

കോവിഡ് മൂന്നാം തരംഗം കുട്ടികളെയാവും ബാധിക്കുക എന്ന പ്രചാരണം വലിയ ആശങ്കയാണ് രക്ഷിതാക്കളില്‍ ഉണ്ടാക്കിയിട്ടുള്ളത്. പ്രചാരണം അടിസ്ഥാനമില്ലാത്തതെന്ന് ആരോഗ്യ വിദഗ്ധര്‍ ആവര്‍ത്തിക്കുമ്പോഴും, കുട്ടികളെ കോവിഡില്‍നിന്നു സംരക്ഷിച്ചുനിര്‍ത്താനുള്ള രക്ഷിതാക്കളുടെ നെട്ടോട്ടത്തിനു ശമനമില്ല. ഈ ആശങ്ക പലരെയും എത്തിക്കുന്നത് അശാസ്ത്രീയമായ വിറ്റാമിന്‍ ഉപയോഗത്തിലും 'ഇമ്യൂണിറ്റി ബൂസ്റ്ററു'കളിലുമാണ്. ഇതിനെതിരെയും മുന്നറിയിപ്പു നല്‍കുകയാണ് ആരോഗ്യ രംഗത്തു പ്രവര്‍ത്തിക്കുന്നവര്‍.
പ്രതിരോധ ശക്തി വര്‍ധിപ്പിക്കും എന്ന് അവകാശപ്പെടുന്ന ഉത്പന്നങ്ങള്‍ക്ക് മഹാമാരിക്കാലത്ത് വലിയ വില്‍പ്പനയുണ്ടായിട്ടുണ്ടെന്ന് മെഡിക്കല്‍ ഷോപ്പ് ഉടമകള്‍ പറയുന്നു. വിറ്റാമിന്‍ ഗുളികളും പ്രതിരോധ ശക്തി കൂട്ടുമെന്ന അവകാശവാദവുമായി എത്തുന്ന ഉത്പന്നങ്ങളുമാണ് ഇതില്‍ മുന്നില്‍. ന്യൂട്രീഷനല്‍ സപ്ലിമെന്റ്‌സിനും നല്ല കച്ചവടമാണ്. എന്നാല്‍ ഇതൊക്കെ അധികമായി കഴിക്കുന്നത്, കുട്ടികളില്‍ പ്രത്യേകിച്ചും ആരോഗ്യ പ്രശ്‌നങ്ങള്‍ക്കു കാരണമാവുമെന്ന് ഡോക്ടര്‍മാര്‍ പറയുന്നു.
''കുറവുണ്ടെന്നു കണ്ടെത്തുന്ന വിറ്റാമിനുകളും മറ്റു പോഷകങ്ങളും കഴിക്കുന്നതില്‍ തെറ്റില്ല. എന്നാല്‍ ഇത് കൂടുതലായി കഴിച്ചതുകൊണ്ട് കോവിഡിനെ പ്രതിരോധിക്കാനാവും എന്നതിനു തെളിവിന്റെ അടിസ്ഥാനമില്ല. സ്വാഭാവിക ആരോഗ്യമുള്ള ഒരാളുടെ രോഗപ്രതിരോധ ശേഷി സപ്ലിമെന്റ്ുകള്‍ കഴിച്ചതുകൊണ്ട് കൂട്ടാനാവില്ല''- പീഡിയാട്രിക്‌സ് പ്രൊഫസര്‍ ആയ ഡോ. പുരുഷോത്തമന്‍ കുഴിക്കാത്തുകണ്ടിയില്‍ പറയുന്നു. ഇത്തരം അവകാശവാദങ്ങളുമായി ഉത്പന്നങ്ങള്‍ വില്‍ക്കുന്നവര്‍ അവസരം മുതലാക്കുക മാത്രമാണ് ചെയ്യുന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.
സപ്ലിമെന്റുകള്‍ അധികമായി കഴിച്ച് ആരോഗ്യ പ്രശ്‌നം വന്ന് ഇപ്പോള്‍ കുട്ടികളെ ആശുപത്രിയില്‍ എത്തിക്കുന്ന സാഹചര്യമുണ്ട്. സിങ്ക്, വിറ്റാമിന്‍ സി, വിറ്റാമിന്‍ ഡി ഇതൊക്കെയാണ് കുട്ടികള്‍ക്കു വാങ്ങിക്കൊടുക്കുന്നത്. ഒപ്പം ആയുര്‍വേദ, പാരമ്പര്യ മരുന്നുകളുമുണ്ട്. രോഗപ്രതിരോധ ശേഷി കൂട്ടാനെന്നു പറഞ്ഞാണ് ഇതൊക്കെ കൊടുക്കുന്നത്. വിറ്റാമിന്‍ സിയും ഡിയുമെല്ലാം അധികമായി കഴിക്കുന്നത് വൃക്കയ്ക്കു കേടുപാടുണ്ടാക്കും- ഡോക്ടര്‍ പറഞ്ഞു.
ഇന്‍ഫഌവന്‍സ വാക്‌സിന്‍ കോവിഡിനെ പ്രതിരോധിക്കുമോ എന്ന അന്വേഷണവും വ്യാപകമായി ഇപ്പോള്‍ ആശുപത്രികളില്‍ എത്തുന്നുണ്ട്. ഇതുമായി ബന്ധപ്പെട്ടു ചില പഠന ഫലങ്ങള്‍ വന്നിട്ടുണ്ടെന്ന് ഡോക്ടര്‍മാര്‍ പറയുന്നു. എന്നാല്‍ കോവിഡിനെതിരെ ഇന്‍ഫ്‌ളുവന്‍സ വാക്‌സിന്‍ എത്രത്തോളം ഫലപ്രദമെന്ന് ഇനിയും തെളിയാന്‍ ഇരിക്കുന്നതേയുള്ളൂവെന്ന് അവര്‍ ചൂണ്ടിക്കാട്ടുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates