

സൂപ്പർമാർക്കറ്റുകളിൽ പോകുമ്പോൾ പഞ്ചസാര കുറവാണോയെന്ന് ലേബർ വളരെ സൂഷ്മമായി പരിശോധിച്ച ശേഷം ഉൽപന്നങ്ങൾ വാങ്ങുന്നവരുടെ എണ്ണം കൂടി. മേപ്പിൾ സിറപ്പ്, തേൻ പോലുള്ള പ്രകൃതിദത്ത മധുരങ്ങൾ മികച്ച ഓപ്ഷനാണെന്ന് നമ്മൾ വിശ്വസിക്കുന്നു. എന്നാൽ മധുരത്തെ കുറിച്ചുള്ള നമ്മുടെ ധാരണ വിചാരിക്കുന്നതിലും സങ്കീർണമാണെന്നാണ് മെറ്റബോളിക് സർജൻ ഡോ. അഭിഷേക് കടക്വാർ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച വിഡിയോയിൽ വിശദീകരിക്കുന്നത്. മധുരം തിരഞ്ഞെടുക്കുമ്പോൾ ഗ്ലൈസെമിക് സൂചിക മാത്രമല്ല, ഇൻസുലിൻ സൂചികയും പരിശോധിക്കണമെന്ന് അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു.
മേപ്പിൾ സിറപ്പ്, തേൻ പോലുള്ളവയിൽ പോഷകങ്ങൾ അടങ്ങിയിട്ടുള്ളതാണ്. 'പ്രകൃതിദത്തം' എന്നതിന്റെ അർഥം അവ എപ്പോഴും മെറ്റബോളിക് ആരോഗ്യത്തിന് അനുയോജ്യമെന്നല്ല. മേപ്പിൾ സിറപ്പ് നിരുപദ്രവകരമെന്ന് തോന്നിയാലും അവ സാധാരണ പഞ്ചസാരയെക്കാൾ ശരീരത്തിലെ ഇൻസുലിൻ അളവു വർധിപ്പിക്കും. ഭക്ഷണം ആരോഗ്യകരമാണെങ്കിലും ശരീരം അതിനോട് പ്രതികരിക്കുന്നുവെന്നും പ്രധാനമാണ്.
കാർബോഹൈഡ്രേറ്റുകൾ അടങ്ങിയ ഭക്ഷണങ്ങൾ രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് എങ്ങനെ വർധിപ്പിക്കുന്നുവെന്ന് ഗ്ലൈസെമിക് സൂചിക സൂചിപ്പിക്കുന്നു. വൈറ്റ് ബ്രെഡ്, പഞ്ചസാര അടങ്ങിയ ഭക്ഷണങ്ങൾ പോലുള്ള ഉയർന്ന GI ഉള്ള ഭക്ഷണങ്ങൾ രക്തത്തിലെ പഞ്ചസാരയുടെ അളവിൽ പെട്ടെന്നുള്ള ഏറ്റക്കുറടച്ചിലുകൾക്ക് കാരണമാകുമെന്ന് അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു. ഇത് ഊർജ്ജ നിലയിൽ ഉയർച്ചതാഴ്ചകൾ സംഭവിക്കാനും അമിത വിശപ്പ് ഉണ്ടാകാനും കാരണമാകുന്നു.
എന്നാൽ വ്യത്യസ്ത ഭക്ഷണങ്ങൾ രക്തത്തിലെ ഇൻസുലിൻ അളവിനെ എങ്ങനെ ബാധിക്കുന്നുവെന്ന് വിലയിരുത്തുന്നതാണ് ഇൻസുലിൻ സൂചിക. ചില ഭക്ഷണങ്ങൾക്ക് ഉയർന്ന ഗ്ലൈസെമിക് സൂചിക ഉണ്ടാകാം, എന്നാൽ ഇൻസുലിൻ വർധനവിന് കാരണമാകണമെന്നില്ല. ചില ഉയർന്ന പ്രോട്ടീൻ ഭക്ഷണങ്ങൾക്ക് ഗ്ലൈസെമിക് സൂചിക കുറവായിരിക്കാം, എന്നാൽ വലിയ തോതിലുള്ള ഇൻസുലിൻ പ്രതികരണത്തിന് കാരണമായേക്കാം. മെറ്റബോളിക് ആരോഗ്യം മെച്ചപ്പെടുത്തുന്നതിന് ഈ വ്യത്യാസം മനസിലാക്കേണ്ടത് പ്രധാനമാണെന്നും അദ്ദേഹം പറയുന്നു.
ദീർഘകാല ആരോഗ്യത്തിന് ശരീരത്തിലെ ഇൻസുലിൻ പ്രതികരണം പരിശോധിക്കേണ്ടത് പ്രധാനമാണ്. ഇൻസുലിൻ അളവ് വർധിപ്പിക്കുന്ന ഭക്ഷണങ്ങൾ പതിവായി കഴിക്കുകയാണെങ്കിൽ കാലക്രമേണ ഇൻസുലിൻ പ്രതിരോധം, ശരീരഭാരം, പ്രമേഹം പോലുള്ള ആരോഗ്യപ്രശ്നങ്ങൾക്കുള്ള സാധ്യത വർധിക്കാനിടയാക്കും. അഗേവ് സിറപ്പ് അല്ലെങ്കിൽ അഗേവ് നെക്ടർ (AGAVE NECTOR) ഗ്ലൈസെമിക് സൂചിക കുറവുള്ള മധുരമായിട്ടാണ് പരസ്യത്തിൽ പ്രത്യക്ഷപ്പെടുന്നത്. എന്നാൽ അതിൽ ഫ്രക്ടോസ് കോൺ സിറപ്പിന് സമാനമായി ധാരാളം ഫ്രക്ടോസ് അടങ്ങിയിട്ടുണ്ട്. സാധാരണ പഞ്ചസാര പോലെ അഗേവ് നിങ്ങളുടെ രക്തത്തിലെ പഞ്ചസാരയുടെ അളവു വർധിപ്പിക്കില്ലെങ്കിലും ഇൻസുലിൻ അളവു ഗണ്യമായി കൂടാൻ കാരണമാകും. ഇത് ശരീരത്തിൽ കൊഴുപ്പ് അടിയാനും ശരീരഭാരം കൂടാനും കാരണമാകുന്നു.
ലേബലുകൾ വായിക്കുക: ഓരോ ഉൽപ്പന്നവും വാങ്ങുമ്പോൾ ലേബൽ കൃത്യമായി വായിക്കുക. മറഞ്ഞിരിക്കുന്ന പഞ്ചസാരയും അഡിറ്റീവുകളും പരിശോധിക്കുക.
ഇതരമാർഗങ്ങൾ പരീക്ഷിക്കാം: മേപ്പിൾ സിറപ്പും അഗേവ് സിറപ്പും ഫലപ്രദമാകാതെ വരുന്ന സാഹചര്യത്തിൽ സ്റ്റീവിയ അല്ലെങ്കിൽ മോങ്ക് ഫ്രൂട്ട് പോലുള്ള സീറോ കലോറി സ്വീറ്റ്നേഴ്സ് പരീക്ഷിക്കാം. രക്തത്തിലെ പഞ്ചസാരയിലും ഇൻസുലിനിലും ഇവ വലിയ മാറ്റമുണ്ടാക്കില്ല. മധുരം കഴിക്കാൻ ആഗ്രഹിക്കുന്നവർക്ക് മിതമായ രീതിയിൽ ഇവ കഴിക്കാവുന്നതാണ്.
ഭാഗ നിയന്ത്രണം: ഏത് തരം മധുരമാണെങ്കിലും അമിതമായി കഴിക്കുന്നത് കലോറി വർധിപ്പിക്കാനും ശരീരഭാരം കൂടാനും കാരണമാകും. മിതമായ അളവിൽ അവ ഉപയോഗിക്കേണ്ടത് പ്രധാനമാണ്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates