താങ്ങാനാവാത്ത സമ്മർദം, ഹൃദ്രോ​ഗമില്ലാത്തവരും കുഴഞ്ഞു വീണു മരിക്കുന്നു; ഡോക്ടറുടെ കുറിപ്പ്

മാനസിക സമ്മർദം ശരീരത്തിൽ അഡ്രിനാലിൻ (Adrenaline), കോർട്ടിസോൾ (Cortisol) തുടങ്ങിയ ഹോർമോണുകൾ വലിയ തോതിൽ ഉൽപാദിപ്പിക്കാനും ഇവ ഹൃദയാരോ​ഗ്യത്തെ സാരമായി ബാധിക്കുമെന്നും അദ്ദേഹം പറയുന്നു.
Mental Stress
Mental StressPinterest
Updated on
2 min read

ഹൃദയസംബന്ധമായ പ്രശ്നങ്ങളില്ലാത്തവരും കുഴഞ്ഞു വീണ് മരിക്കുന്ന സാഹചര്യം ഇന്ന് വർധിച്ചു വരികയാണ്, പ്രത്യേകിച്ച് മധ്യവയസ്കരും യുവാക്കളും. പ്രമേഹം, ഉയർന്ന രക്തസമ്മർദം, രക്തത്തിലെ അമിത കൊഴുപ്പ് തുടങ്ങിയ ജീവിതശൈലീപരമായ ഘടങ്ങൾ ഹൃദ്രോ​ഗ സാധ്യത വർധിപ്പിക്കുന്നതാണ്. എന്നാൽ അധികം ആരും ചൂണ്ടിക്കാണിക്കാത്ത വ്യക്തമായ ഒരു കാരണം കൂടി പെട്ടെന്നുള്ള ഹൃദയാഘാത കേസുകൾക്ക് പിന്നിലുണ്ടെന്ന് വിശദീകരിക്കുകയാണ് ഡോ. ഇഖ്ബാൽ ബാപ്പുകുഞ്ഞ്.

കടുത്ത മാനസിക സമ്മർദവും പെട്ടെന്നുള്ള ഹൃദയാഘാതത്തിന് കാരണമാകമെന്നത് ​ഗൗരവമായി ചർച്ച ചെയ്യപ്പെടാതെ പോകുന്നുവെന്ന് അദ്ദേഹം ഫെയ്സ്ബുക്കിൽ പങ്കുവെച്ച കുറിപ്പിൽ പറയുന്നു. സാമ്പത്തികവും സാമൂഹികവും തൊഴിൽപരവുമായ പ്രതിസന്ധികൾക്ക് പുറമേ, കുടുംബബന്ധങ്ങളിലെ താളപ്പിഴകളും തീവ്രമായ മാനസിക സമ്മർദത്തിലൂടെ കടത്തിവിടാമെന്ന് അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു. മാനസിക സമ്മർദം ശരീരത്തിൽ അഡ്രിനാലിൻ (Adrenaline), കോർട്ടിസോൾ (Cortisol) തുടങ്ങിയ ഹോർമോണുകൾ വലിയ തോതിൽ ഉൽപാദിപ്പിക്കാനും ഇവ ഹൃദയാരോ​ഗ്യത്തെ സാരമായി ബാധിക്കുമെന്നും അദ്ദേഹം പറയുന്നു.

ഫേയ്സ്ബുക്ക് കുറിപ്പിൻ്റെ പൂർണരൂപം

മാനസിക സംഘർഷവും ഹൃദയാഘാതവും: ശാസ്ത്രീയ വശങ്ങൾ

അടുത്തകാലത്ത് മധ്യവയസ്കരും യുവാക്കളും പോലും കുഴഞ്ഞുവീണ് മരിക്കുന്നു എന്ന വാർത്തകൾ ഇടയ്ക്കിടെ റിപ്പോർട്ട് ചെയ്യപ്പെടുന്നത് ജനങ്ങളിൽ വലിയ ആശങ്കയുണ്ടാക്കിയിട്ടുണ്ട്. ഇത്തരം മരണങ്ങൾക്ക് പ്രധാന കാരണം ഹൃദയാഘാതമാണെന്നാണ് കണ്ടെത്താൻ കഴിഞ്ഞിട്ടുള്ളത്. എന്നാൽ സമീപകാലത്ത് നടത്തിയ വൈദ്യപരിശോധനകളിൽ ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾ, പ്രത്യേകിച്ച് ഹൃദയസംബന്ധമായ തകരാറുകൾ ഇല്ലാതിരുന്നവരിൽ പോലും ഇത്തരം മരണം സംഭവിക്കുന്നത് നിരവധി ഊഹാപോഹങ്ങളിലേക്ക് നയിച്ചിട്ടുണ്ട്.

പ്രമേഹം, രക്താതിമർദ്ദം, രക്തത്തിലെ കൊഴുപ്പിന്റെ അമിതമായ വർദ്ധനവ് തുടങ്ങിയ പാരമ്പര്യവും ജീവിതശൈലീപരവുമായ ഹൃദ്രോഗ കാരണങ്ങളെക്കുറിച്ച് ഇന്ന് ഭൂരിഭാഗം ആളുകൾക്കും അറിവുണ്ട്. എന്നാൽ, കടുത്ത മാനസിക സംഘർഷവും (Stress) പെട്ടെന്നുണ്ടാകുന്ന ഹൃദയാഘാതത്തിലേക്ക് നയിച്ചേക്കാം എന്ന വസ്തുത പലപ്പോഴും ഗൗരവമായി ചർച്ച ചെയ്യപ്പെടാതെ പോകുന്നു. സാമ്പത്തികവും സാമൂഹികവും തൊഴിൽപരവുമായ പ്രതിസന്ധികൾക്ക് പുറമേ, കുടുംബബന്ധങ്ങളിലെ ശൈഥില്യവും സ്ത്രീ-പുരുഷ ബന്ധങ്ങളിലെ താളപ്പിഴകളുമെല്ലാം തീവ്രമായ മാനസിക സമ്മർദ്ദത്തിന് കാരണമാകാറുണ്ട്. ഇത്തരത്തിൽ മനസ്സിനേൽക്കുന്ന കനത്ത ആഘാതങ്ങൾ ശരീരത്തിന്റെ ജൈവതാളം തെറ്റിക്കുകയും ഹൃദയത്തിന്റെ പ്രവർത്തനത്തെ നിശ്ചലമാക്കുകയും ചെയ്യുന്ന സാഹചര്യമാണ് നാം പലപ്പോഴും യുവാക്കളിലുൾപ്പെടെ കണ്ടുവരുന്നത്.

Mental Stress
ആരോ​ഗ്യത്തിന്റെ 70 ശതമാനവും തുടങ്ങുന്നത് ഇവിടെ നിന്ന്, ​ഗട്ട് ഹെൽത്ത് എങ്ങനെ ശരിയാക്കാം

ദീർഘകാലമായുള്ള മാനസിക പിരിമുറക്കം പെട്ടെന്ന് തീവ്രമാകുമ്പോൾ (Acute mental stress) ശരീരത്തിലുണ്ടാകുന്ന ജൈവരാസമാറ്റങ്ങളാണ് ഇത്തരം അപകടങ്ങൾക്ക് പിന്നിലെ ശാസ്ത്രം. നാം കടുത്ത സമ്മർദ്ദത്തിലോ ഭയത്തിലോ അകപ്പെടുമ്പോൾ അഡ്രിനാലിൻ (Adrenaline), കോർട്ടിസോൾ (Cortisol) തുടങ്ങിയ ഹോർമോണുകൾ ശരീരത്തിൽ വൻതോതിൽ പ്രസവിക്കപ്പെടുന്നു. ഈ പെട്ടെന്നുള്ള ഹോർമോൺ പ്രവാഹം ഹൃദയമിടിപ്പ് വർദ്ധിപ്പിക്കുകയും രക്തസമ്മർദ്ദം ഉയർത്തുകയും ചെയ്യുന്നു. ഇതിനോടൊപ്പം തന്നെ സമ്മർദ്ദ ഹോർമോണുകൾ രക്തക്കുഴലുകളെ പെട്ടെന്ന് സങ്കോചിപ്പിക്കുന്നതോടെ (Vasoconstriction) ഹൃദയപേശികളിലേക്കുള്ള രക്തയോട്ടവും ഓക്സിജൻ ലഭ്യതയും തടസ്സപ്പെടുന്നു. രക്തക്കുഴലുകളിൽ നേരത്തെ രൂപപ്പെട്ടിട്ടുള്ള, പരിശോധനകളിൽ പോലും കണ്ടെത്താൻ പ്രയാസമുള്ള ചെറിയ കൊഴുപ്പ് അടിയലുകൾ (Plaque) പെട്ടെന്നുണ്ടാകുന്ന ഈ രക്തസമ്മർദ്ദ വ്യതിയാനത്തിൽ പൊട്ടിപ്പോകാൻ സാധ്യതയുണ്ട്. ഇത്തരം വിള്ളലുകളിൽ നിമിഷങ്ങൾക്കുള്ളിൽ രക്തം കട്ടപിടിക്കുകയും (Blood Clot) ഹൃദയത്തിലേക്കുള്ള രക്തപ്രവാഹം പൂർണ്ണമായും നിലയ്ക്കുകയും ചെയ്യുന്നു. കൂടാതെ അതീവമായ മാനസിക ആഘാതം മൂലം ഹൃദയത്തിന്റെ ഒരു ഭാഗം പെട്ടെന്ന് തളർന്നുപോകുന്ന Broken Heart Syndrome എന്ന അവസ്ഥയ്ക്കും ഇത് കാരണമാകാം.

Mental Stress
അറിയാമോ പഴങ്കഞ്ഞിയുടെ പവർ!

ശാരീരിക ആരോഗ്യം നിലനിർത്തുന്നതോടൊപ്പം മാനസിക സമ്മർദ്ദമുണ്ടാക്കുന്ന സാഹചര്യങ്ങളെ ഒഴിവാക്കാനും മനസ്സിനെ ശാന്തമായി നിലനിർത്താനും ബോധപൂർവ്വമായ ശ്രമങ്ങൾ ഉണ്ടാവേണ്ടത് ഇത്തരത്തിലുള്ള അപ്രതീക്ഷിത ദുരന്തങ്ങൾ തടയാൻ അനിവാര്യമാണ്. ഹൃദയപരിശോധനകളിൽ തകരാറുകൾ ഇല്ലാത്തവർ പോലും തങ്ങളുടെ മാനസിക സമ്മർദ്ദത്തിന്റെ തോത് കുറയ്ക്കാൻ ബോധപൂർവ്വം പരിശ്രമിക്കേണ്ടതുണ്ട്.

Summary

How Stress Hormone affects Heart Health and cause sudden heart attack.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com