിച്ചു.
2018 ലാണ് സൊനാലി ബിന്ദ്രെയ്ക്ക് കാൻസർ സ്ഥിരീകരിക്കുന്നത്. തന്റെ നാച്ചുറോപത് ആണ് ഓട്ടോഫാഗി പരിചയപ്പെടുത്തിയതെന്നും അതെ കുറിച്ച് താൻ കൂടുതൽ പഠിക്കുകയും പിന്തുടരുകയും ചെയ്യുന്നുവെന്ന് സൊനാലി എക്സിൽ കുറിച്ചു. ഇപ്പോഴും അത് തുടരുന്നു. ഓട്ടോഫാഗിയെ കുറിച്ചുള്ള പഠനം പങ്കുവെച്ചു കൊണ്ടായിരുന്നു സൊനാലിയുടെ തുറന്നു പറച്ചിൽ.
‘’2018-ൽ നിങ്ങൾക്ക് മറ്റുഭാഗങ്ങളിലേക്കുകൂടി പടർന്ന നാലാംഘട്ട മെറ്റാസ്റ്റേറ്റിക് എൻഡോമെട്രിയൽ കാൻസർ സ്ഥിരീകരിച്ചിരുന്നു. കീമോതെറാപ്പി, റേഡിയേഷൻ, സർജറി എന്നിങ്ങനെ തീവ്രമായ കാൻസർ ചികിത്സയുടെ ഭാഗമായി നിങ്ങൾ ന്യൂയോർക്കിലേക്ക് മാറി. 2019-ൽ കാൻസർ മുക്തമായെന്ന് പ്രഖ്യാപിക്കുകയും ഇന്ത്യയിലേക്ക് വരികയും ചെയ്തു. ഒരു ആധുനിക ചികിത്സാ ആശുപത്രിയിൽ കീമോതെറാപ്പി, റേഡിയേഷൻ, സർജറി എന്നിവ ചെയ്തതിന്റെ ഭാഗമായാണ് നിങ്ങളുടെ കാൻസർ ഭേദമായതെന്ന് ഞാൻ ആവർത്തിക്കുന്നു. അല്ലാതെ നാച്ചുറോപ്പതി കാരണമല്ല, ഓട്ടോഫാഗി കാരണമല്ല. ശാസ്ത്രീയാടിത്തറയുള്ള മികച്ച ചികിത്സാരീതി തിരഞ്ഞെടുക്കാനുള്ള പ്രിവിലേജ് നിങ്ങൾക്കുണ്ടായിരുന്നു.’’- ഡോ. അബി ഫിലിപ്സ് കുറിച്ചു.
നാച്ചുറോപ്പതി എന്നത് വ്യാജചികിത്സയാണെന്നും ഇത്തരം ചികിത്സയുടെ മറവിലുള്ള വ്യാജ ചികിത്സാരീതികൾ ഗുരുതരമാണെന്നും അദ്ദേഹം പറയുന്നു. ഓട്ടോഫാഗി എന്നത് ശരീരത്തിൽ സ്വാഭാവികമായി നടക്കുന്ന പ്രക്രിയയാണ്. പോഷകങ്ങളുടെ അഭാവത്തിലും കോശങ്ങൾ തകരാറിലാവുമ്പോഴുമൊക്കെ ശരീരത്തിലുണ്ടാകുന്ന കോശങ്ങളുടെ പുനരുപയോഗ സംവിധാനമാണത്.
കോശങ്ങളുടെ ആരോഗ്യത്തിന് ഈ പ്രക്രിയ പ്രധാനമാണെങ്കിലും നാച്ചുറോപ്പതുകൾ ഇതിനെ തെറ്റായി ചിത്രീകരിക്കുകയും കാൻസർ പ്രതിരോധത്തിൽ പ്രധാനമാണെന്ന് യാതൊരു തെളിവുമില്ലാതെ അവതരിപ്പിക്കുകയും ചെയ്യുന്നു. ഇത്തരം പ്രകൃതിചികിത്സാരീതികളും വ്യാജ തത്വങ്ങളും ഉപേക്ഷിച്ച് ശാസ്ത്രീയ അടിത്തറയുള്ള ചികിത്സയെ വിശ്വസിക്കണമെന്നും അദ്ദേഹം വിശദീകരിക്കുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates