

ശൈത്യകാലം ആരോഗ്യത്തിന് പൊതുവെ അത്ര നല്ല കാലമല്ല, പ്രത്യേകിച്ച് ഹൃദയത്തിന്. തണുപ്പുകൂടുമ്പോൾ ശരീരത്തിൽ രക്തയോട്ടത്തിലെ വ്യത്യസങ്ങൾ മുതൽ ജീവിതശൈലി മാറ്റങ്ങൾ വരെ കൂടിച്ചേരുമ്പോൾ ശൈത്യകാലത്ത് ഹൃദയാഘാത സാധ്യത വർധിപ്പിക്കുമെന്ന് വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നു. ശൈത്യകാലത്ത് ഹൃദയാഘാത സാധ്യത വർധിക്കുന്നതിന് പ്രധാനമായും ആറ് കാരണങ്ങളാണുള്ളതെന്ന് കാർഡിയോളജിസ്റ്റ് ആയ ഡോ. നവീൻ അഗർവാൾ ചൂണ്ടിക്കാണിക്കുന്നു.
ശൈത്യകാലത്ത് ഹൃദയാഘാത സാധ്യത വർധിക്കുമോ?
തണുപ്പ് കൂടുന്നതനുസരിച്ച് രക്തസമ്മർദത്തിലെ മാറ്റങ്ങൾ, രക്തം കട്ടപിടിക്കൽ, രക്തക്കുഴലുകളുടെ കനം എന്നിവയുൾപ്പെടെയുള്ള ശരീരത്തിലെ പല സംവിധാനങ്ങളും വ്യത്യാസമുണ്ടാകാം. ഇവയെല്ലാം ഹൃദയാഘാത സാധ്യത വർധിപ്പിക്കുന്ന ഘടകങ്ങളാണ്.
രക്തക്കുഴലുകൾ ചുരുങ്ങുന്നു
തണുപ്പുമായി പൊരുത്തപ്പെടുന്നതിന് ശൈത്യകാലത്ത് ഹൃദയത്തിലെ രക്തക്കുഴലുകൾ ചുരുങ്ങുന്നു. ഇത് സ്വഭാവികമായും രക്തസമ്മർദം വർധിക്കുന്നതിലേക്ക് നയിക്കുന്നു. ഇത് ഹൃദയത്തിന് അധിക സമ്മർദമുണ്ടാക്കുകയും കൂടുതൽ രക്തം പമ്പ് ചെയ്യേണ്ടതായി വരികയും ചെയ്യുന്നു. ഇത് ഹൃദയാഘാത സാധ്യത വർധിപ്പിക്കുന്നതാണ്.
കട്ടപിടിക്കാനുള്ള പ്രവണത വർധിക്കുന്നു
ശൈത്യകാലത്ത് രക്തം കട്ടപിടിക്കാനുള്ള പ്രവണത കൂടുതലായിരിക്കും. തണുപ്പ് കൂടുമ്പോൾ രക്തം അൽപം കട്ടിയുള്ളതോ വിസ്കോസ് ഉള്ളതോ ആയി മാറുന്നു. ഇത് ഹൃദയാഘാത സാധ്യത വർധിക്കാനുള്ള സാധ്യത ഗണ്യമായി വർധിപ്പിക്കുന്നു.
വൈറൽ അണുബാധകൾ
അണുബാധ ഏറ്റവും കൂടുതൽ ബാധിക്കുന്ന സമയമാണ് ശൈത്യകാലം. ഇത് ശരീരത്തിന്റെ രോഗപ്രതിരോധ ശേഷിയെ ദുർബലപ്പെടുത്തുകയും രക്തം കട്ടപിടിക്കാനുള്ള പ്രവണ വർധിപ്പിക്കുകയും ചെയ്യുന്നു. ഇത് ഹൃദയാഘാത സാധ്യത വർധിപ്പിക്കാം.
ജലാംശം കുറയുന്നു
ശൈത്യകാലത്ത് വെള്ളം കുടിക്കുന്നത് കുറയുന്നത്, രക്തത്തിലെ ജലാംശം കുറയാനും നിർജ്ജലീകരണത്തിനും കാരണമാകുന്നു. ഇത് രക്തം കട്ടിയുള്ളതാക്കുകയും ഹൃദയത്തിന് സമ്മർദം ഉണ്ടാക്കുകയും ചെയ്യുന്നു. പലപ്പോഴും ഇത് ഹൃദയാഘാതമോ ഹൃദയസ്തംഭനമോ വഴിവയ്ക്കാം.
കുറഞ്ഞ ശാരീരിക പ്രവർത്തനങ്ങൾ
ഹൃദയാരോഗ്യം മെച്ചപ്പെടുത്തുന്നതിന് മിതമായ വ്യായാമം എല്ലാ കാലാവസ്ഥയിലും പ്രധാനമാണ്. എന്നാൽ ശൈത്യകാലത്ത് പലരും വ്യായാമം മുടക്കുകയും വീടിനുള്ളിൽ കൂടുതൽ സമയം ചെലവഴിക്കുകയും ചെയ്യുന്നു. ഉദാസീനമായ ജീവിതശൈലി ശരീരത്തിൽ രക്തയോട്ടം കുറയ്ക്കാനും പ്രതിരോധശേഷി മോശമാകാനും കാരണമാകുന്നു. ഇത് ഹൃദയസംബന്ധമായ അപകടസാധ്യത നിശബ്ദമായി വർധിക്കാൻ കാരണമാകുന്നു.
കൊഴുപ്പ് കൂടിയ ഭക്ഷണങ്ങൾ
കൊഴുപ്പ് അടങ്ങിയ ഭക്ഷണങ്ങൾ തണുപ്പുകാലത്ത് കഴിക്കുന്നത് ശരീരത്തിൽ രക്തം കട്ടപിടിക്കാനുള്ള സാധ്യത വർധിപ്പിക്കുന്നു. ഇത് ഹൃദയസംബന്ധമായ അപകടങ്ങളിലേക്ക് നയിക്കാം.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates