

പുരുഷന്മാര്‍ ഗര്‍ഭപരിശോധന കിറ്റ് ഉപയോഗിച്ച് പരിശോധന നടത്തുകയും അത് പോസിറ്റീവ് ആവുകയും ചെയ്യുന്നതിനെ കുറിച്ച് ചിന്തിച്ചിട്ടുണ്ടോ? കേള്‍ക്കുമ്പോള്‍ വിചിത്രമെന്ന് തോന്നാമെങ്കിലും ചില സന്ദര്‍ഭങ്ങളില്‍ അങ്ങനെ സംഭവിക്കാറുണ്ടത്രേ!
ഗർഭകാലത്ത് സ്ത്രീകളില്‍ പ്ലാസന്‍റ ഉത്പാദിപ്പിക്കുന്ന ഹോർമോണായ ഹ്യൂമൻ കോറിയോണിക് ഗോണഡോട്രോപിൻ (എച്ച്സിജി) സ്ഥിരീകരിക്കുന്നതിലൂടെയാണ് സാധാരണ ഗര്‍ഭ പരിശോധനാ കിറ്റുകള്‍ പോസിറ്റീവ് ഫലം കാണിക്കുന്നത്. പുരുഷന്മാര്‍ക്ക് പ്ലസന്‍റ ഇല്ലാത്തതുകൊണ്ട് തന്നെ പരിശോധന ഫലം എപ്പോഴും നെഗറ്റീവ് ആയിരിക്കണം.
എന്നാല്‍ അപൂര്‍വം ചില സന്ദര്‍ഭങ്ങളില്‍ ഗര്‍ഭപരിശോധന കിറ്റ് ഉപയോഗിച്ച് നടത്തുന്ന പരിശോധനയില്‍ പുരുന്മാര്‍ പോസിറ്റീവ് ആണെന്ന് കാണിക്കാറുണ്ട്. അത് പക്ഷെ ഗര്‍ഭമുണ്ടെന്നല്ല അര്‍ഥമാക്കുന്നത്. ഇത് പുരുഷന്മാരിലെ ഉയർന്ന എച്ച്സിജി അളവിനെയാണ് സൂചിപ്പിക്കുന്നത്. ഇത് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളുടെ മുന്നറിയിപ്പാകാമെന്നാണ് പഠനങ്ങള്‍ പറയുന്നത്.
ചിലതരം കാന്‍സറുകള്‍, പ്രത്യേകിച്ച് വൃഷണ കാന്‍സര്‍ ഉളളവരില്‍ എച്ച്സിജി ഉയര്ന്ന അളവില്‍ ഉല്‍പാദിപ്പിക്കും. അനൽസ് ഓഫ് ദി റോയൽ കോളജ് ഓഫ് സർജൻസ് ഓഫ് ഇംഗ്ലണ്ടിൽ പ്രസിദ്ധീകരിച്ച ഒരു പഠനത്തില്‍ മൂത്രത്തിലെ എച്ച്സിജി അളവ് സ്ഥിരീകരിക്കുന്ന പ്രെഗ്നന്‍സി കിറ്റുകള്‍ പുരുഷന്‍മാരില്‍ വൃക്ഷണത്തിലെ കാന്‍സര്‍ നിര്‍ണയിക്കാന്‍ സഹായകമാകുമെന്നാണ്. ചില തരം വൃക്ഷണ കാൻസറുകൾക്ക് എച്ച്സിജി ഉത്പാദിപ്പിക്കാൻ കഴിയും. എച്ച്സിജി ഉത്പാദിപ്പിക്കുന്ന ട്യൂമറുകളുടെ സാന്നിധ്യത്തെ സൂചിപ്പിക്കുന്നതാകാം ഈ പോസിറ്റീവ് ഫലം.
അതേസമയം, കാൻസർ പരിശോധനയ്ക്കായുള്ള രോഗനിർണയ ഉപകരണമല്ല പ്രഗ്നന്‍സി കിറ്റുകള്‍. മാത്രമല്ല. കരൾ, ആമാശയം അല്ലെങ്കിൽ ശ്വാസകോശത്തിലെ മുഴകൾ, ഹോർമോൺ അളവിനെ ബാധിക്കുന്ന മരുന്നുകൾ, പ്രഗ്നന്‍സി കിറ്റിനുണ്ടാകുന്ന പിശകുകള്‍ എന്നിവയും ഉയര്‍ന്ന എച്ച്സിജി അളവ് കാണിക്കാന്‍ കാരണമാകാറുണ്ട്.
എന്നാല്‍ പോസിറ്റീവ് റിസര്‍ട്ടിനൊപ്പം വൃഷണങ്ങളില്‍ മുഴകൾ, വീക്കം, വൃഷണസഞ്ചിയിൽ ഭാരം, അസ്വസ്ഥത, വൃഷണത്തിന്‍റെ വലിപ്പത്തിൽ പെട്ടെന്നുള്ള മാറ്റങ്ങൾ, അടിവയറ്റിലോ പുറകിലോ ഉള്ള വേദന എന്നിങ്ങനെയുള്ള ലക്ഷണങ്ങളുണ്ടാകുകയാണെങ്കില്‍ ഉടൻ തന്നെ വൈദ്യസഹായം തേടുകയും ചെയ്യണം. സെറം എച്ച്സിജി രക്തപരിശോധനയിലൂടെ എച്ച്സിജിയുടെ അളവ് സ്ഥിരീകരിക്കാം. കാന്‍സര്‍ സ്ഥിരീകരിക്കുന്നതിനായി വൃഷണങ്ങളുടെ അൾട്രാസൗണ്ട് അല്ലെങ്കിൽ മറ്റ് ഇമേജിങുകള്‍ നടത്തേണ്ടി വന്നേക്കാം.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates