

മാരകമായ വൈറൽ ഹെമറേജിക് ഫീവറിന് കാരണമാകുന്ന മാർബർഗ് വൈറസ് മുന്നറിയിപ്പുമായി യുഎസ് സെന്റേഴ്സ് ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ. ഗിനിയ, താൻസാനിയ തുടങ്ങിയ രാജ്യങ്ങളിലേക്ക് യാത്ര ചെയ്യുന്നവർ മാർബർഗ് വൈറസ് പിടിപെടാതിരിക്കാനുള്ള മുൻകരുതലുകൾ സ്വീകരിക്കണമെന്നാണ് മുന്നറിയിപ്പിൽ പറയുന്നത്.
പനിയും തലവേദനയും, അതിസാരം മുതൽ വിഷാദം വരെ, ലക്ഷണങ്ങൾ
എബോള വൈറസിന്റെ കുടുംബമായ ഫിലോവിറിഡേ ഫാമിലിയിൽപ്പെട്ടതാണ് മാർബർഗ് വൈറസും. എബോളയ്ക്ക് സമാനമായ രോഗലക്ഷണങ്ങളാണ് ഇതുണ്ടാക്കുന്നത്. വൈറസ് ശരീരത്തിനുള്ളിലെത്തിയാൽ രണ്ട് ദിവസം മുതൽ 21 ദിവസങ്ങൾക്കകം രോഗി ലക്ഷണങ്ങൾ പ്രകടിപ്പിച്ച് തുടങ്ങും. ശക്തമായ പനിയും കടുത്ത തലവേദനയും അസ്വസ്ഥത, പേശീ വേദന എന്നിവയുമാണ് ആദ്യ ലക്ഷണങ്ങൾ. മൂന്നാം ദിവസം അതിസാരം, വയർവേദന, ഛർദ്ദി, മനംമറിച്ചിൽ എന്നീ ലക്ഷണങ്ങൾ കാണും. അതിസാരം ഒരാഴ്ച വരെ നീണ്ടുനിൽക്കാം.
രോഗിയുടെ കണ്ണുകൾ കുഴിഞ്ഞ് വികാരരഹിതമായ മുഖം പോലെ തോന്നുന്നതും മാർബർഗ് വൈറസ് ശരീരത്തിൽ പ്രവേശിച്ചതിന്റെ ലക്ഷണമാണ്. വൈറസ് ബാധിച്ച് അഞ്ചാം നാൾ മുതൽ ഏഴാം ദിവസത്തിനുള്ളിൽ ഛർദ്ദിലിലും മലത്തിലും രക്തം പ്രത്യക്ഷപ്പെട്ടേക്കാം. മൂക്ക്, മോണ, യോനി എന്നിവിടങ്ങളിൽ നിന്ന് രക്തസ്രാവവും ഉണ്ടാകാം. ചൊറിച്ചിൽ ഇല്ലാതെ തൊലിപ്പുറത്ത് വരുന്ന തിണർപ്പും മാർബർഗ് വൈറസ് ലക്ഷണമാണ്. ആശയക്കുഴപ്പം, ദേഷ്യം, വിഷാദം തുടങ്ങിയ പ്രശ്നങ്ങളും രോഗികളിൽ കാണാം.
വവ്വാലിൽ നിന്ന് മനുഷ്യരിലേക്ക്
ഫെബ്രുവരിയിലാണ് മാർബർഗ് വൈറസ് സാന്നിധ്യം ഗിനിയയിലെ ആരോഗ്യ മന്ത്രാലയം സ്ഥിരീകരിച്ചത്. മാർച്ചിൽ ഇവിടെ ഒൻപതോളം ആളുകൾക്ക് വൈറസ് ബാധ പിടിപെട്ടു. രോഗം പിടിപെട്ടാൽ 50 ശതമാനമാണ് മരണ നിരക്ക്. ഇതിനുമുൻപുണ്ടായ അണുബാധ പടർച്ചകളിൽ മരണ നിരക്ക് 88 ശതമാനം വരെ ഉയർന്നിട്ടുണ്ട്
പഴ വവ്വാലുകളായ ടെറോപോഡിഡേ കുടുംബത്തിൽപ്പെട്ട റോസെറ്റസ് ഏഗിപ്റ്റിയാകസ് ആണ് മാർബർഗ് വൈറസിന്റെ വാഹകർ. വവ്വാലുകളിൽ നിന്നാണ് വൈറസ് മനുഷ്യരിലേക്ക് പടരുന്നതെന്നാണ് കരുതുന്നത്. ശരീരസ്രവങ്ങളിൽ വഴി മനുഷ്യരിൽ നിന്ന് മനുഷ്യരിലേക്ക് വൈറസ് പടരുന്നു. രോഗി ഉപയോഗിച്ച കിടക്ക, വസ്ത്രങ്ങൾ തുടങ്ങിയ പ്രതലങ്ങൾ വഴി വൈറസ് പകരാമെന്ന് ലോകാരോഗ്യ സംഘടന പറയുന്നു.
വൈറസിനെ പ്രതിരോധിക്കാൻ വാക്സിനൊന്നും നിലവിൽ കണ്ടെത്തിയിട്ടില്ലെന്നത് വെല്ലുവിളിയാണ്. വൈറസ് ബാധ സ്ഥിരീകരിച്ചവരുടെ ലക്ഷണങ്ങൾ ചികിത്സിക്കാനും വായിലൂടെയും ഞരമ്പുകളിലൂടെയും ദ്രാവകങ്ങൾ കയറ്റി ശരീരത്തിലെ ജലാംശം നിലനിർത്താനുമാണ് ഡോക്ടർമാർ പ്രധാനമായും ശ്രമിക്കുക.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates