

പൂച്ചകളെ വളര്‍ത്തുന്നത് വരും കാലങ്ങളില്‍ പൊതുജനാരോഗ്യത്തിന് വെല്ലിവിളിയാകാമെന്ന് പഠനം. ആഗോളതലത്തില്‍ ദശലക്ഷക്കണക്കിന് പക്ഷികളെ ബാധിച്ച എച്ച്5എന്‍1വൈറസുകളുടെ വാഹകരായി പൂച്ചകള്‍ മാറാമെന്ന് പിറ്റ്സ്ബെര്‍ഗ് സര്‍വകലാശാല ഗവേഷകരുടെ പഠനത്തില്‍ ചൂണ്ടിക്കാണിക്കുന്നു.
2008-ല്‍ പൊട്ടിപ്പുറപ്പെട്ട എച്ച്1എന്‍1 പക്ഷിപ്പനിയുടെ പ്രധാന വാഹകരായ പന്നികള്‍ക്ക് സമാനമായി തരത്തില്‍ പൂച്ചകളുടെ കോശങ്ങളും വൈറസുകളെ സ്വീകരിക്കാനും മ്യൂട്ടേഷന് അനുവദിക്കുകയും ചെയ്യുന്നതായി ടെയ്‌ലർ ആൻഡ് ഫ്രാൻസിസ് ജേണലിൽ പ്രസിദ്ധീകരിച്ച പഠനത്തില്‍ വ്യക്തമാക്കുന്നു. പൂച്ചകളുമായി മനുഷ്യര്‍ കൂടുതല്‍ ഇടപെടുന്നതിനാല്‍ പൂച്ചകളിൽ ഒന്നോ രണ്ടോ തവണ മ്യൂട്ടേഷൻ സംഭവിച്ച വൈറസ് മനുഷ്യരിലേക്ക് എത്താനുള്ള സാധ്യത വളരെ വലുതാണെന്നും പഠനത്തിൽ ചൂണ്ടിക്കാണിക്കുന്നു.
പൂച്ചകളുടെ കോശങ്ങള്‍ വൈറസുകളെ കൂടിച്ചേരാനും പരിവർത്തനം ചെയ്യാനും അനുവദിക്കുന്നു, ഇത് മനുഷ്യരിൽ പകർച്ചവ്യാധികൾക്ക് കാരണമാകുന്ന പുതിയ ഇനങ്ങള്‍ സൃഷ്ടിക്കുന്നു. പൂച്ചകളില്‍ എച്ച്5എന്‍1 വൈറസിന്റെ തുടര്‍ച്ചയായ എക്‌സ്‌പോഷന്‍, വൈറല്‍ രക്തചംക്രമണം, മ്യൂട്ടേഷന്‍ എന്നിവ പകര്‍ച്ചവ്യാധിക്കും പൊതുജനാരോഗ്യത്തിനും കാര്യമായ ആശങ്കകള്‍ ഉയര്‍ത്തുമെന്നും ഗവേഷകര്‍ പറയുന്നു.
എച്ച്5എന്‍1 ബാധിച്ച് ചത്ത പൂച്ചയുടെ തലച്ചോറ്, ശ്വാസകോശം, ആമാശയം എന്നിവയില്‍ നിന്നെടുത്ത സാമ്പിളുകളില്‍ പന്നികള്‍ക്ക് സമാനമായി അവയുടെ കോശങ്ങളെ സസ്തനികളില്‍ നിന്നും പക്ഷികളിലും നിന്നുമുള്ള ഇന്‍ഫ്ലുവന്‍സ വേഗത്തില്‍ ബാധിക്കാന്‍ സാധ്യതയുള്ളതായി കണ്ടെത്തി. രോഗം ബാധിച്ച പൂച്ചകളില്‍ മ്യൂട്ടേഷന്‍ സംഭവിച്ച വൈറസ് ശ്വസന, ദഹനനാളങ്ങളിലൂടെ പുറന്തള്ളപ്പെടാനും മനുഷ്യരിലേക്ക് വേഗം പകരാനുമുള്ള സാധ്യതയുണ്ടെന്ന് പഠനം മുന്നറിയിപ്പ് നല്‍കുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates