

അടുത്ത കാലത്ത് കേരളത്തിൽ വൈറലായ പഴമാണ് കാക്കിപ്പഴം, കാക്കപ്പഴം എന്നെല്ലാം വിളിക്കുന്ന പെഴ്സിമൺ ഫ്രൂട്ട്. ജപ്പാൻ, ചൈന, സൗത്ത് കൊറിയ പോലുള്ള രാജ്യങ്ങളിലാണ് പെഴ്സിമൺ ഫ്രൂട്ട് പ്രധാനമായും കൃഷി ചെയ്യുന്നത്. ഇന്ത്യയിൽ തണുപ്പുള്ള പ്രദേശങ്ങളായ ഹിമാചൽപ്രദേശ്, കാശ്മീർ, ഉത്തരാഖണ്ഡ് എന്നിവിടങ്ങളിലും ഈ പഴം കണാപ്പെടാറുണ്ട്. കണ്ടാൽ തക്കാളി പോലെ തോന്നിപ്പിക്കുന്ന പെഴ്സിമൺ പഴത്തിന് നിരവധി ആരോഗ്യഗുണങ്ങളുണ്ട്.
പെഴ്സിമൺ പഴത്തിൽ പോളിഫിനോളുകൾ, ടാനിൻ, വൈറ്റമിൻ സി തുടങ്ങിയ ആന്റിഓക്സിഡന്റുകൾ ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് രോഗപ്രതിരോധം വർധിപ്പിക്കാനും അകാല വാർദ്ധക്യം തടയാനും സഹായിക്കുന്നു. പഴത്തിലെന്ന പോലെ അവയുടെ ഇലകളിലും ധാരാളം ആരോഗ്യഗുണങ്ങൾ അടങ്ങിയിട്ടുണ്ട്.
ഇന്റർനാഷണൽ ജേണൽ ഓഫ് ന്യൂട്രീഷനിൽ പ്രസിദ്ധീകരിച്ച ഒരു പഠനത്തിൽ പെഴ്സിമൺ പഴത്തിന് പക്ഷാഘാതം, ഉയർന്ന രക്തസമ്മർദം തുടങ്ങിയ രോഗങ്ങൾക്കുള്ള സാധ്യത കുറയ്ക്കാനുള്ള കഴിവുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്. ഹൃദയാരോഗ്യം മെച്ചപ്പെടുത്താൻ പെഴ്സിമൺ പഴം കഴിക്കുന്നത് ഗുണം ചെയ്യും.
പെഴ്സിമണിൽ അടങ്ങിയ ഫൈറ്റോകെമിക്കലുകൾ ഇൻഫ്ലമേറ്ററി ഡിസോർഡറുകൾ വരാനുള്ള സാധ്യത കുറയ്ക്കുന്നു. അതിറോസ്ക്ലീറോസിസ്, പക്ഷാഘാതം, മയോകാർഡിയൽ ഇൻഫ്രാക്ഷൻ, ആസ്ത്മ, ചിലയിനം കാൻസറുകൾ തുടങ്ങിയവ വരാനുള്ള സാധ്യത കുറയ്ക്കാൻ പെഴ്സിമൺ പഴം സഹായിക്കും.
ഭക്ഷ്യനാരുകൾ പെഴ്സിമണില്ർ ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് ദഹനവ്യവസ്ഥയുടെ ആരോഗ്യത്തിന് നല്ലതാണ്. പെഴ്സിമൺ പഴം പതിവായി ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് ഉദരാരോഗ്യം വർധിപ്പിക്കും.
പെഴ്സിമൺ പഴത്തിൽ വിറ്റാമിൻ എ ധാരാളമായുണ്ട്. ഇത് കാഴ്ചശക്തി മെച്ചപ്പെടുത്താൻ സഹായിക്കും. പെഴ്സിമണിൽ വിറ്റാമിൻ കെയും ധാരാളമായുണ്ട്. റെറ്റിനയെ ക്ഷതങ്ങളിൽ നിന്ന് സംരക്ഷിച്ച് കണ്ണിന് സംരക്ഷണമേകാൻ ഇത് സഹായിക്കുന്നു.
പെഴ്സിമൺ പഴത്തിൽ നാരുകൾ അടങ്ങിയിട്ടുള്ളതിനാൽ രക്തത്തിലേക്ക് പഞ്ചസാരയുടെ ആഗിരണം സാവധാനത്തിലാക്കാനും ഇതിലൂടെ രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് പെട്ടെന്ന് കൂടുന്നത് തടയാനും സഹായിക്കുന്നു.
പേഴ്സിമണിൽ കരോട്ടിനോയ്ഡ് ഉണ്ട്. ഇത് കാൻസറിനെ പ്രതിരോധിക്കുന്നു. ശരീരഭാരം നിയന്ത്രിക്കാനും കാൻസർ സാധ്യത കുറയ്ക്കാനും പേഴ്സിമണിനു കഴിയും. പ്രോസ്റ്റേറ്റ്, കാൻസർ, സ്തനാർബുദം എന്നിവയുടെ ചികിത്സയ്ക്ക് പേഴ്സിമൺ ഫലപ്രദമാണ്.
പെഴ്സിമണിൽ കാലറി വളരെ കുറവാണ്. പോഷകഗുണങ്ങളുള്ള മികച്ച ഒരു ലഘുഭക്ഷണമാണിത് നാരുകൾ ധാരാളം അടങ്ങിയതിനാൽ ഏറെ നേരം വയർ നിറഞ്ഞ തോന്നലുണ്ടാക്കുന്നതിലൂടെ അമിതമായി ഭക്ഷണം കഴിക്കുന്നത് തടയാം.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates