

എപ്പോഴാണോ കിടക്കുന്നത്, അതിന് തൊട്ടു മുന്‍പ് ഭക്ഷണം കഴിക്കുക എന്നതാണ് പലരുടെയും രീതി. അത് മിക്കവാറും വളരെ വൈകുന്നതും പതിവാണ്. കഴിക്കുന്ന ഭക്ഷണം പോലെ തന്നെ പ്രധാനമാണ് ഭക്ഷണത്തിന്‍റെ സമയക്രമവും. രാത്രി എട്ട് മണിക്കുള്ളില്‍ അത്താഴം കഴിക്കുന്നതാണ് ഏറ്റവും നല്ലത്. അതിനു ശേഷം ഭക്ഷണം കഴിക്കുന്നത് ആരോഗ്യത്തെ പലതരത്തില്‍ ബാധിക്കാം.
വൈകുന്നേരമാകുമ്പോഴേക്കും ശരീരത്തിലെ മെറ്റബോളിസം മന്ദഗതിയിലാകും. ഇത് ദഹനപ്രശ്‌നങ്ങള്‍ക്കും രക്തത്തിലെ പഞ്ചസാരയുടെ അളവു വര്‍ധിക്കുന്നതിനും കാരണമാകും. കൂടാതെ ഹോര്‍മോണ്‍ ബാലന്‍സും തകിടം മറിക്കാന്‍ ഇടയാക്കും.
ഉറക്കത്തിന് തൊട്ടുമുന്‍പ് ഭക്ഷണം കഴിക്കുന്നത് ഉറക്കത്തെയും ദഹനത്തെയും ബാധിക്കും. ഇത് ഇന്‍സുലിന്‍ സ്പൈക്കിന് കാരണമാകും. ശരീരം വിശ്രമിക്കുമ്പോഴാണ് മൊലാറ്റോണിന്‍ ഉല്‍പ്പാദനം തുടങ്ങിയ പ്രതിരോധ ശേഷിയെ മെച്ചപ്പെടുത്തുന്ന നിരവധി പ്രക്രിയകള്‍ നടക്കുന്നത്. രാത്രി വൈകി ഭക്ഷണം കഴിക്കുന്നത് മോലാറ്റോണിന്‍ ഉല്‍പാദനത്തെയും ബാധിക്കുന്നു.
മാത്രമല്ല, അത്താഴം ഒരുപാട് വൈകുന്നത് ശരീരം ഗ്ലൂക്കോസിനെ പ്രൊസസ്സ് ചെയ്യുന്ന പ്രക്രിയയെ ബാധിക്കും. ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവ് വർധിക്കാൻ കാരണമാകും. ഇത് നിങ്ങളുടെ ശരീരത്തെ കൊഴുപ്പ് സംഭരണ അവസ്ഥയിൽ നിലനിർത്തും. ഒപ്പം വിശപ്പിനെ നിയന്ത്രിക്കുന്ന ലെപ്റ്റിനും ഗ്രെലിനും ഉൾപ്പെടെയുള്ള ഹോർമോണുകളുടെ സന്തുലിതാവസ്ഥയെയും തടസ്സപ്പെടുത്തും.
മോശം ഉറക്കവും ഹോർമോൺ തകരാറുകളും വിശപ്പ് നിയന്ത്രണത്തെ ബാധിക്കുന്നു. ഇത് അമിതമായി ഭക്ഷണം കഴിക്കുന്നതിനും ദഹന പ്രകിയകളുടെ തകറാരിലേക്കും എത്തിക്കും. അമിതവണ്ണം, ഹൃദ്രോഗം, പ്രമേഹം തുടങ്ങിയ പല ആരോഗ്യപ്രശ്നങ്ങൾക്കും പിന്നിലെ പ്രധാന കാരണം വീക്കമാണ്. സ്ഥിരമായി അത്താഴം വൈകി കഴിക്കുന്നത് കുടലിന്റെ ആരോഗ്യത്തെ ബാധിക്കുകയും വീക്കം വർധിപ്പിക്കുകയും ചെയ്യുമെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നു.
കൃത്യസമയത്ത് ഭക്ഷണം കഴിക്കുന്നതിലൂടെ വയറു വീര്‍ക്കല്‍, ഇറിറ്റബിള്‍ ബവല്‍ സിന്‍ഡ്രോം, ഇന്‍ഫ്‌ലമേറ്ററി ബവല്‍ ഡിസീസ് എന്നീ അവസ്ഥകളുള്ള 80 ശതമാനം ആളുകള്‍ക്കും ആശ്വാസം ലഭിച്ചതായി ക്ലിനിക്കല്‍ ആന്റ് എക്‌സ്പിരിമെന്റല്‍ ഗ്യാസ്‌ട്രോഎന്‍ട്രോളൊജിയില്‍ പ്രസിദ്ധീകരിച്ച ഒരു പഠനത്തില്‍ പറയുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates