പ്രായം കൂടുന്തോറും പ്രതിരോധശേഷി ദുർബലമാകുന്നതിനും രോഗങ്ങൾ ബാധിക്കാനുമുള്ള സാധ്യത കൂടുതലാണ്. എന്നാൽ ചില ലക്ഷണങ്ങളെ വാർധക്യ ലക്ഷണമായി തെറ്റിദ്ധരിക്കരുതെന്ന് വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നു. 45 വയസിന് ശേഷം അവഗണിക്കുന്നതും എന്നാൽ അടിയന്തര ശ്രദ്ധ ആവശ്യവുമായ ചില സൂചനകളും ലക്ഷണങ്ങളുമുണ്ട്. ഇവ തിരിച്ചറിയുന്നത് ആരോഗ്യ സങ്കീർണതകൾ തടയാനും നിയന്ത്രിക്കാനും സഹായിക്കും.
ബ്രെയിൻ ഫോഗ്
ബ്രെയിൻ ഫോഗ് അനുഭവപ്പെടുമ്പോൾ ആളുകൾക്ക് മാനസികമായ ആശയക്കുഴപ്പം, വിവരങ്ങൾ ഓർത്തുവെക്കുന്നതിൽ ബുദ്ധിമുട്ട് തുടങ്ങിയ ലക്ഷണങ്ങൾ ഉണ്ടാകാം. 45 വയസിനു മുകളിലുള്ളവരിൽ ഹോർമോൺ വ്യതിയാനങ്ങൾ, ഉറക്കക്കുറവ്, മാനസിക പിരിമുറുക്കം, മരുന്നുകളുടെ പാർശ്വഫലങ്ങൾ, പ്രമേഹം, വിഷാദരോഗം എന്നിവയാകാം ഇതിന് കാരണം. ഓർമക്കുറവും ചിന്തിക്കുന്നതിലെ അവ്യക്തതയും ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളുടെ സൂചനയാകാം.
കാഴ്ച
പ്രായമാകുന്നതിന് അനുസരിച്ച് കാഴ്ചയിലുണ്ടാകുന്ന മാറ്റങ്ങൾ ശ്രദ്ധിക്കണം. മങ്ങിയ കാഴ്ചയോടൊപ്പം ക്ഷീണവും ദൂരെയോ രാത്രിയിലോ കാണാനുള്ള ബുദ്ധിമുട്ടും ഉണ്ടാകുന്നത് മറ്റ് ആരോഗ്യപ്രശ്നങ്ങളുടെ സൂചനയാകാം. വെള്ളെഴുത്ത്, തിമിരം, മാക്യുലാർ ഡീജനറേഷൻ, ഡയബറ്റിക് റെറ്റിനോപ്പതി എന്നിവ വളരെ പതുക്കെയാണ് രൂപപ്പെടുന്നത്. കൃത്യമായി ചികിത്സിച്ചില്ലെങ്കിൽ ഇവ സ്ഥിരമായ കാഴ്ചത്തകരാറിന് കാരണമാകും.
ശരീരഭാരം
45 വയസിനു മുകളിലുള്ളവരിൽ ആന്തരികാവയവങ്ങളിൽ കൊഴുപ്പ് അടിഞ്ഞുകൂടുന്നത് പ്രമേഹം, ഡിമെൻഷ്യ, കാൻസർ തുടങ്ങിയ ഗുരുതര രോഗങ്ങളുണ്ടാകാനുള്ള സാധ്യത വർധിപ്പിക്കുന്നു. 40 ഇഞ്ചിൽ കൂടുതൽ അരവണ്ണമുള്ള പുരുഷന്മാർക്കും 35 ഇഞ്ചിൽ കൂടുതൽ അരവണ്ണമുള്ള സ്ത്രീകൾക്കും ആരോഗ്യപരമായ അപകടസാധ്യതകൾ നിലനിൽക്കുന്നുണ്ട്.
ഉറക്കശീലം
ഉറക്കത്തിന്റെ ഗുണനിലവാരം കുറയുന്നതിനെ സാധാരണമാണെന്ന് കരുതി അവഗണിക്കരുത്. 45 വയസിന് ശേഷം ആർത്തവവിരാമവുമായി ബന്ധപ്പെട്ട ലക്ഷണങ്ങൾ, ഹോർമോൺ വ്യതിയാനങ്ങൾ, സമ്മർദം എന്നിവയുടെ ഫലമായി ഉറക്കപ്രശ്നങ്ങൾ ഉണ്ടാകാം. ഉറങ്ങാൻ ബുദ്ധിമുട്ടുക, ഉറക്കം നിലനിർത്താൻ കഴിയാതിരിക്കുക, ഇടയ്ക്കിടെ ഉണരുക, പകൽസമയത്തെ അമിത ഉറക്കം തുടങ്ങിയവ ഗൗരവകരമായ പ്രശ്നങ്ങളുടെ സൂചനയാകാം. ഉറക്കവുമായി ബന്ധപ്പെട്ട് നീണ്ടുനിൽക്കുന്ന ആരോഗ്യപ്രശ്നങ്ങൾ മാനസികാരോഗ്യത്തെയും ഹൃദയാരോഗ്യത്തെയും പ്രതിരോധശേഷിയെയും പ്രതികൂലമായി ബാധിക്കുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
