

മുടി കളർ ചെയ്യുക എന്നത് ഇപ്പോഴത്തെ ഒരു പ്രധാന ട്രെൻഡ് ആണ്. അതിന് ആണെന്നോ പെണ്ണെന്നോ വ്യത്യാസമില്ല. ചിലർ മുടിക്ക് ഭാഗികമായി കളർ ചെയ്യുമ്പോൾ ചിലരാകട്ടെ, മുടി പൂർണമായും കളർ ചെയ്തു മേക്കോവർ മാറ്റാറുണ്ട്. എന്നാൽ മുടി ഇത്തരത്തിൽ കളർ ചെയ്യുന്നത് അകാല നരക്ക് കാരണമാകുമോ എന്ന സംശയം പലർക്കുമുണ്ട്.
ഈ ധാരണ എത്രത്തോളം ശരിയാണ്?
മുടിയുടെ നിറത്തെ സ്വാധീനിക്കുന്നത് പ്രധാനമായും ജനിതകം, സൂര്യപ്രകാശം, സമ്മർദം എന്നീ മൂന്ന് ഘടകങ്ങളാണ്. മുടിയിൽ പിഗ്മെന്റ് ഉൽപാദിപ്പിക്കുന്ന കോശങ്ങളായ മെലനോസൈറ്റുകൾ അവയുടെ പ്രവർത്തനം കുറയ്ക്കുകയോ നശിക്കുകയോ ചെയ്യുമ്പോൾ മുടിയുടെ കറുത്ത നിറം മങ്ങുകയും നര കയറുകയും ചെയ്യുന്നു. ഇത് പ്രകൃതിദത്തമായ സ്വഭാവിക പ്രക്രിയയാണ്. മുടി കളർ ചെയ്യുന്നത് കൊണ്ട് ഈ പ്രക്രിയ ഉത്തേജിപ്പിക്കപ്പെടില്ലെന്ന് ആരോഗ്യ വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നു.
കളർ ചെയ്യുന്നത് മുടി നരയ്ക്കാൻ കാരണമാകുന്നതുമായി നേരിട്ട് ബന്ധമുണ്ടെന്ന് ഇതുവരെ പഠനങ്ങൾ തെളിയിച്ചിട്ടില്ല. ഇത്തരം ഹെയർ ഡൈകൾ മുടിയുടെ പുറമേ പുരട്ടുന്നതാണ്. മുടിയുടെ നിറം നിർണയിക്കുന്ന ഫോളിക്കിളുകളെ ബാധിക്കില്ല. എന്നാൽ മുടി കളർ ചെയ്യുന്നത് മുടിയുടെ ആരോഗ്യത്തെ ബാധിച്ചേക്കാം. മുടി ദുര്‍ബലമാകാനും പെട്ടെന്ന് പൊട്ടിപ്പോകാനും കാരണമായേക്കാം.
ബ്ലീച്ചിങ്
എന്നാൽ ഹെയർ കളറിങ്ങിന് മുൻപ് ബ്ലീച്ച് ചെയ്യുന്നത് മുടിയുടെ നിറം മങ്ങാൻ കാരണമായേക്കാമെന്നും ആരോഗ്യവിദഗ്ധർ ചൂണ്ടിക്കാണിക്കുന്നു. കൂടാതെ ഇത് മുടിയുടെ വേരുകളെയും ദുർബലപ്പെടുത്താം. പെർമനന്റ് അല്ലെങ്കിൽ സെമി-പെർമനന്റ് ഹെയർ ഡൈകൾ സാധാരണയായി ഹൈഡ്രജൻ പെറോക്സൈഡ്, അമോണിയ തുടങ്ങിയ കെമിക്കലുകൾ ഉപയോഗിച്ചാണ് ചെയ്യുന്നത്. ഇവ മുടിയുടെ സ്വാഭാവിക മെലാനിൻ ഓക്സിഡൈസ് ചെയ്ത ശേഷം നിറവ്യത്യാസം സ്ഥിരമാക്കുന്നു.
മുടിയുടെ ഫോളിക്കുകളിൽ ബ്ലീച്ചിങ്ങ് ഉപയോഗിക്കുന്ന ഹൈഡ്രജൻ പെറോക്സൈഡ് അടിഞ്ഞു കൂടുന്നത് മുടി നരയ്ക്കാൻ കാരണമാകുമെന്ന് പബ്മെഡ് സെന്ററിൽ പ്രസിദ്ധീകരിച്ച പഠനത്തിൽ പറയുന്നു. എന്നാൽ ബ്ലീച്ചിങ് ആവശ്യമില്ലാത്ത താൽക്കാലിക ഹെയർ ഡൈകൾ തെരഞ്ഞെടുക്കുന്നത് ഇത് ഒഴിവാക്കും. മുടിയുടെ ആരോഗ്യത്തിൽ വിട്ടുവീഴ്ച ചെയ്യാതെ ഹെയർ കളർ ചെയ്യുന്നതിന് ഉയർന്ന നിലവാരമുള്ള ഉൽപ്പന്നങ്ങൾ തിരഞ്ഞെടുക്കുക, കൂടാതെ മുടി സംരക്ഷണ ദിനചര്യ പിന്തുടരുകയും വേണം.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates