തൈറോയ്ഡ് ഉള്ളവർക്ക് കാബേജും കോളിഫ്ലവറും കഴിക്കാമോ? ദിവസവും ചെയ്യേണ്ട 5 വ്യായാമങ്ങൾ | World Thyroid Day

ശരീരത്തിന്റെ വ്യത്യസ്ത പ്രവർത്തനങ്ങളെ നിയന്ത്രിക്കുന്ന തൈറോക്സിൻ (T4), ട്രൈയോഡോ തൈറോനിൻ (T3) എന്നീ ഹോർമോണുകളെ ഉൽപാദിപ്പിക്കുന്ന ​ഗ്രന്ഥിയാണ് തൈറോയ്ഡ്.
Cauliflower
Cauliflower, ThyroidPinterest
Updated on
2 min read

തൈറോയ്ഡ് സംബന്ധമായ ആരോ​ഗ്യപ്രശ്നങ്ങൾ രാജ്യത്ത് ഇന്ന് ഒരു പകർച്ചവ്യാധി പോലെ വർധിക്കുകയാണ്. ഇന്ന് ലോക തൈറോയ്ഡ് ദിനം. എല്ലാ വർഷവും മെയ് 25നാണ് തൈറോയ്ഡ് ഗ്രന്ഥിയുടെ ആരോ​ഗ്യത്തിന്റെ പ്രാധാന്യത്തെക്കുറിച്ചും, തൈറോയ്ഡ് സംബന്ധമായ രോഗങ്ങളെക്കുറിച്ചും അവബോധം വളർത്തുന്നതിന് തൈറോയ്ഡ് ദിനം ആചരിക്കുന്നത്.

ശരീരത്തിന്റെ വ്യത്യസ്ത പ്രവർത്തനങ്ങളെ നിയന്ത്രിക്കുന്ന തൈറോക്സിൻ (T4), ട്രൈയോഡോ തൈറോനിൻ (T3) എന്നീ ഹോർമോണുകളെ ഉൽപാദിപ്പിക്കുന്ന ​ഗ്രന്ഥിയാണ് തൈറോയ്ഡ്. കഴുത്തിൽ ചിത്രശലഭ ആകൃതിയിലാണ് തൈറോയ്ഡ് ​ഗ്രന്ഥികൾ ഉണ്ടാവുക. തൈറോയ്ഡ് ഗ്രന്ഥി പ്രവർത്തന രഹിതമാകുമ്പോഴോ (ഹൈപ്പോ തൈറോയ്ഡിസം) അമിതമായി പ്രവര്‍ത്തിക്കുമ്പോഴോ (ഹൈപ്പർ തൈറോയ്ഡിസം) ആണ് ആരോഗ്യത്തെ ബാധിക്കുക.

ഇത് നമ്മുടെ മാനസികാവസ്ഥയെയും ശരീരഭാരത്തെയും ദൈനംദിന ഊർജ്ജത്തെയും ഹൃദയാരോ​ഗ്യത്തെയും ബാധിക്കാം. അതോടൊപ്പം തൈറോയ്ഡ് രോ​ഗങ്ങളെ ചുറ്റിപ്പറ്റി നിരവധി മിഥ്യാധാരണകളുമുണ്ട്. അതിൽ പ്രധാനം, തൈറോയ്ഡ് രോ​ഗികളുടെ ഭക്ഷണരീതികളെ കുറിച്ചാണ്.

തൈറോയ്ഡ് രോഗികൾ കാബേജ് കഴിക്കാൻ പാടില്ല

തൈറോയ്ഡ് രോ​ഗികൾ കാബേജും കോളിഫ്ലവറും കഴിക്കാൻ പാടില്ലെന്ന പ്രചരണം ശക്തമാണ്. ഇതിൽ അടങ്ങിയ ഗോയിട്രോജെൻസ് എന്ന സംയുക്തം അയഡിൻ ആ​ഗിരണം തടസപ്പെടുത്തുമെന്നതാണ് കാരണം. എന്നാൽ ഇവ പച്ചയ്ക്കും വലിയ അളവിൽ കഴിക്കുന്നതാണ് അപകടം.

കാബേജ് അല്ലെങ്കിൽ കോളിഫ്ലവർ നന്നായി വേവിച്ച് മിതമായ അളവിൽ കഴിക്കുന്നത് ആരോ​ഗ്യത്തിന് കുഴപ്പമില്ലെന്ന് ആരോ​ഗ്യ വിദ​ഗ്ധർ ചൂണ്ടിക്കാണിക്കുന്നു. വേവിക്കുമ്പോൾ അതിൽ അടങ്ങിയ ഗോയിട്രോജെൻസ് എന്ന ​ഘടകം ​ഗണ്യമായി കുറയുന്നു. മാത്രമല്ല, തൈറോയ്ഡ് കാൻസർ, മറ്റു ചില കാൻസറുകൾക്കുമെതിരെ ചെറിയ രീതിയിൽ സംരക്ഷണവും നൽകുന്നുമുണ്ട്.

സോയബീൻ കഴിച്ചാൽ തൈറോയ്ഡ് വരും?

സോയ നേരിട്ട് തൈറോയ്ഡ് രോഗമുണ്ടാക്കില്ലെങ്കിലും ശരീരത്തിൽ അയഡിന്റെ അളവ് വളരെ കുറവാണെങ്കിൽ സോയയിലെ ഘടകങ്ങൾ ഹോർമോൺ ഉൽപാദനത്തെ ബാധിച്ചേക്കാം. കൂടാതെ അമിത അളവിൽ സോയ കഴിക്കുന്നത് അതിൽ അടങ്ങിയ ഫൈറ്റേറ്റ് എന്ന സംയുക്തം അയൺ, സിങ്ക്, കാൽസ്യം തുടങ്ങിയ പോഷകങ്ങൾ ശരീരത്തിലേക്ക് ആഗിരണം ചെയ്യുന്നത് കുറയ്ക്കാനും ഇടയാക്കിയേക്കാം.

പതിവായി സോയ കഴിക്കുന്നവരിൽ ഈ പോഷകങ്ങളുടെ അഭാവം സാധാരണമാണെന്നും വിദഗ്ധർ പറയുന്നു. സെൻസിറ്റീവ് വയറുള്ളവർക്ക് സോയ സ്ഥിരമായി കഴിക്കുന്നത് ദഹനം സാവധാനത്തിലാക്കാനും വയറു വീർക്കുന്നതിനോ ഗ്യാസിനോ കാരണമായേക്കാം.

ശരീരത്തിലെ ചീത്ത കൊളസ്ട്രോൾ (എൽഡിഎൽ) കുറയ്ക്കാൻ സോയ സഹായിക്കുമെന്ന് പഠനങ്ങൾ പറയുന്നു. നാരുകൾ ധാരാളമായി അടങ്ങിയിട്ടുള്ളതിനാൽ ഇവ ദഹനത്തെ സഹായിക്കുന്ന പ്രീബയോട്ടിക് ആയും പ്രവർത്തിക്കുന്നു. ചുരുക്കത്തിൽ, സമീകൃതാഹാരത്തിന്റെ ഭാഗമായി മിതമായ അളവിൽ ഉൾപ്പെടുത്തുകയാണെങ്കിൽ സോയ സുരക്ഷിതവും പോഷകപ്രദവുമാണ്.

തൈറോയ്ഡിനെതിരെ പ്രതിരോധം എങ്ങനെ

അയഡിൻ: അയഡിന്‍റെ അഭാവം തൈറോയ്ഡ് ട്രിഗർ ചെയ്യാം. സമുദ്രവിഭവങ്ങൾ, പാൽ ഉൽപ്പന്നങ്ങൾ, മുട്ട തുടങ്ങിയ അയഡിൽ അടങ്ങിയ ഭക്ഷണങ്ങൾ ഡയറ്റിൽ ചേർക്കാം.

തൈറോയ്ഡ് പരിശോധന: രക്തപരിശോധനയിലൂടെ തൈറോയ്ഡ് ഹോര്‍മോണുകളുടെ നില മനസിലാക്കാനാകും. ഇത് അപകടസാധ്യത കുറയ്ക്കാനും രോഗം നേരത്തെ മനസിലാക്കാനും തടയാനും സഹായിക്കും.

ചികിത്സ: മരുന്നുകൾ കൃത്യമായി കഴിക്കുന്നത് രോ​ഗത്തെ നിയന്ത്രിച്ചു നിർത്താൻ സഹായിക്കും. തൈറോക്സീൻ മരുന്നുകൾ കഴിക്കുന്നവർ രാവിലെ വെറും വയറ്റിൽ തന്നെ കഴിക്കാൻ ശ്രദ്ധിക്കുക. ഭക്ഷണം കഴിക്കുന്നതിന് ഏകദേശം ഒരു മണിക്കൂർ മുൻപെങ്കിലും മരുന്ന് കഴിച്ചിരിക്കണം.

ആരോ​ഗ്യകരമായ ജീവിതശൈലി: ആരോ​ഗ്യകരമായ ഒരു ഡയറ്റ് പിന്തുടരുന്നതും പതിവു വ്യായാമവും മാനസികസമ്മർദം നിയന്ത്രിക്കുന്നതും തൈറോയ്ഡ് ​ഗ്രന്ഥികളുടെ ആരോ​ഗ്യം സംരക്ഷിക്കും.

ക്യൂറിയസ് മെഡിക്കൽ ജേണലിൽ പ്രസിദ്ധീകരിച്ച പഠനത്തിൽ മരുന്നുകൾക്ക് പുറമെ ആരോ​ഗ്യകരമായ ജീവിതശൈലിയും തൈറോയ്ഡ് ആരോ​ഗ്യത്തെ നിയന്ത്രിക്കുന്നതിൽ പ്രധാന പങ്കുവഹിക്കുന്നുവെന്ന് ചൂണ്ടിക്കാണിക്കുന്നു. തൈറോയ്ഡ് പ്രശ്നങ്ങളെ ഒരുകൈ അകലത്തിൽ നിർത്താൻ ഈ 5 വ്യായാമങ്ങൾ ചെയ്യുന്നത് ആരോ​ഗ്യകരമാണെന്ന് പഠനം വ്യക്തമാക്കുന്നു.

നടക്കാം

തൈറോയ്ഡിൻ്റെ ആരോഗ്യം മെച്ചപ്പെടുന്നതിന് ഏറ്റവും ലളിതവും ഫലപ്രദവുമായ വ്യായാമമാണ് നടത്തം. ദിവസവും 30 മിനിറ്റ് വേഗത്തിൽ നടക്കുന്നത് മെറ്റബോളിസം വർധിപ്പിക്കാനും രക്തയോട്ടം മെച്ചപ്പെടുത്താനും സഹായിക്കും. ഹൈപ്പോ തൈറോയിഡിസം ഉള്ളവർക്ക് ശരീരഭാരം നിയന്ത്രിക്കാനും നടത്തം നല്ലതാണ്. ഹൈപ്പർ തൈറോയിഡിസം ഉള്ളവരിൽ ഉത്കണ്ഠ കുറയ്ക്കാനും നടത്തം ശീലമാക്കാം.

യോഗ

യോഗ തൈറോയ്ഡിന്റെ ആരോഗ്യത്തിന് ഫലപ്രദമാണെന്ന് വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നു. കഴുത്തിൻ്റെ ഭാഗത്തേക്കുള്ള രക്തയോട്ടം മെച്ചപ്പെടുത്തുന്നതിനും ശാരീരിക ചലനത്തിനും യോഗ പതിവായി ചെയ്യുന്നത് നല്ലതാണ്. തൈറോയ്ഡ് അസന്തുലിതാവസ്ഥയുടെ ഒരു പ്രധാന കാരണമായ സമ്മർദ്ദം കുറയ്ക്കാൻ യോഗ സഹായിക്കുന്നു.

Cauliflower
അസിഡിറ്റി പതിവാണോ? നിങ്ങളുടെ ഭക്ഷണശീലമാകാം വില്ലൻ, ഒഴിവാക്കേണ്ട 6 ഭക്ഷണങ്ങൾ

മസിൽ ട്രെയിനിങ്

തൈറോയ്ഡ് രോഗങ്ങളിൽ പേശി ദൗർബല്യവും സന്ധിവേദനയും സാധാരണയായി കാണപ്പെടാറുണ്ട്. സ്ക്വാറ്റുകൾ, ലഞ്ചുകൾ, ചെറിയ തോതിൽ വെയ്റ്റ് ലിഫ്റ്റിങ് എന്നിവയാണ് ഏറ്റവും ഫലപ്രദമായ വ്യായാമങ്ങൾ.

നീന്തൽ

നീന്തൽ സന്ധികളിലെ സമ്മർദ്ദം കുറയ്ക്കുന്നു. ഇത് ഒരു വ്യക്തിയുടെ പൊതുവായ ഹൃദയാരോഗ്യം, പേശികൾ എന്നിവയെ മെച്ചപ്പെടുത്തുന്നു.

Cauliflower
ആരോ​ഗ്യത്തിന് 'പണി' കിട്ടാത്ത രീതിയിൽ മുറിച്ച സവാള സൂക്ഷിക്കാം, കരച്ചിലും ഒഴിവാക്കാം

സൈക്ലിങ്

ഹൃദയാരോഗ്യത്തിന് സൈക്ലിങ് വളരെ നല്ലതാണ്. ഇത് ശരീരഭാരം നിയന്ത്രിക്കാൻ സഹായിക്കുകയും മാനസികാവസ്ഥ മെച്ചപ്പെടുത്തുകയും ചെയ്യുന്നു. ഹൈപ്പോതൈറോയിഡ് രോഗികൾക്ക് കലോറി എരിയിച്ചുകളയാൻ സൈക്ലിങ് സഹായിക്കും. അതുവഴി അവരുടെ ശരീരഭാരം നിയന്ത്രിക്കാനും സാധിക്കും. ഹൈപ്പർതൈറോയിഡിസമുള്ളവരെ സംബന്ധിച്ച് എനർജി ലെവൽ ബാലൻസ് ചെയ്യുന്നതിന് സൈക്ലിങ് സഹായിക്കും.

Summary

World Thyroid Day: Myths around Thyroid and exercises to practice

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com