

അടുക്കളയിൽ ഏറ്റവും കൂടുതൽ ആശയക്കുഴപ്പം ഉണ്ടാക്കുന്ന ഒരു ചോദ്യമാണ് ബട്ടർ ആണോ നെയ്യ് ആണോ പാചകത്തിന് നല്ലത്? രണ്ടും പാൽ വിഭവങ്ങളാണെങ്കിലും രുചിയിലും പോഷകഗുണത്തിലും കൊഴുപ്പിന്റെ ഘടനയിലും സ്മോക്കിങ് പോയിൻ്റിലും ആരോഗ്യത്തെ ബാധിക്കുന്ന രീതി എന്നിവയിലും വലിയ വ്യത്യാസങ്ങളുണ്ട്. അതുകൊണ്ട് എവിടൊക്കെ ബട്ടർ ഉപയോഗിക്കാം അല്ലെങ്കിൽ നെയ്യ് ഉപയോഗിക്കാമെന്നതിൽ കൃത്യമായ ധാരണ ഉണ്ടാകണം.
പാലിലെ കൊഴുപ്പ് കടഞ്ഞെടുത്ത് ഉണ്ടാക്കുന്നതാണ് ബട്ടർ അഥവാ വെണ്ണ. ഇതിൽ ഏകദേശം 20 ശതമാനത്തോളം വെള്ളവും ഒപ്പം പാൽ ഖരപദാർത്ഥങ്ങളും അടങ്ങിയിട്ടുണ്ട്. എന്നാൽ, ഈ ബട്ടർ ചൂടാക്കി അതിലെ വെള്ളവും പാൽ ഖരപദാർത്ഥങ്ങളും പൂർണ്ണമായും മാറ്റിയെടുക്കുന്നതാണ് നെയ്യ്. അതായത്, നെയ്യ് എന്നത് 100 ശതമാനവും ശുദ്ധമായ കൊഴുപ്പാണ്. നിർമാണ രീതിയിലുള്ള ഈ വ്യത്യാസം തന്നെയാണ് ഇവയുടെ സ്വഭാവവും രുചിയും മാറ്റുന്നത്.
ബട്ടറിൽ ലാക്ടോസും കേസിൻ പ്രോട്ടീനും ചെറിയ അളവിൽ ഉണ്ടാകും എന്നാൽ നെയ്യിൽ ലാക്ടോസും കേസിൻ അളവ് വളരെ കുറവായിരിക്കും.
പാചകം ചെയ്യുമ്പോൾ ഏതാണ് കൂടുതൽ നല്ലതെന്ന ചോദ്യത്തിന് ഉത്തരം ഇവയുടെ സ്മോക്ക് പോയിന്റ് ആണ്. നെയ്യ് വളരെ ഉയർന്ന താപനിലയിൽ മാത്രമേ കരിഞ്ഞുപോകുകയുള്ളൂ. അതിനാൽ വറുക്കാനും പൊരിക്കാനുമൊക്കെ ഏറ്റവും മികച്ചത് നെയ്യ് തന്നെയാണ്.
എന്നാൽ ഉയർന്ന ചൂടിൽ ബട്ടർ പെട്ടെന്ന് കരിഞ്ഞുപോകാൻ സാധ്യതയുണ്ട്. അതിൽ അടങ്ങിയിട്ടുള്ള പാൽ ഖരപദാർത്ഥങ്ങൾ ഉള്ളതുകൊണ്ടാണിത്. കേക്കുകൾ ഉണ്ടാക്കാനും, ബ്രെഡിൽ പുരട്ടി കഴിക്കാനും, കുറഞ്ഞ തീയിൽ പാചകം ചെയ്യാനുമാണ് ബട്ടർ എപ്പോഴും നല്ലത്.
രുചിയുടെ കാര്യത്തിലും ഇവ രണ്ടും രണ്ട് വ്യത്യസ്ത അനുഭവങ്ങളാണ് നൽകുന്നത്. നെയ്യ്ക്ക് വളരെ തനതായ, അല്പം വറുത്തതുപോലെയുള്ള സുഗന്ധവും രുചിയുമാണുള്ളത്. ഇത് ബിരിയാണിക്കും മധുരപലഹാരങ്ങൾക്കുമൊക്കെ ഒരു പ്രത്യേക സ്വാദ് നൽകുന്നു. എന്നാൽ ബട്ടറിന് വളരെ ക്രീമിയായ, മൃദുവായ രുചിയാണുള്ളത്. വിപണിയിൽ ഉപ്പിട്ടതും ഉപ്പില്ലാത്തതുമായ ബട്ടറുകൾ ലഭ്യമാണ്. ഉണ്ടാക്കുന്ന വിഭവത്തിന്റെ സ്വഭാവം അനുസരിച്ചാണ് ഇതിൽ ഏത് വേണമെന്ന് തീരുമാനിക്കേണ്ടത്.
ദീർഘകാലം കേടുകൂടാതെ ഇരിക്കുന്ന കാര്യത്തിൽ മുൻപന്തിയിൽ നിൽക്കുന്നത് നെയ്യ് തന്നെയാണ്. ഇതിൽ ജലാംശം ഒട്ടുമില്ലാത്തതിനാൽ റഫ്രിജറേറ്ററിൽ വെച്ചില്ലെങ്കിലും മാസങ്ങളോളം കേടുകൂടാതെ ഇരിക്കും. സാധാരണ താപനിലയിൽ അടുക്കളയിൽ തന്നെ ഒട്ടും ഈർപ്പമില്ലാത്ത പാത്രങ്ങളിൽ ധൈര്യമായി നെയ്യ് സൂക്ഷിക്കാം. എന്നാൽ ബട്ടർ അങ്ങനെയല്ല. ഇതിൽ ജലാംശം ഉള്ളതുകൊണ്ട് പുറത്തുവെച്ചാൽ പെട്ടെന്ന് കേടാകാൻ സാധ്യതയുണ്ട്. അതിനാൽ ബട്ടർ എപ്പോഴും ഫ്രിജിൽ തന്നെ സൂക്ഷിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം.
പാലിലെ ലാക്ടോസ് പോലെയുള്ള ഘടകങ്ങളോട് അലർജിയുള്ളവർക്ക് ബട്ടറിനേക്കാൾ ഏറ്റവും സുരക്ഷിതം നെയ്യ് ഉപയോഗിക്കുന്നതാണ്. നെയ്യ് തയാറാക്കുന്ന പ്രക്രിയയിൽ പാലിലെ പ്രോട്ടീനുകളും ലാക്ടോസും പൂർണ്ണമായും നീക്കം ചെയ്യപ്പെടുന്നതിനാൽ ദഹനത്തിന് ഇത് വളരെ നല്ലതാണ്. രണ്ടും ഉയർന്ന കലോറിയും കൊഴുപ്പും അടങ്ങിയവയാണെങ്കിലും, ആയുർവേദത്തിൽ ഉൾപ്പെടെ നെയ്യിന് വലിയ പ്രാധാന്യം നൽകുന്നുണ്ട്. മിതമായ അളവിൽ ഉപയോഗിക്കുകയാണെങ്കിൽ ഇവ രണ്ടും ആരോഗ്യത്തിന് ഗുണം ചെയ്യും.
ആരോഗ്യകരമായ കൊഴുപ്പ്, ഊർജ്ജം എന്നിവയ്ക്ക് പുറമെ നെയ്യിൽ വിറ്റാമിൻ എ, ഇ, കെ ചെറിയ അളവിൽ ബ്യൂട്ടിറിക് ആസിഡ് എന്നിവ അടങ്ങിയിട്ടുണ്ട്. ബട്ടറിൽ വിറ്റാമിൻ എ, ഡി, ചെറിയ അളവിൽ കാൽസ്യം അടങ്ങിയിട്ടുണ്ട്.
ആരോഗ്യകരമായ ഭക്ഷണരീതിയുടെ ഭാഗമായി:
ദിവസം 1–2 ടീസ്പൂൺ വരെ നെയ്യോ ബട്ടറോ (ആകെ ചേർക്കുന്ന കൊഴുപ്പിന്റെ ഭാഗമായി) പലർക്കും മതിയാകും.
വ്യക്തിയുടെ പ്രായം, ആരോഗ്യസ്ഥിതി, മറ്റ് കൊഴുപ്പ് ഉറവിടങ്ങൾ എന്നിവ അനുസരിച്ച് ഈ അളവ് മാറാം.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates