

രാവിലത്തെ തിരക്കിനിടെ അപ്പമോ പുട്ടോ ദോശയോ ഉണ്ടാക്കാനുള്ള നേരമില്ലാത്തവര്‍ക്ക് ഓട്‌സ് മീല്‍ ഒരു അനുഗ്രഹമാണ്. അല്‍പം ഓട്‌സ് വെള്ളത്തിലോ പാലിലോ വേവിച്ചെടുത്താല്‍ പോഷകസമ്പുഷ്ടമായ ബ്രേക്ക്ഫാസ്റ്റ് റെഡി. അലങ്കാരത്തിന് അൽപം നട്‌സും ഡ്രൈഫ്രൂട്‌സും ആവാം. സംഭവം അടിപൊളിയാണെങ്കിലും ദിവസവും ഓട്‌സ് ആക്കിയാല്‍ എന്താകും അവസ്ഥയെന്ന് ചിന്തിച്ചിട്ടുണ്ടോ?
ഓട്സിൽ ഫൈറ്റിക് ആസിഡ് അടങ്ങിയിട്ടുണ്ട്. ഇത് കാൽസ്യം, ഇരുമ്പ്, സിങ്ക് തുടങ്ങിയ ധാതുക്കൾ ആഗിരണം ചെയ്യുന്നത് തടസപ്പെടുത്തുന്നു. ദിവസവും ഓട്സ് രാവിലെ കഴിക്കുന്നത് പോഷകക്കുറവിലേക്ക് നയിക്കാൻ സാധ്യതയുണ്ട്. അല്ലെങ്കിൽ, പാകം ചെയ്യുന്നതിന് മുൻപ് ഓട്സ് വെള്ളത്തിൽ കുതിർക്കുകയോ പുളിപ്പിക്കുകയോ ചെയ്യണം. ഇതിലൂടെ ഓട്സിൽ അടങ്ങിയ ഫൈറ്റിക് ആസിഡ് ഒഴിവാക്കാൻ സഹായിക്കും.
ഓട്സ് പതിവാക്കുന്ന ശരീരഭാരം കൂടാനുള്ള സാധ്യത വർധിപ്പിക്കും. ഇതിൽ കലോറിയുടെ അളവു വളരെ കൂടുതലാണ്. ഇത് ക്രമേണ ശരീരഭാരം കൂടാൻ കാരണമാകും. ദിവസവും ഓട്സ് മാത്രം കഴിക്കുന്നതിന് പകരം, സ്മൂത്തിയിലോ യോഗർട്ടിലോ അളവു നിയന്ത്രിച്ചു കഴിക്കാവുന്നതാണ്. മാത്രമല്ല, മറ്റ് ഭക്ഷണങ്ങളും ഇതിനൊപ്പം കലർത്തി കഴിക്കാൻ ശ്രമിക്കുക.
ഓട്സിൽ ഗ്ലൂട്ടൻ അടങ്ങിയിട്ടില്ലെങ്കിലും ഗോതമ്പ്, ബാർലി, റൈ തുടങ്ങിയ ഗ്ലൂറ്റൻ അടങ്ങിയ ധാന്യങ്ങൾ സംസ്‌കരിക്കുന്ന ഫാക്ടറികളിലാണ് ഇവ പലപ്പോഴും സംസ്‌കരിക്കുന്നത്. അതുകൊണ്ട് ക്രോസ്-കണ്ടമിനേഷനുള്ള സാധ്യത തള്ളിക്കളയാനാകില്ല. സീലിയാക് രോഗമോ ഗ്ലൂറ്റൻ സെൻസിറ്റിവിറ്റിയോ ഉള്ള ആളുകൾ ഇത് ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാക്കും. വാങ്ങുമ്പോൾ സർട്ടിഫൈഡ് ഗ്ലൂറ്റൻ-ഫ്രീ ഓട്‌സ് തിരഞ്ഞെടുക്കാൻ ശ്രമിക്കുക.
ഉയർന്ന അളവിൽ നാരുകൾ അടങ്ങിയിട്ടുള്ളതിനാൽ ഓട്‌സ് ദഹനത്തിന് നല്ലതാണ്. എന്നാൽ ദിവസവും കഴിക്കുന്നത് ഗ്യാസ്, വയറു വീർക്കൽ എന്നിവയ്ക്ക് കാരണമാകാം. ദിവസവും കഴിക്കുന്നതിന് പകരം ആഴ്ചയിൽ രണ്ട് അല്ലെങ്കിൽ മൂന്ന് തവണ കഴിക്കാം.
ഓട്സ് ആരോഗ്യകരമായ ഒരു ഭക്ഷണമാണ്, പക്ഷേ അവയിൽ നിന്ന് ശരീരത്തിന് ആവശ്യമായ എല്ലാ പോഷകങ്ങളും കിട്ടില്ല. പ്രഭാതഭക്ഷണത്തിന് ഓട്സ് മാത്രം കഴിച്ചാൽ, പ്രധാനപ്പെട്ട മറ്റ് പോഷകങ്ങൾ നഷ്ടപ്പെട്ടേക്കാം. പഴങ്ങൾ, പച്ചക്കറികൾ, പ്രോട്ടീനുകൾ എന്നിവ ഉൾപ്പെടുത്തുന്നത് നിങ്ങളുടെ പ്രഭാതഭക്ഷണത്തെ കൂടുതൽ സന്തുലിതമാക്കും.
എല്ലാ ദിവസവും രാവിലെ ഓട്സ് കഴിക്കുന്നതിനു പകരം ആഴ്ചയിൽ രണ്ടോ മൂന്നോ തവണ മാത്രം ഉൾപ്പെടുത്തുന്നതാണ് നല്ലതെന്ന് പോഷകാഹാര വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നു. ഈ രീതിയിൽ, പാർശ്വഫലങ്ങളില്ലാതെ ഓട്സിൻ്റെ ഗുണങ്ങൾ ആസ്വദിക്കാൻ കഴിയും. ആരോഗ്യകരമായ ഓപ്ഷനായി ഓവർനൈറ്റ് ഓട്സ് പരീക്ഷിക്കാവുന്നതാണ്. അല്ലെങ്കിൽ സ്മൂത്തിയിലോ മറ്റ് ഭക്ഷണത്തിനൊപ്പമോ ഓട്സ് ചേർത്ത് കഴിക്കാം.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates