

കാപ്പിയുടെ ആരോഗ്യഗുണങ്ങളെ കുറിച്ച് നിരവധി പഠനങ്ങൾ ഉണ്ടായിട്ടുണ്ട്. ഇപ്പോഴിതാ, സ്തനാർബുദം മൂലമുണ്ടാകുന്ന മരണത്തെ പ്രതിരോധിക്കുന്നതിൽ കാപ്പിയുടെ പങ്ക് വ്യക്തമാക്കുകയാണ് പുതിയ പഠനം. കാപ്പിയിടെ പോളിഫിനോൾ എന്ന ഘടകം സ്തനാർബുദമരണങ്ങൾക്കുള്ള സാധ്യതയും വീണ്ടും സ്തനാർബുദം വരാനുള്ള സാധ്യതയും കുറയ്ക്കുമെന്ന് ബ്രിട്ടീഷ് ജേർണൽ ഓഫ് ന്യൂട്രീഷനിൽ പ്രസിദ്ധീകരിച്ച പഠനത്തിൽ ചൂണ്ടിക്കാണിക്കുന്നു.
സ്തനാർബുദം സ്ഥിരീകരിച്ച 95 സ്ത്രീകളുടെ ആരോഗ്യവിവരങ്ങളാണ് പഠനത്തിന് വിധേയമാക്കിയത്. 15 വർഷം നീണ്ട പഠനത്തിൽ കാപ്പികുടിക്കുന്നതിലൂടെ പോളിഫിനോൾ ശരീരത്തിലെത്തുന്നതും വിലയിരുത്തി. തുടർന്നാണ് പോളിഫിനോൾ സ്തനാർബുദമരണ സാധ്യതയും വീണ്ടും രോഗംവരാനുള്ള സാധ്യതയും കുറയ്ക്കുന്നുവെന്ന് ഗവേഷകർ കണ്ടെത്തിയത്.
ഓക്സിഡേറ്റീവ് സ്ട്രെസ്, വിട്ടുമാറാത്ത വീക്കം, ഇൻസുലിൻ സംവേദനക്ഷമത, പ്രതിരോധ സംവിധാനത്തിലെ സിഗ്നലിങ്, കോശങ്ങൾ തമ്മിലുള്ള ആശയവിനിമയം എന്നിവയുൾപ്പെടെ കാൻസർ അതിജീവനവുമായി ബന്ധപ്പെട്ട നിരവധി പ്രക്രിയകളെ പോളിഫിനോളുകൾ സ്വാധീനിക്കുന്നുണ്ടെന്നും ഇതുവഴി സ്തനാർബുദമരണ സാധ്യത കുറയ്ക്കുമെന്നുമാണ് ഗവേഷകർ പറയുന്നത്. അതേസമയം പോളിഫിനോളുകളുടെ ഉപഭോഗം വർധിപ്പിക്കുന്നതിലൂടെ രോഗം വീണ്ടും വരുന്നത് തടയുമെന്നോ ആയുസ്സ് നീട്ടിക്കിട്ടാൻ സഹായിക്കുമെന്നോ ഉറപ്പിച്ചു പറയാനാവില്ലെന്ന മറുവാദവും ഇതിനൊപ്പം ഉയരുന്നുണ്ട്.
മിതമായ അളവിൽ കാപ്പി കുടിക്കുന്ന, ആരോഗ്യമുള്ള മുതിർന്നവരിൽ കൊറോണറി ഹൃദ്രോഗം, പക്ഷാഘാതം, ഹൃദയസ്തംഭനം, ഏട്രിയൽ ഫൈബ്രിലേഷൻ, രക്താതിസമ്മർദം, ടൈപ്പ്-2 പ്രമേഹം എന്നിവയ്ക്കുള്ള സാധ്യത താരതമ്യേന കുറവാണെന്ന് അമേരിക്കൻ ഹാർട്ട് അസോസിയേഷൻ (എഎച്ച്‌എ) വ്യക്തമാക്കിയിട്ടുണ്ട്. ഏകദേശം 400 മില്ലിഗ്രാംവരെ കഫീൻ ദിവസവും കഴിക്കുന്നത് ഹൃദ്രോഗസാധ്യത വർധിപ്പിക്കില്ലെന്നാണ് വിവിധ പഠനങ്ങളുടെ അവലോകനത്തിൽ കണ്ടെത്തിയത്.