

സ്ത്രീകളെ ബാധിക്കുന്ന ഒരു ഹോര്‍മോണല്‍ തകരാറാണ് പിസിഒഎസ് (പോളിസിസ്റ്റിക് ഓവേറിയൻ ഡിസീസ്). മാറിക്കൊണ്ടിരിക്കുന്ന ജീവിതശൈലിയെ തുടര്‍ന്ന് ഇന്ന് പിസിഒഎസ് വളരെ സാധാരണമായിരിക്കുകയാണ്. പ്രത്യുത്പാദന പ്രായത്തിലുള്ള സ്ത്രീകളെയാണ് പിസിഒഎസ് പ്രധാനമായും ബാധിക്കുന്നത്. എന്നാല്‍ ആദ്യാര്‍ത്തവത്തിന് മുന്‍പ് തന്നെ പിസിഒഎസ് ലക്ഷണങ്ങള്‍ പെണ്‍കുട്ടികളില്‍ പ്രകടമാകുന്നത് വര്‍ധിച്ചുവരുന്നതായി ആരോഗ്യവിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നു.
പെണ്‍കുട്ടികളില്‍ ആര്‍ത്തവാരംഭത്തിന്‍റെ ശരാശരി പ്രായം 13 ആണ്. എന്നാല്‍ കഴിഞ്ഞ കുറച്ച് ദശകങ്ങളായി ഈ പ്രായപരിധി കുറഞ്ഞു കൊണ്ടിരിക്കുകയാണ്. ജീവിതശൈലിയിലെ മാറ്റമാണ് അതിനുള്ള ഒരു പ്രധാന ഘടകം. ഇത് പെണ്‍കുട്ടികളില്‍ പിസിഒഎസ് സാധ്യതയും വര്‍ധിപ്പിക്കുന്നുവെന്ന് വിദഗ്ധര്‍ പറയുന്നു.
ആദ്യാര്‍ത്തവം ആരംഭിച്ചിട്ടില്ലാത്ത പെണ്‍കുട്ടികളില്‍ ഈ നാല് ലക്ഷണം പ്രത്യേകം ശ്രദ്ധിക്കണം.
പ്രായപൂർത്തിയാകുന്നതിനു മുമ്പുള്ള മാറ്റങ്ങൾ: ചില പെൺകുട്ടികൾ പ്രതീക്ഷിച്ചതിലും നേരത്തെ പ്രായപൂർത്തിയാകുന്നതിന്‍റെ ലക്ഷണങ്ങൾ പ്രകടിപ്പിക്കും. ഉദാഹരണത്തിന് സ്തനവളർച്ച അല്ലെങ്കിൽ ഗുഹ്യഭാഗത്തെ രോമവളർച്ച. ഈ ലക്ഷണങ്ങൾ അവഗണിക്കരുത്.
അമിതഭാരം: പെട്ടെന്ന് ശരീരഭാരം കൂടുന്നത്, പ്രത്യേകിച്ച് വയറിന് ചുറ്റും. ഇത് ഭാവിയില്‍ പെണ്‍കുട്ടികളില്‍ പിസിഒഎസിനുള്ള ഒരു അപകടഘടകമാകാം. ആരോഗ്യകരമായ ഭക്ഷണക്രമത്തിലൂടെയും വ്യായാമത്തിലൂടെയും ശരീരഭാരം നിയന്ത്രിച്ചു നിര്‍ത്തേണ്ടത് പ്രധാനമാണ്.
ചർമ പ്രശ്നങ്ങൾ: മുഖക്കുരു, എണ്ണമയമുള്ള ചർമം, കഴുത്തിലും കക്ഷങ്ങളിലും കറുത്ത പാടുകൾ (അകാന്തോസിസ് നൈഗ്രിക്കൻസ്) എന്നിവ പെൺകുട്ടികൾക്ക് ഇൻസുലിൻ പ്രതിരോധം ഉണ്ടെന്നതിന്‍റെ ലക്ഷണങ്ങളാണ്. ഇത് പിസിഒഎസ് സാധ്യത കൂട്ടുന്നു.
അമിത രോമവളർച്ച: ആർത്തവത്തിന് മുമ്പ് മുഖത്തോ, നെഞ്ചിലോ അസാധാരണമായ രോമവളർച്ച (ഹിർസുറ്റിസം) ഉണ്ടാകുന്നത് പിസിഒഎസുമായി ബന്ധപ്പെട്ട ഹോർമോൺ അസന്തുലിതാവസ്ഥ മൂലമാകാം.
ജനിതകവും ഒരു പ്രധാനഘടകമാണ്. അമ്മയ്ക്കോ മൂത്ത സഹോദരിക്കോ പിസിഒഎസ് ഉണ്ടെങ്കില്‍ ഇളയ പെണ്‍കുട്ടിക്കും പിസിഒഎസ് ഉണ്ടാകാനുള്ള സാധ്യത വളരെ കൂടുതലാണ്. പെണ്‍കുട്ടിയില്‍ പിസിഒഎസ് അപകടസാധ്യത കുറയ്ക്കുന്നതിന് ഹോര്‍മോണ്‍ ആരോഗ്യം കൃത്യമായി നിരീക്ഷിക്കേണ്ടതുണ്ട്.
ആരോഗ്യകരമായ ജീവിതശൈലി, പോഷകസമൃദ്ധമായ ഭക്ഷണക്രമം, പതിവ് വ്യായാമം, ശരീരഭാരം നിയന്ത്രിക്കല്‍, സമ്മര്‍ദം തുടങ്ങിയ കാര്യങ്ങളില്‍ ശ്രദ്ധിക്കുന്നതിലൂടെ പെണ്‍കുട്ടികളില്‍ ആദ്യകാല പിസിഒഎസ് ലക്ഷണങ്ങളില്‍ നിയന്ത്രിച്ചു നിര്‍ത്താന്‍ സാധിക്കും. പെണ്‍കുട്ടികളില്‍ ഈ ലക്ഷണങ്ങള്‍ കണ്ടെത്തിയാല്‍ തുടക്കം മുതല്‍ ശ്രദ്ധിക്കുന്നത് ഭാവിയില്‍ ആരോഗ്യ പ്രശ്നങ്ങള്‍ ഒഴിവാക്കാന്‍ സഹായിക്കും.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates