

സ്കൂള്‍ തുറന്നതോടെ മിക്ക മാതാപിതാക്കളെയും ആശങ്കപ്പെടുത്തുന്ന ഒന്നാണ് തിരക്കിട്ട് രാവിലെ സ്കൂൾ പോകാനൊരുങ്ങുമ്പോഴും ഉച്ചയ്ക്ക് സ്കൂളിലേക്കും കുഞ്ഞുങ്ങള്‍ക്ക് എന്തു ഭക്ഷണം കൊടുക്കണമെന്നത്. കുഞ്ഞുങ്ങളുടെ ഭക്ഷണകാര്യങ്ങളിൽ നേരത്തെ ശ്രദ്ധിക്കുന്നത് ഭാവിയിൽ നല്ല ഭക്ഷണശീലങ്ങൾ അവർ സ്വായത്തമാക്കുന്നതിനു ഉപകരിക്കും.
പഠിക്കുന്ന കുട്ടികൾക്ക് സമീകൃതാഹാരം നിർബന്ധമായും നൽകണം. അവരുടെ ശാരീരികവും മാനസികവുമായ വളർച്ചയ്ക്ക് പോഷകങ്ങള്‍ പ്രധാനമാണ്, അതുകൊണ്ട് ഭക്ഷണ തിരഞ്ഞെടുപ്പ് മികച്ചതായിരിക്കണം. ഭക്ഷണത്തിൽ നിന്ന് ആവശ്യത്തിനുള്ള പോഷകങ്ങൾ ലഭിക്കുന്നില്ലെങ്കിൽ അതവരുടെ വളർച്ചയെ ബാധിക്കും. കൂടാതെ എണ്ണ പലഹാരങ്ങളോ ജങ്ക് ഫുഡ് പോലുള്ളവ ശീലിച്ചാൽ പൊണ്ണത്തടി, പ്രമേഹം, ഫാറ്റിലിവര്‍ തുടങ്ങിയ രോഗാവസ്ഥകള്‍ ചെറുപ്പത്തില്‍ തന്നെ കുട്ടികളെ ബാധിക്കാന്‍ കാരണമാകും. സമീകൃതാഹാരം പൊതുവായ ക്ഷേമം, വളർച്ച, രോഗ സാധ്യത കുറയ്ക്കൽ എന്നിവ പ്രോത്സാഹിപ്പിക്കുന്നു.
ശ്രദ്ധിക്കേണ്ടതെന്തൊക്കെ?
പ്രഭാത ഭക്ഷണം ഒരിക്കലും ഒഴിവാക്കരുത്.
ധാരാളം വെള്ളം കുടിയ്ക്കണം, എട്ടു മുതൽ പത്തു ഗ്ലാസ് വരെ ദിവസേനെ കുടിക്കുക, വെള്ളത്തിന് പകരമായി കാപ്പി, ജ്യൂസ് തുടങ്ങിയവ കുടിക്കാതെ മഴക്കാലമായതിനാൽ തിളപ്പിച്ചാറിയ വെള്ളമോ, ഉപ്പിട്ട നാരങ്ങാവെള്ളം, മോരുവെള്ളം, സംഭാരം, കരിക്കിൻവെള്ളം എന്നിവയും ഉൾപ്പെടുത്താവുന്നതാണ്.
കൂടുതൽ കഴിക്കാതെ കഴിക്കുന്ന വിഭവങ്ങളുടെ അളവു കുറച്ച് എല്ലാ ഭക്ഷണ വിഭാഗങ്ങളും ഉൾപ്പെടുത്തുക. അതായത് ഇലക്കറികൾ, പച്ചക്കറികൾ, പയറുവർഗ്ഗങ്ങൾ, പഴങ്ങൾ എന്നിവ നിർബന്ധമായി കഴിക്കണം. പഴങ്ങൾ ജ്യൂസ് ആയി കഴിക്കാതെ മുഴുവൻ പഴമായിട്ടു തന്നെ കഴിക്കാൻ ശ്രദ്ധിക്കുക
അധികം മസാലയോ എരിവോ ചേർക്കാത്ത ചിക്കൻ, മീൻ, പാൽ, ബീഫ് എന്നിവയും കൊടുക്കാം. ഇറച്ചി പാകം ചെയ്യുമ്പോൾ പൊരിക്കാതെ കറിയാക്കിയോ അല്ലെങ്കിൽ വീട്ടിൽ വച്ച് ഗ്രിൽ ചെയ്യുകയോ ആവാം.
ഉയർന്ന അളവിൽ സംസ്കരിച്ചതും പാക്കേജുചെയ്തതുമായ ഭക്ഷണങ്ങൾക്ക് പകരം പൂർണ്ണവും കുറഞ്ഞ സംസ്കരിച്ചതുമായ ഭക്ഷണങ്ങൾ തിരഞ്ഞെടുക്കുക.
ദിവസവും ഒരു മുട്ട ഉൾപ്പെടുത്താം
സ്കൂളിലേക്ക് ഭക്ഷണം കൊണ്ടുപോകുന്നത് സ്റ്റീൽ പാത്രത്തിലോ ഗുണമേന്മയുള്ള ഫുഡ് ഗ്രേഡ് പ്ലാസ്റ്റിക്കിൽ നിർമ്മിച്ച പാത്രങ്ങളോ ആകാൻ ശ്രദ്ധിക്കുക. വാട്ടർ ബോട്ടിൽ വാങ്ങുമ്പോഴും ഈ മാനദണ്ഡങ്ങൾ സ്വീകരിക്കണം.
കുട്ടികള്‍ പൊതുവേ ഭക്ഷണത്തോട് വിമുഖത കാണിയ്ക്കുന്നവരാണ്. ഒപ്പം അനാരോഗ്യകരമായ ഭക്ഷണത്തോട് താല്‍പര്യം കാണിയ്ക്കുന്നവരും. കുത്തിനിറച്ചു ഭക്ഷണം വയ്ക്കാതെ കുട്ടികൾക്ക് കഴിക്കാൻ പാകത്തിൽ ഭംഗിയായി കളർഫുള്ളായി ഒരുക്കി കൊടുക്കാം.
ഇടനേരങ്ങളിലെ ചെറിയ ഭക്ഷണമായി പഴങ്ങളും ഓട്സ്, നിലക്കടല, എള്ളുണ്ട, നട്സ് ഒക്കെയാകാം. ഇട നേരത്തെ ഭക്ഷണം ബേക്കറി വസ്തുക്കള്‍ നല്‍കരുത്.
വൈകീട്ട് കുട്ടികള്‍ വീട്ടില്‍ വന്നാല്‍ ഏത്തപ്പഴം പോലുള്ളവ പുഴുങ്ങി നല്‍കാം. മില്ലറ്റ് പോലുള്ള മുഴുധാന്യങ്ങൾ, അവല്‍ പോലുള്ളവ കൊണ്ട് ഉപ്പുമാവ്, ചോളം പുഴുങ്ങിയത്, അട, കൊഴക്കട്ട, വട്ടയപ്പം മധുരക്കിഴങ്ങ്, തുടങ്ങി ആവിയിൽ വേവിക്കുന്ന ആരോഗ്യകരമായ ഭക്ഷണങ്ങൾ ആകാം.
മധുരപലഹാരങ്ങൾ, സോഡ, മറ്റു സോഫ്റ്റ് ഡ്രിങ്ക്സുകൾ തുടങ്ങിയവയുടെ അമിത ഉപയോഗം ഒഴിവാക്കണം. ഇത് ശരീരഭാരം വർദ്ധിപ്പിക്കാനും മറ്റ് ആരോഗ്യപ്രശ്നങ്ങളിലേക്ക് നയിക്കാനും സാധ്യതയുണ്ട്.
ഭക്ഷണമുണ്ടാക്കുമ്പോൾ കുട്ടിയുടെ താത്പര്യങ്ങൾ കൂടി പരിഗണിക്കണം.
രാത്രി അത്താഴം എട്ടു മണിക്ക് മുന്നേ തന്നെയാകാൻ ശീലിപ്പിക്കാം. ദഹിക്കാൻ ബുദ്ധിമുട്ടുള്ള ഭക്ഷണങ്ങൾ രാത്രിയിൽ ഒഴിവാക്കുക
Nutritionist shares Healthy diet for students
തയ്യാറാക്കിയത്: സൂസൻ ഇട്ടി , ചീഫ് ക്ലിനിക്കൽ ന്യൂട്രിഷനിസ്റ് , ആസ്റ്റർ മെഡ്സിറ്റി, കൊച്ചി
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates