സോഫ്റ്റ് ഡ്രിങ്ക് ശീലം ഉപേക്ഷിക്കണോ? അസ്പാർട്ടേം അർബുദകാരിയോ; ഡബ്ലൂഎച്ച്ഒ പറയുന്ന സുരക്ഷിത അളവെത്ര 

ഓരോരുത്തരുടെയും ശരീരഭാരം കണക്കാക്കിയാണ് അസ്പാർട്ടേമിന്റെ അളവ് നിശ്ചയിക്കുന്നത്. ഒരു കിലോയ്ക്ക് 40 മില്ലീഗ്രാം വരെ എന്ന കണക്കിലാണ് അസ്പാർട്ടേം ഉപയോഗിക്കാവുന്നത്
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം
Updated on
2 min read

ശീതളപാനീയങ്ങൾ, ഐസ്‌ക്രീം, പലഹാരങ്ങൾ എന്നിവയിൽ വ്യാപമായി ഉപയോഗിക്കുന്ന 'അസ്പാർട്ടേം' അർബുദകാരിയാണെന്ന് ലോകാരോഗ്യ സംഘടനയുടെ കാൻസർ ഗവേഷണവിഭാഗമായ ഇന്റർനാഷണൽ ഏജൻസി ഫോർ റിസർച്ച് ഓൺ കാൻസർ പ്രഖ്യാപിച്ചിരുന്നു. ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങളിൽ കൃത്രിമ മധുരത്തിനായി ഉപയോഗിക്കുന്നതാണ് അസ്പാർട്ടേം. ഇപ്പോഴിതാ, എത്ര അളവിൽ അസ്പാർട്ടേം കഴിക്കുന്നതാണ് സുരക്ഷിതമെന്ന് വ്യക്തമാക്കിയിരിക്കുകയാണ് ഡബ്ല്യൂ എച്ച് ഒയുടെ മറ്റൊരു വിദഗ്ധ സമിതി. 

എന്താണ് അസ്പാർട്ടേം?

ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങളിൽ ശീതളപാനീയങ്ങൾ, പഞ്ചസാരരഹിത ജെലാറ്റിൻ ഉത്പന്നങ്ങൾ, മിഠായികൾ എന്നിവയുൾപ്പെടെ നിരവധി ഉത്പന്നങ്ങളിൽ കൃത്രിമ മധുരത്തിനായി ഉപയോഗിക്കുന്ന ചേരുവയാണ് അസ്പാർട്ടേം. പഞ്ചസാരയേക്കാൾ 200 മടങ്ങ് മധുരമുള്ളതാണ് ഇത്, പഞ്ചസാരയ്ക്ക് സമാനമായ കലോറിയും ഇതിലടങ്ങിയിട്ടുണ്ട്. 951 എന്ന അഡിറ്റീവ് നമ്പർ ഉള്ള പാനീയങ്ങളിലും ഭക്ഷണങ്ങളിലുമൊക്കെ അസ്പാർട്ടേം അടങ്ങിയിട്ടുണ്ട്. 

ഒരു കിലോയ്ക്ക് 40 മില്ലീഗ്രാം

ഓരോരുത്തരുടെയും ശരീരഭാരം കണക്കാക്കിയാണ് അസ്പാർട്ടേമിന്റെ അളവ് നിശ്ചയിക്കുന്നത്. ഒരു കിലോയ്ക്ക് 40 മില്ലീഗ്രാം വരെ എന്ന കണക്കിലാണ് അസ്പാർട്ടേം ഉപയോഗിക്കാവുന്നത്. അതായത്, 70 കിലോയുള്ള ഒരു വ്യക്തി 14 കാൻ, അതായത് ഏകദേശം അഞ്ച് ലിറ്ററിലധികം ശീതളപാനീയങ്ങൾ കുടിക്കുമ്പോഴാണ് അപകടകരമായ അളവിൽ അസ്പാർട്ടേം ശരീരത്തിലെത്തുന്നത്. ഇത് കേൾക്കുമ്പോൾ അപ്രാപ്യമാണെന്ന് തോന്നുമെങ്കിലും നമ്മൾ കുടിക്കുന്ന ശീതളപാനീയങ്ങളിൽ നിന്ന് മാത്രമല്ല മറ്റ് പല ഭക്ഷ്യവിഭവങ്ങളിലും ഈ ചേരുവ ഉൾപ്പെട്ടിട്ടുണ്ടെന്നത് മറക്കരുത്. അതുകൊണ്ടുതന്നെ ദിവസവും ശരീരത്തിലെത്തുന്ന അസ്പാർട്ടേമിന്റെ കണക്ക് അറിയുക അത്ര എളുപ്പമല്ല. 

കൃത്രിമ മധുരമടങ്ങിയവ കൂടുതൽ മധുരം കഴിക്കാനും വിശപ്പ് കൂട്ടാനും പ്രേരിപ്പിക്കുന്നതാണ്. ഇത് ശരീരഭാരം വർദ്ധിക്കാനും കാരണമാകും. അതുകൊണ്ട് കൃത്രിമ മധുരം ചേരുവയായുള്ളവ കഴിക്കുന്ന കാര്യത്തിൽ ശ്രദ്ധ വേണം. ഇവ ആരോഗ്യത്തിന് ഗുണമൊന്നും നൽകില്ലെന്ന് മാത്രമല്ല ദോഷം സമ്മാനിക്കുകയും ചെയ്യും. 

മൂന്ന് പഠനങ്ങൾ, മൂന്നും പറയുന്നു അസ്പാർട്ടേം അർബുദകാരി

അസ്പാർട്ടേമും കാൻസറും തമ്മിലുള്ള ബന്ധം സൂചിപ്പിക്കുന്ന വളരെ ചുരുക്കം പഠനങ്ങൾ മാത്രമാണ് നടന്നിട്ടുള്ളത്. മനുഷ്യരിൽ മൂന്ന് പഠനങ്ങളാണ് ഇതുസബന്ധിച്ചുള്ളത്. ഈ മൂന്ന് പഠനങ്ങളും അസ്പാർട്ടേമും കാൻസറും തമ്മിൽ ബന്ധമുണ്ടെന്ന കണ്ടെത്തലിലാണ് എത്തിയത്. എന്നിരുന്നാലും ഈ കണ്ടെത്തലിന് കാരണമായേക്കാവുന്ന മറ്റ് ഘടകങ്ങൾ വിട്ടുകളയാൻ സാധിക്കില്ലെന്നും ഗവേഷകർ പറയുന്നുണ്ട്. 

11 വർഷത്തോളമെടുത്ത് യൂറോപ്പിൽ നടത്തിയ ഒരു പഠനത്തിൽ ഡയറ്റ് സോഫ്റ്റ് ഡ്രിങ്ക് അമിതമായി കഴിക്കുന്നത് ലിവർ കാൻസർ സാധ്യത ആറ് ശതമാനം വർദ്ധിക്കാൻ കാരണമാണെന്നാണ് പറയുന്നത്. യുഎസ്സിലെ പഠനം, ആഴ്ച്ചയിൽ രണ്ടിലധികം കാൻ ഡയറ്റ് സോഡ കുടിക്കുന്നവർക്ക് ലിവർ കാൻസർ സാധ്യത കൂടുതലാണെന്നാണ് കണ്ടെത്തിയത്. യുഎസ്സിൽ തന്നെ നടത്തിയ മറ്റൊരു പഠനത്തിൽ ഒരിക്കലും പുകവലിക്കാത്ത ദിവസവും രണ്ടോ അതിലധികമോ കൃത്രിമ മധുരമുള്ള പാനീയങ്ങൾ കുടിക്കുന്നവരിൽ ലിവർ കാൻസർ റിസ്‌ക്ക് കൂടിയതായി കണ്ടെത്തി. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

 സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com