

മാറിയ ജീവിതശൈലിയും മോശം ഭക്ഷണക്രമവും കാരണം പലരും നേരിടുന്ന സാധാരണ പ്രശ്നമാണ് അസിഡിറ്റി, നെഞ്ചെരിച്ചിൽ, വയറ്റിലെ ഗ്യാസ് തുടങ്ങിയവ. വയറ്റിൽ അധികമായി ആസിഡ് ഉത്പാദിപ്പിക്കുകയോ ആസിഡ് അന്നനാളത്തിലേക്ക് തിരികെ കയറുകയോ ചെയ്യുമ്പോഴാണ് അസിഡിറ്റി ഉണ്ടാകുന്നത്. ദിവസവുമുള്ള നമ്മുടെ ശീലങ്ങളിൽ ചില മാറ്റങ്ങൾ വരുത്തുന്നത് അസിഡിറ്റി കുറയ്ക്കാൻ സഹായിക്കും.
ഭക്ഷണം ഒഴിവാക്കുക
തിരക്ക് കാരണമോ ശരീരഭാരം നിയന്ത്രിക്കുന്നതിന്റെ ഭാഗമായോ പലരും ഭക്ഷണം ഒഴിവാക്കാറുണ്ട്. എന്നാൽ ദീർഘനേരം വിശന്നിരിക്കുന്നത് വയറ്റിൽ ആസിഡ് കൂടാനും അസിഡിറ്റി, വയറുവേദന എന്നിവയ്ക്ക് കാരണമാവുകയും ചെയ്യുന്നു. അതുകൊണ്ട് പ്രഭാതഭക്ഷണം പോഷകസമൃദ്ധമായി കഴിക്കാനും അത്താഴം ലളിതമാക്കാനും ശ്രമിക്കുക. ഒറ്റയടിക്ക് അധികം ഭക്ഷണം കഴിക്കുന്നതും വയറ്റിൽ സമ്മർദം കൂട്ടും.
വൈകി ഭക്ഷണം കഴിക്കുക
പലരും ചെയ്യുന്ന ഏറ്റവും വലിയ അബദ്ധമാണ് രാത്രി അത്താഴം വൈകി കഴിക്കുകയും, ഭക്ഷണം കഴിച്ച ഉടനെ കിടക്കുകയും ചെയ്യുന്നത്. ഇത് വയറ്റിൽ ആസിഡ് റിഫ്ലക്സ് സാധ്യത കൂട്ടുന്നു. വൈകുന്നേരത്തോടെ നമ്മുടെ മെറ്റബോളിസം പ്രവർത്തനങ്ങൾ കുറയാനും ദഹനം മന്ദഗതിയിലാകാനും കാരണമാകും. വൈകി ഭക്ഷണം കഴിക്കുമ്പോൾ അത് പൂർണമായും ദഹിക്കാതെ വയറ്റിൽ അസ്വസ്ഥത ഉണ്ടാക്കും. വൈകുന്നേരം ഏഴ് മണിക്കുള്ളിൽ അത്താഴം കഴിക്കുന്നതാണ് ഏറ്റവും മികച്ചത്.
കാപ്പിയും ചായയും
കാപ്പി അല്ലെങ്കിൽ ചായ പ്രേമികൾ ആണോ നിങ്ങൾ? എങ്കിൽ കഫീൻ അടങ്ങിയ കാപ്പിയും ചായയും വയറ്റിലെ അസിഡിറ്റി വർധിക്കാനുള്ള സാധ്യത കൂട്ടുന്നു. പ്രത്യേകിച്ച്, വൈകുന്നേരങ്ങളിൽ കഫീൻ അടങ്ങിയ പാനീയങ്ങൾ കുടിക്കുമ്പോൾ. ഇത് നെഞ്ചെരിച്ചിൽ, അസിഡിറ്റി എന്നിവ ഉണ്ടാക്കാം.
എണ്ണ കൂടിയ ഭക്ഷണങ്ങൾ
എണ്ണയിൽ വറുത്തതും പൊരിച്ചതുമായ ഭക്ഷണങ്ങൾ അധികമായി കഴിക്കുന്നത് അസിഡിറ്റി വർധിപ്പിക്കുന്നതിലേക്ക് നയിക്കും. പൊരിച്ച ഭക്ഷണം മാത്രമല്ല, ഫാസ്റ്റ് ഫുഡ്, എരിവു കൂടിയ ഭക്ഷണങ്ങൾ എന്നിവ ദഹനത്തെ മന്ദഗതിയിലാക്കുകയും അസിഡിറ്റിക്ക് കാരണമാവുകയും ചെയ്യും.
വളരെ വേഗത്തിൽ ഭക്ഷണം കഴിക്കുന്നത്
തിരക്കു മൂലം പലരും ഭക്ഷണം വേഗത്തിൽ കഴിക്കുന്ന ശീലമുണ്ട്. എന്നാൽ ശരിയായി ചവയ്ക്കാതെ വേഗത്തിൽ ഭക്ഷണം കഴിക്കുമ്പോൾ ദഹനപ്രശ്നങ്ങളും ഗ്യാസും ഉണ്ടാകാം. അതുപോലെ മതിയായ അളവിൽ ശരീരത്തിൽ ജലാംശം ഇല്ലാതാകുമ്പോഴും വയറ്റിൽ അസ്വസ്ഥതയും അസിഡിറ്റിയും ഉണ്ടാകാം.
മാനസിക സമ്മർദം
ഭക്ഷണരീതി മാത്രമല്ല, മാനസികമായ സമ്മർദങ്ങൾ, ഉത്കണ്ഠ, ഉറക്കക്കുറവ് എന്നിവയും ദഹന വ്യവസ്ഥയെ ബാധിക്കാം. ഇത് അസിഡിറ്റി മറ്റ് ദഹന പ്രശ്നങ്ങൾ ഉണ്ടാക്കാം.
അസിഡിറ്റി കുറയ്ക്കാൻ ചെയ്യേണ്ടത്
സമയത്ത് ഭക്ഷണം കഴിക്കുക.
രാത്രി നേരത്തെ അത്താഴം കഴിക്കുക.
ഭക്ഷണത്തിന് ശേഷം 2-3 മണിക്കൂർ കഴിഞ്ഞ് മാത്രം കിടക്കുക.
കൂടുതൽ വെള്ളം കുടിക്കുക.
പഴം, പച്ചക്കറി, ഫൈബർ അടങ്ങിയ ഭക്ഷണം ഉൾപ്പെടുത്തുക.
സ്ട്രെസ് നിയന്ത്രിക്കുക.
കാപ്പി, ചായ, കാരം കൂടിയ ഭക്ഷണം നിയന്ത്രിക്കുക.
അസിഡിറ്റി സ്ഥിരമായി ഉണ്ടാകുന്നുവെങ്കിൽ ഡോക്ടറുടെ ഉപദേശം തേടുന്നത് നല്ലതാണ്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates