

ഓ കഞ്ഞി! എന്ന് പുച്ഛിച്ചു തള്ളാൻ വരട്ടെ, പണ്ടു കാലം മുതലുള്ള മലയാളികളുടെ ഭക്ഷണക്രമത്തിൽ കഞ്ഞിക്കും കഞ്ഞിവെള്ളത്തിനും വലിയ പ്രാധാന്യമുണ്ട്. ചോറ് വെന്ത് ഊറ്റിയെടുത്ത ശേഷം അവശേഷിക്കുന്ന വെള്ളമാണ് കഞ്ഞിവെള്ളം. വലിയ ഡിമാൻഡ് ഇല്ലാത്തതു കൊണ്ട് കഞ്ഞിവെള്ളം അതേപടി ഒഴിച്ചു കളയുകയാണ് പതിവ്.
എന്നാൽ ഇതിന് ശരീരത്തിന് ആവശ്യമായ കാർബോഹൈഡ്രേറ്റ്, ധാതുക്കൾ, ചില വിറ്റാമിനുകൾ എന്നിവ ലഭ്യമാക്കാൻ സഹായിക്കും. പ്രത്യേകിച്ച് ക്ഷീണം, ദഹനപ്രശ്നങ്ങൾ, നിർജലീകരണം തുടങ്ങിയ അവസ്ഥകളിൽ ഇതൊരു മികച്ച പ്രകൃതിദത്ത പാനീയമാണ്.
കഞ്ഞിവെള്ളം നിങ്ങളുടെ ആരോഗ്യത്തിന് എന്തൊക്കെ ഗുണങ്ങൾ നൽകുമെന്ന് അറിയാമോ?
പനി, ജലദോഷം, വൈറൽ രോഗങ്ങൾ എന്നിവയ്ക്കു ശേഷം ശരീരം ക്ഷീണിക്കും. കഞ്ഞിവെള്ളത്തിൽ കാർബോഹൈഡ്രേറ്റുകൾ ധാരാളമായി അടങ്ങിയിട്ടുണ്ട്. ഇത് ശരീരത്തിന് പെട്ടെന്ന് ഊർജം നൽകാൻ സഹായിക്കുന്നു.
കഞ്ഞിവെള്ളം ദഹനപ്രക്രിയ സുഗമമാക്കാൻ സഹായിക്കുന്നു. മാത്രമല്ല, ഇത് വയറിന് വളരെ ലൈറ്റ് ഫീലിങ് ഉണ്ടാക്കുകയും ചെയ്യുന്നു. എളുപ്പത്തിൽ ദഹിക്കുന്നതിനാൽ കുട്ടികൾക്കും പ്രായമായവർക്കും ഇത് സുരക്ഷിതമാണ്
മഴക്കാലത്ത് പനി, വയറിളക്കം പോലുള്ള അസുഖങ്ങൾക്ക് ശേഷവും ശരീരത്തിൽ നഷ്‌ടമാകുന്ന ജലാംശം വീണ്ടെടുക്കാൻ കഞ്ഞിവെള്ളം സഹായിക്കും.
ചോറിൽ വേവിക്കുമ്പോൾ അതിന്റെ സത്ത് കൂടി കഞ്ഞിവെള്ളത്തിലേക്ക് ഇറങ്ങുകയും അത് ശരീരത്തിന്റെ പ്രതിരോധ ശേഷിയെ മെച്ചപ്പെടുത്തുന്നതുമാണ്.
ശരീരത്തിലെ ജലാംശം നിലനിർത്താനും ദഹനം സുഗമമാക്കാനും സഹായിക്കുന്നതിനാൽ മലബന്ധം കുറയ്ക്കുന്നതിൽ ഗുണം ചെയ്യാം.
അമിതമായ ചൂട്, അസിഡിറ്റി, വയറിലെ അസ്വസ്ഥത എന്നിവ അനുഭവപ്പെടുമ്പോൾ കഞ്ഞിവെള്ളം കുടിക്കുന്നത് വലിയ ആശ്വാസം നൽകും.
വിലകൂടിയ ഹെൽത്ത് ഡ്രിങ്കുകളെ അപേക്ഷിച്ച് വീട്ടിൽ അധികം ചെലവില്ലാതെ എളുപ്പത്തിൽ തയ്യാറാക്കാവുന്ന പ്രകൃതിദത്ത പോഷകപാനീയമാണെന്നതാണ് കഞ്ഞിവെള്ളത്തിന്റെ മറ്റൊരു സവിശേഷത.
കഞ്ഞിവെള്ളം ഉപ്പ് ചേർത്ത് കുടിക്കുന്നതാണ് രുചി. അതിനൊപ്പം മോരും അച്ചാറുമൊക്കെ ചേർത്ത് കുടിക്കാവുന്നതാണ്.
ചെറുചൂടോടെ കുടിക്കുന്നത് വയറിന് ആശ്വാസം നൽകും.
കുത്തരി ഉപയോഗിച്ചുള്ള കഞ്ഞിവെള്ളമാണ് കൂടുതൽ നല്ലത്.
കഞ്ഞിവെള്ളത്തിൽ കാർബോഹൈഡ്രേറ്റ് കൂടുതലായതിനാൽ, പ്രമേഹരോഗികൾ അളവിൽ നിയന്ത്രണം പാലിക്കണം.
പഴകിയ കഞ്ഞിവെള്ളം ഉപയോഗിക്കരുത്.
ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾ ഉള്ളവർ ഡോക്ടറുടെ നിർദേശം തേടുന്നത് നല്ലതാണ്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates