

ഇന്ന് ഒരു പൊതു ആരോഗ്യപ്രശ്നമായി മാറിയിരിക്കുകയാണ് ഉയർന്ന രക്തസമ്മർദം. ഐസിഎംആർ കഴിഞ്ഞ വർഷം പ്രസിദ്ധീകരിച്ച ഒരു പഠനത്തിൽ 40 വയസിന് താഴെയുള്ള മുതിർന്നവരിൽ 20 ശതമാനത്തിലധികം പേർക്കും ഉയർന്ന രക്തസമ്മർദം നേരിടുന്നുവെന്ന് ചൂണ്ടിക്കാണിക്കുന്നു. എന്നാൽ സമീപകാലത്ത് വന്ന മറ്റൊരു സർവെ റിപ്പോർട്ടിൽ പല കാരണങ്ങളാൽ യുകെയിലെ കുട്ടികൾക്കിടയിൽ ഉയർന്ന രക്തസമ്മർദം വർധിക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്.
പൊണ്ണത്തടിയും, അനാരോഗ്യകരമായ ഭക്ഷണക്രമവും വ്യായാമമില്ലായ്മയുമൊക്കെയാണ് കുട്ടികളിൽ രക്തസമ്മർദം വർധിക്കാനുള്ള കാരണം. പലപ്പോഴും കുട്ടികളിൽ പ്രകടമാകുന്ന ലക്ഷണങ്ങൾ ശ്രദ്ധിക്കാതെ പോകുന്നതാണ് വെല്ലുവിളിയാകുന്നത്. കടുത്ത തലവേദനയോ ക്ഷീണമോ അനുഭവപ്പെടുന്നതായി കുട്ടികൾ പരാതിപ്പെട്ടാൽ ഉടൻ വൈദ്യസഹായം തേടണം.
സംസ്കരിച്ച ഭക്ഷണങ്ങൾ കുട്ടികൾ അമിതമായി കഴിക്കുന്നതാണ് പ്രധാന വില്ലൻ. ഉയർന്ന അളവിൽ ഉപ്പ്, കൊഴുപ്പ്, പഞ്ചസാര എന്നിവ അടങ്ങിയ ഭക്ഷണങ്ങൾ കുട്ടികളുടെ ആരോഗ്യത്തെ ഗുരുതരമായി ബാധിക്കുന്നതാണ്. 2010 നും 2020നും ഇടയിലുള്ള പത്ത് വർഷം പരിശോധിച്ചാൽ അമിതവണ്ണമുള്ള കുട്ടികളുടെ എണ്ണത്തിൽ വലിയ വർധനവാണ് ഉണ്ടായിരിക്കുന്നതെന്ന് ആരോഗ്യ സർവെകൾ പറയുന്നു. ഭക്ഷണക്രമത്തിലെ മാറ്റങ്ങൾ, ശാരീരിക പ്രവർത്തനങ്ങൾ, ആരോഗ്യകരമായ ജീവിതശൈലി എന്നിവയിലൂടെ ഹൃദയാരോഗ്യവും രക്തക്കുഴലുകളുടെ ആരോഗ്യവും സംരക്ഷിക്കാം.
ഉയർന്ന രക്തസമ്മർദം കുട്ടികളിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
ഉണർന്നെഴുന്നേൽക്കുമ്പോഴും എന്തെങ്കിലും പ്രവർത്തനങ്ങൾക്ക് ശേഷമോ കുട്ടിക്ക് തലവേദന
മതിയായ വിശ്രമം ലഭിച്ചിട്ടും ക്ഷീണവും പകൽ ഉറക്കം തൂങ്ങുന്ന അവസ്ഥ
കാരണങ്ങളില്ലാത്ത മൂക്കിൽ നിന്ന് രക്തസ്രാവമുണ്ടാകുക.
നിൽക്കുമ്പോഴോ കളിക്കുമ്പോഴോ തലകറങ്ങുന്നത് പോലുള്ള തോന്നൽ.
ശ്വാസമെടുക്കുന്നതിൽ ബുദ്ധിമുട്ട്
വിശ്രമിക്കുമ്പോൾ നെഞ്ചിൽ മുറുക്കം അനുഭവപ്പെടുക.
ആരോഗ്യകരമായ ജീവിതശൈലി
ദിവസവും ഭക്ഷണത്തിൽ രണ്ട് ഗ്രാമിൽ കൂടുതൽ ഉപ്പ് ഉപയോഗിക്കരുത്.
ധാരാളം മധുരം അടങ്ങിയ ശീതളപാനീയങ്ങൾ ഒഴിവാക്കുക.
ദിവസവും കുറഞ്ഞത് ഒരു മണിക്കൂർ വ്യായാമം ചെയ്യുക.
അഞ്ച് ശതമാനം ഭാരം കുറയ്ക്കുന്നതുപോലും രക്തസമ്മർദ്ദം കുറയ്ക്കാൻ സഹായിക്കും.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates