15 മിനിറ്റില്‍ മൂന്ന് തവണയില്‍ കൂടുതല്‍ കോട്ടുവായ ഇടുന്നത് ഗുരുതര ആരോഗ്യപ്രശ്നങ്ങളുടെ സൂചന
കോട്ടുവായ ഇടുന്നത് ശരീരത്തിന്റെ സ്വാഭാവികമായ പ്രതികരണമാണ്. ക്ഷീണം, വിരസത, മടുപ്പ് എന്നിവ അനുഭവപ്പെടുമ്പോൾ തലച്ചോർ നൽകുന്ന മുന്നറിയിപ്പാണിത്. കോട്ടുവായ ഇടുന്നതിലൂടെ ഒരു വ്യക്തിയുടെ ശരീരത്തിലെ കാർബൺ ഡൈഓക്സൈഡിൻ്റെ അളവ് കുറയുകയും കൂടുതൽ ജാഗരൂഗരാകാൻ സഹായിക്കുകയും ചെയ്യുന്നു. എന്നാല്‍ കോട്ടുവായ ഇടുന്നത് അമിതമായാലോ?
ഒരു വ്യക്തി ഒരു ദിവസം ആറ് മുതൽ 32 തവണ വരെ കോട്ടുവായ ഇടുമെന്നാണ് പഠനങ്ങള്‍ സൂചിപ്പിക്കുന്നത്. എന്നാൽ 15 മിനിറ്റിൽ മൂന്ന് തവണയിൽ കൂടുതൽ കോട്ടുവായ ഇടുന്നത് ശുഭസൂചകമല്ലെന്നാണ് ആരോഗ്യവിദഗ്ധർ പറയുന്നത്. ഇത് തീവ്രമായ ഉറക്കക്കുറവ്, പകല്‍ ഉറക്കം, മറ്റ് ആരോഗ്യപ്രശ്നങ്ങള്‍ എന്നിവയുടെ സൂചനയാകാം. തെർമോറെഗുലേഷൻ തകരാറിലാകുന്നത് മൂലം അമിതമായി കോട്ടുവായ ഉണ്ടാകുന്നതെന്ന് വിദഗ്ധര്‍ വിശദീകരിക്കുന്നു.
പകല്‍ സമയത്ത് ഉറക്കം തൂങ്ങുന്നതും കോട്ടുവായ ഇടുന്നതും പലപ്പോഴും നമ്മള്‍ നിസാരവല്‍ക്കരിക്കാറുണ്ട്. എന്നാല്‍ ഇത് ഗുരുതരമായ ഉറക്കക്കുറവിന്‍റെ ലക്ഷണമായി കണക്കാക്കാറില്ല. ഉറക്കമില്ലായ്മ വ്യാപകമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുന്ന ഒരു ഗുരുതര ആരോഗ്യപ്രശ്‌നമാണ്. ഉറക്കച്ചടവു മൂലമുണ്ടാകുന്ന റോഡ് അപകടങ്ങളുടെ കണക്ക് ഓരോ ദിവസവും പെരുകിവരുന്നു. കൂടാതെ ജോലിയിലെ അശ്രദ്ധ, ദീര്‍ഘകാല ആരോഗ്യ പ്രശ്നങ്ങളും ഇതിന്‍റെ പ്രത്യാഘാതങ്ങളാണെന്ന് അമേരിക്കൻ അക്കാദമി ഓഫ് സ്ലീപ്പ് മെഡിസിൻ പുറത്തിറക്കിയ റിപ്പോര്‍ട്ടില്‍ പറയുന്നു.
പൊണ്ണത്തടി, ശ്വാസകോശ സംബന്ധമായ പ്രശ്നങ്ങൾ, ഒബ്സ്ട്രക്ടീവ് സ്ലീപ് അപ്നിയ തുടങ്ങിയ അവസ്ഥകളെ തുടര്‍ന്ന് പകൽസമയത്ത് ഉറക്കം അനുഭവപ്പെടാം, ഇത് അമിതമായി കോട്ടുവായ ഇടുന്നതിലേക്ക് നയിക്കാം. രാത്രിയിൽ കുറഞ്ഞത് ഏഴ് മുതൽ എട്ട് മണിക്കൂർ വരെ ഗുണനിലവാരമുള്ള വിശ്രമം ലഭിക്കാത്തത് പ്രമേഹം, വിഷാദം, ഹൃദയം, വൃക്ക രോഗങ്ങൾ, ഉയർന്ന രക്തസമ്മർദം, പൊണ്ണത്തടി, പക്ഷാഘാതം എന്നിവ ഉണ്ടാകാനോ വഷളാകുന്നതിനോ കാരണമാകുമെന്ന് വിദഗ്ധർ പറയുന്നു.
കോട്ടുവായ ആരോഗ്യ പ്രശ്നങ്ങളുടെ സൂചന
തലച്ചോറിലെ ചില അവസ്ഥകൾ മൂലവും അമിതമായി കോട്ടുവാ ഉണ്ടാകാം. ട്യൂമറുകൾ മൂലം തലച്ചോറിൻ്റെ താപ നിയന്ത്രണം തകരാറിലാകുന്ന സാഹചര്യങ്ങളില്‍ അമിതമായി കോട്ടുവായ ഇടാം. മസ്തിഷ്കാഘാതവുമായി ബന്ധപ്പെട്ട തെർമോറെഗുലേഷന്‍ തടസപ്പെടുന്നതു മൂലം സ്ട്രോക്ക് സംഭവിച്ചവരിൽ അമിതമായ കോട്ടുവായ കാണപ്പെടാറുണ്ടെന്നും വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നു.
മൈക്രോ സ്ലീപ്
തുടർച്ചയായ ഉറക്കമില്ലായ്മയെ തുടര്‍ന്ന് തലച്ചോറ് ചെറിയ ഉറക്കങ്ങൾ എടുത്തേക്കാം. മൈക്രോ സ്ലീപ് എന്നാണ് വിദഗ്ധര്‍ അത്തരം ഉറക്കത്തെ വിളിക്കുന്നത്. രണ്ട്, മൂന്ന്, പത്ത് സെക്കന്‍ഡുകള്‍ വരെയാകാം ഓരോ മൈക്രോ സ്ലീപ്പിന്‍റെയും ദൈര്‍ഘ്യം. ഇത് അവസ്ഥ നിങ്ങള്‍ അറിയുക പോലുമില്ല. ഇത് പല അപകടങ്ങളും ഉണ്ടാക്കാം.
ഉറക്കക്കുറവ് അളക്കാം
എത്ര ഉറക്കം ഉണ്ടെങ്കിലും അത് കുഴപ്പമില്ലെന്ന മട്ടിലാണ് പലരും മുന്നോട്ടു പോകുന്നത്. എന്നാല്‍ ഉറക്കക്കുറവ് ദീര്‍കാല അടിസ്ഥാനത്തില്‍ പല ആരോഗ്യപ്രശ്നങ്ങളും ഉണ്ടാക്കാം. ഉറക്കക്കുറവിനെ എപ്‌വർത്ത് സ്ലീപ്പിനെസ് സ്കെയിൽ ഉൾപ്പെടെ വിവിധ സ്കെയിലുകളിൽ അളക്കാവുന്നതാണ്. ഉറക്കക്കുറവ് പുരോഗമിക്കുമ്പോൾ, ഉറക്കമില്ലായ്മയുടെ അപകടകരമായ ലക്ഷണങ്ങൾ വർധിച്ചേക്കാം.
ഉറക്കക്കുറവ് ഗുരുതര ലക്ഷണങ്ങള്‍
നിങ്ങളുടെ കണ്‍പോളകള്‍ തൂങ്ങുന്നു, ശരീരം തളരുന്നു, നിവർന്നു നിൽക്കാൻ ബുദ്ധിമുട്ട് അനുഭവപ്പെടുന്നു, ചിലരിൽ തലകറക്കം, കഠിനമായ ബലക്കുറവ്, കൈകൾ വിറയ്ക്കുക, ചിലരില്‍ ഉറക്കക്കുറവ് അശ്രദ്ധയും ആവേശവും ഉണ്ടാകാം.
പ്രമേഹം
കോട്ടുവായ ഹൈപ്പോഗ്ലൈസീമിയയുടെ ആദ്യകാല ലക്ഷണമാണെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നു. രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് കുറവാണെങ്കില്‍ അമിതമായി കോട്ടുവായ ഇടാം.
ഹൃദ്രോഗം
ചില പഠനങ്ങൾ അനുസരിച്ച് അമിതമായി കോട്ടുവായ ഇടുന്നത് ഹൃദയത്തിന് ചുറ്റുമുള്ള രക്തസ്രാവം കുറയുന്നതിന്റെ അഥവാ ഹൃദയാഘാത സാധ്യതയെ സൂചിപ്പിക്കുന്നു.
Excessive yawning can indicate serious health issues
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates

