കഴുത്തിനെയും തലയെയും ബാധിക്കുന്ന ഹെഡ് ആൻഡ് നെക്ക് കാൻസർ; ഇന്ത്യയിൽ കൂടുന്നു, ലക്ഷണങ്ങളറിയാം
ലോകത്തിൽ ഏറ്റവുമധികം കണ്ടുവരുന്ന അർബുദ രോഗബാധയിൽ ഏഴാം സ്ഥാനത്താണ് ഹെഡ് ആൻഡ് നെക്ക് കാൻസർ. കഴുത്തിനെയും തലയെയും ബാധിക്കുന്ന ഈ കാൻസറിൽ 57.5 ശതമാനവും ഏഷ്യയിൽ ആണ് റിപ്പോർട്ട് ചെയ്യപ്പെടുന്നത്. അതിൽ തന്നെ ഏറ്റവും കൂടുതൽ രോഗികളുള്ളത് ഇന്ത്യയിലാണ്. ജീവിതശൈലിയിൽ ഉണ്ടാകുന്ന മാറ്റങ്ങൾ, പുകവലി, പുകയില ഉപയോഗം, മദ്യപാനം, പോഷകങ്ങളുടെ അഭാവം എന്നിവയാണ് ഇതിന്റെ കാരണങ്ങളായി പറയുന്നത്. പുകയിലയും മദ്യവും അമിതമായി ഉപയോഗിക്കുന്നവരിൽ ഹെഡ് ആൻഡ് നെക്ക് കാൻസർ സാധ്യത 35 ശതമാനം അധികമാണെന്നാണ് വിദഗ്ധർ പറയുന്നത്.
കാരണം?
ഭക്ഷണത്തിൽ വൈറ്റമിൻ എ, സി, ഇ, അയൺ, സെലീനിയം, സിങ്ക് എന്നിവ അപര്യാപ്തമാകുന്നത് അർബുദത്തിലേക്ക് നയിക്കുന്ന ഘടകമാണ്. ഉയർന്ന അളവിൽ ഉപ്പ് ചേർത്ത ഭക്ഷണം കഴിക്കുന്നതും ഹെഡ് ആൻഡ് നെക്ക് കാൻസറിന് കാരണമാകും. ഗ്രിൽഡ് ബാർബിക്യൂ മാംസം, തണുപ്പിച്ചതും സംസ്കരിച്ചതുമായ ഭക്ഷണം എന്നിവ അമിതമായി ഉപയോഗിക്കുന്നതും പ്രതികൂലമാകും. വായു മലിനീകരണവും അമിതമായ സൂര്യതാപമേൽക്കുന്നതും അർബുദത്തിലേക്ക് നയിക്കാം. എച്ച്പിവി, ഇബിവി, ഹെർപിസ്, എച്ച്ഐവി തുടങ്ങിയ ചില വൈറസുകളും ഇതിന് കാരണമാകാറുണ്ട്.
ജനിതകമായ ചില ഘടകങ്ങളും ഹെഡ് ആൻഡ് നെക്ക് അർബുദത്തിന് പിന്നിലുണ്ടാകാം. കുടുംബത്തിൽ ആർക്കെങ്കിലും ഈ അർബുദം വന്നിട്ടുണ്ടെങ്കിൽ ഇത് മറ്റുള്ളവർക്കും വരാനുള്ള സാധ്യത 3.5 മുതൽ 3.8 ശതമാനം വരെ അധികമാണ്. മോശം പ്രതിരോധശേഷിയുള്ളവരിൽ ഈ അർബുദം വരാനുള്ള സാധ്യത 500 മുതൽ 700 മടങ്ങ് കൂടുതലാണ്.
ലക്ഷണങ്ങൾ
ഉണങ്ങാത്ത മുറിവുകൾ, അസാധാരണ വളർച്ചകൾ, ശബ്ദത്തിലെ വ്യതിയാനം, ഭക്ഷണം വിഴുങ്ങാനുള്ള ബുദ്ധിമുട്ട് എന്നീ ലക്ഷണങ്ങൾ ഹെഡ് ആൻഡ് നെക്ക് അർബുദത്തിൻറെ സംശയമുണർത്തുന്നവയാണ്. രോഗനിർണയം വൈകി നടക്കുന്നത് മരണനിരക്കും രോഗസങ്കീർണതയും വർദ്ധിപ്പിക്കാൻ ഇടയാക്കും.
സ്ത്രീകളേക്കാൾ കൂടുതൽ പുരുഷന്മാരിൽ
2040ഓടെ ഹെഡ് ആൻഡ് നെക്ക് കാൻസർ കേസുകൾ 50-60 ശതമാനം വർദ്ധിക്കുമെന്നാണ് പഠനത്തിൽ പറയുന്നത്. സ്ത്രീകളെ അപേക്ഷിച്ച് പുരുഷന്മാരിലാണ് ഈ കാൻസർ കൂടുതലായി കണ്ടുവരുന്നത്. അറുപതുകളിലും എഴുപതുകളിലുമുള്ളവരിലാണ് രോഗം കൂടുതലായി കാണപ്പെടുന്നതെങ്കിലും 20-50 പ്രായവിഭാഗത്തിലുള്ളവരിൽ 24.2 മുതൽ 33.5 ശതമാനം വരെ വർധന ഉണ്ടാകാമെന്നാണ് കരുതുന്നത്.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates

