

ശരീരവേദന, ക്ഷീണം, പേശിവേദന തുടങ്ങി ഛര്‍ദി, അസ്വസ്ഥത എന്നിങ്ങനെ ഒരുപാട് കാരണങ്ങള്‍ക്കൊണ്ട് ആര്‍ത്തവം പലരും നിരാശയോടെ നോക്കിക്കാണുന്ന ദിനങ്ങളാകാറുണ്ട്. ശാരീരിക ബുദ്ധിമുട്ടുകള്‍ക്കെല്ലാം പുറമേ മാനസികമായും തകര്‍ന്നിരിക്കുന്ന ദിവസങ്ങളായിരിക്കും ഇവ. അതുകൊണ്ടുതന്നെ ഈ ദിവസങ്ങളില്‍ ശരീരത്തിന് കൂടുതല്‍ ശ്രദ്ധ നല്‍കുകയും വേണ്ട പരിചരണം ഉറപ്പാക്കുകയും വേണം. ആര്‍ത്തവ ദിവസങ്ങളില്‍ കഴിക്കേണ്ട പ്രത്യേക ഭക്ഷണക്രമം എന്നൊന്ന് ഇല്ലെങ്കിലും ഈ ദിവസങ്ങളില്‍ ചില ഭക്ഷണങ്ങള്‍ ഒഴിവാക്കുന്നത് നന്നായിരിക്കും.
ആര്‍ത്തവ രക്തം പുറന്തള്ളാനായി ഗര്‍ഭാശയ, ഉദര പേശികള്‍ ചുരുങ്ങുമ്പോഴാണ് ആര്‍ത്തവ ദിനങ്ങള്‍ ബുദ്ധിമുട്ടേറിയതാകുന്നത്. പ്രോസ്റ്റാഗ്ലാന്‍ഡിന്‍സ് എന്ന രാസവസ്തു പേശികള്‍ വരിഞ്ഞുമുറുകാന്‍ കാരണമാകും. ചില ഭക്ഷണങ്ങളും പാനീയങ്ങളും ഈ രാസവസ്തുവിന്റെ ഉത്പാദനത്തെ ഉത്തേജിപ്പിക്കാ്‌റുണ്ട്, അത്തരം വിഭവങ്ങള്‍ ആര്‍ത്തവദിനങ്ങളില്‍ ഒഴിവാക്കുന്നതാണ് നല്ലത്.
ഒഴിവാക്കേണ്ടവ
തണുത്തത് വേണ്ട - തണുത്ത ഭക്ഷണവും തണുത്ത വെള്ളവുമൊക്കെ ആര്‍ത്തവദിനങ്ങളില്‍ ഒഴിവാക്കണം. അണ്ഡാശയത്തിലെയും യോനി ഭിത്തികളിലെയും പേശികള്‍ക്ക് ആര്‍ത്തവ സമയത്തുണ്ടാകുന്ന പിരിമുറുക്കം അസ്വസ്ഥതയുണ്ടാക്കും. തണുത്ത പാനീയങ്ങള്‍ ഒഴിവാക്കി ചെറുചൂടുള്ള വെള്ളം കുടിക്കുന്നത് സുഗമമായ രക്തപ്രവാഹത്തെ പ്രോത്സാഹിപ്പിക്കും.
നോ വറപൊരി - ആര്‍ത്തവ വേദനയെ മറക്കാന്‍ പലരും ഇഷ്ടമുള്ള ഭക്ഷണം കഴിക്കാന്‍ ശ്രമിക്കാറുണ്ട്. ഇക്കൂട്ടത്തില്‍ പലപ്പോഴും എണ്ണയില്‍ വറുത്തതും പൊരിച്ചതുമായവ ഇടം പിടിക്കും. പക്ഷെ, ചിപ്‌സ്, കപ്പവറുത്തത്, ചക്കവറുത്തത് പോലുള്ളവയും ചെറുകടികളുമൊക്കെ ഈ ദിവസങ്ങളില്‍ ഒഴിവാക്കുന്നതാണ് നല്ലത്. അതിനുപകരം മുഴുവന്‍ ധാന്യങ്ങളും സംസ്‌കരിക്കാത്ത ഭക്ഷണവും കഴിക്കാം.
ഒരു പൊടിക്ക് ഉപ്പ് - അമിതമായ ഉപ്പിന്റെ ഉപയോഗം ആര്‍ത്തവ ദിവസങ്ങളില്‍ ബുദ്ധിമുട്ടുകളുണ്ടാക്കും. അതുകൊണ്ട് ഉപ്പ് കൂടുതലുള്ള പലഹാരങ്ങളും ആഹാരപദാര്‍ത്ഥങ്ങളും ഒഴിവാക്കുന്നത് നല്ലതാണ്. സോള്‍ട്ട് ബിസ്‌ക്കറ്റുകളും കാന്‍ഡ് സൂപ്പ്, നൂഡില്‍സ് എന്നിവയുമൊക്കെ മാറ്റിനിര്‍ത്താം.
കഫീന് ബ്രേക്ക് - രാവിലെ ഒരു ചായയോ കാപ്പിയോ ഒക്കെ കുടിക്കുന്നത് ഊര്‍ജ്ജം നല്‍കുമെങ്കിലും അമിതമായ കഫീന്‍ ഉപഭോഗം ആര്‍ത്തവ സംബന്ധമായ ബുദ്ധിമുട്ടുകള്‍ കൂടാന്‍ ഇടയാക്കും. കഫീന്‍ നാഡീവ്യവസ്ഥയെ ഉത്തേജിപ്പിച്ച് ഉത്കണ്ഠ, അസ്വസ്ഥത തുടങ്ങിയ പ്രശ്‌നങ്ങള്‍ കൂട്ടും. ഇത് നിങ്ങളുടെ ഉറക്കത്തെയും തടസ്സപ്പെടുത്തും. അതുകൊണ്ട് ആര്‍ത്തവ ദിനങ്ങളിലെങ്കിലും ഹെര്‍ബല്‍ പാനീയങ്ങളെ ആശ്രയിക്കുന്നതാണ് നല്ലത്.
മധുരം സൂക്ഷിക്കണം - മധുരം കഴിക്കണമെന്ന് ആഗ്രഹിക്കുമ്പോഴൊക്കെ നമ്മള്‍ കേക്ക്, ജിലേബി, മിഠായി തുടങ്ങിയ അമിത മധുരമുള്ളവയെ ആശ്രയിക്കുന്ന പതിവുണ്ട്. പക്ഷെ, അമിതമായ പഞ്ചസാര ഉപയോഗം രക്തത്തിലെ പഞ്ചസാരയുടെ അളവില്‍ വ്യതിയാനമുണ്ടാക്കുകയും ഊര്‍ജ്ജനഷ്ടം, മൂഡ്‌സ്വിങ്‌സ് പോലുള്ള ബുദ്ധിമുട്ടുകള്‍ സൃഷ്ടിക്കുകയും ചെയ്യും. അതിനുപകരം പഴങ്ങള്‍, ഡാര്‍ക്ക് ചോക്ലേറ്റ് പോലുള്ളവയും തേന്‍, ഈന്തപ്പഴം, മേപ്പിള്‍ സിറപ്പ് പോലുള്ളവ തെരഞ്ഞെടുക്കാം.
കൊഴുപ്പ് കുറയ്ക്കാം - അമിതമായി കൊഴുപ്പടങ്ങിയ ഭക്ഷണം ഈ ദിവസങ്ങളില്‍ ഒഴിവാക്കുന്നതാണ് നല്ലത്. റെഡ് മീറ്റ് ഒഴിവാക്കി ചിക്കന്‍, മീന്‍ എന്നിവ തെരഞ്ഞെടുക്കാം. ആരോഗ്യകരമായ കൊഴുപ്പടങ്ങിയ ഭക്ഷണം കഴിക്കുന്നതാണ് നല്ലത്.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates