

നാരങ്ങ പിഴിഞ്ഞെടുത്തു കഴിഞ്ഞാൽ അവയുടെ തോട് വലിച്ചെറിയുകയാണ് മിക്കയാളുകളുടെയും പതിവ്. എന്നാൽ നാരങ്ങയുടെ നീരു പോലെ തന്നെ അല്ലെങ്കിൽ അതിനെക്കാൾ ഏറെ പോഷകങ്ങൾ അടങ്ങിയതാണ് നാരങ്ങയുടെ തൊലി. ഇവയ്ക്ക് കയ്പ്പ് രുചിയായതിനാലാണ് പലരും ഇത് ഒഴിവാക്കുന്നത്. എന്നാൽ ഇവ ചായയിലും സാലഡിലും സൂപ്പിലുമൊക്കെ ചേർത്ത് കഴിക്കുന്നത് നിരവധി ആരോഗ്യഗുണങ്ങൾ നൽകാൻ സഹായിക്കും.
പ്രതിരോധശേഷി
നമ്മുടെ ശരീരത്തിലെ സ്വാഭാവിക പ്രതിരോധശേഷി മെച്ചപ്പെടുത്താനുള്ള കഴിവ് നാരങ്ങയുടെ തൊലിയിൽ അടങ്ങിയിട്ടുണ്ട്. ഇതിൽ വിറ്റാമിൻ സി, ഫ്ലേവനോയ്ഡുകൾ, ഡി ലിമണേൻ പോലുള്ള ആന്റിഓക്സിഡന്റുകൾ ധാരാളമുണ്ട്. ഇത് ശരീരത്തിന്റെ പ്രതിരോധശേഷി കൂട്ടുമെന്ന് മാത്രമല്ല, ചർമത്തിലെ അകാല വാർദ്ധക്യ ലക്ഷണങ്ങൾ കുറയ്ക്കാനും സഹായിക്കും.
ദഹനം
ദഹനാരോഗ്യം മെച്ചപ്പെടുത്താൻ സഹായിക്കുന്ന ഭക്ഷ്യനാരുകൾ നാരങ്ങയുടെ തൊലിയിൽ ധാരാളം അടങ്ങിയിട്ടുണ്ട് ഫുഡ് ഹൈഡ്രോകൊളോയ്ഡ്സിൽ പ്രസിദ്ധീകരിച്ച ഒരു പഠനത്തിൽ പറയുന്നു. കൂടാതെ ശരീരത്തിന് ആവശ്യമായ അവശ്യപോഷകങ്ങളായ കാത്സ്യം, പൊട്ടാസ്യം, മഗ്നീഷ്യം, വൈറ്റമിൻ സി എന്നിവയും നാരങ്ങാത്തൊലിയിലുണ്ട്. ഇത് ഹൃദയാരോഗ്യം മെച്ചപ്പെടുത്താനും രക്തത്തിലെ പഞ്ചസാരയുടെ അളവു നിയന്ത്രിക്കാനും സഹായിക്കുന്നു.
ഓറൽ ഹെൽത്ത്
ഇന്ന് പലരെയും അലട്ടുള്ള മോണരോഗങ്ങൾക്കുള്ള പരിഹാരം നാരങ്ങയുടെ തൊലിയിലുണ്ട്. ഇതിന് ആന്റിബാക്ടീരിയൽ ഗുണങ്ങൾ അടങ്ങിയിട്ടുണ്ട്. ഇത് വായ്ക്കുള്ളിലെ ഉപദ്രവകാരികളായ ബാക്ടീരികളെ നശിപ്പിക്കും. ഇതിലൂടെ മോണയുടെ ആരോഗ്യം മെച്ചപ്പെടുത്താൻ സഹായിക്കുന്നു. ബയോ ആക്റ്റീവ് സംയുക്തങ്ങളുടെ മികച്ച ഉറവിടം കൂടിയാണ് നാരങ്ങാത്തൊലി.
കൊളസ്ട്രോൾ
ഇറാൻ യൂണിവേഴ്സിറ്റി ഓഫ് മെഡിക്കൽ സയൻസസ് നടത്തിയൊരു പഠനത്തിൽ അമിതഭാരവും പൊണ്ണത്തടിയുമുള്ള കൗമാരക്കാരിൽ നാരങ്ങയുടെ തൊലി അടങ്ങിയ സപ്ലിമെന്റുകൾ കഴിച്ചവരിൽ രക്തസമ്മർദവും ചീത്ത കൊളസ്ട്രോളും കുറഞ്ഞതായി കണ്ടെത്തിയിരുന്നു. നാരങ്ങാത്തൊലിയിലടങ്ങിയ ബയോ ആക്ടീവ് സംയുക്തങ്ങൾ ആയ ഫ്ലേവനോയ്ഡുകളും ഫൈബറും ഹൃദയസംബന്ധമായ ആരോഗ്യം മെച്ചപ്പെടുത്തും.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates