

പഴങ്കഞ്ഞിയെ അങ്ങനെ പെട്ടെന്ന് മറന്നു കളയാൻ മലയാളികൾക്കാവില്ല. പരമ്പരാഗതമായി കൈമാറുന്ന ഭക്ഷണരീതികളിൽ കേരളത്തിന്റെ വ്യക്തിമുദ്ര പതിപ്പിച്ച ഒരു വിഭവമാണ് പഴങ്കഞ്ഞി. രാത്രി ബാക്കിയാവുന്ന ചോറിലേക്ക് അൽപം വെള്ളമൊഴിച്ചു വെച്ചാൽ, രാവിലെ ആകുമ്പോഴേക്കും പഴങ്കഞ്ഞ റെഡി. അതിലേക്ക് രണ്ട് കാന്താരി മുളകും ചുവന്നുള്ളിയും ഉപ്പും ചേർത്ത് ചതച്ചതും തലേന്നത്തെ മീൻ കറിയും തൈരും ചേർത്ത് കഴിച്ചാൽ....
രുചിയും ഊർജവും മാത്രമല്ല, നമ്മുടെ വയറിന് പറ്റിയ ഏറ്റവും മികച്ച ഭക്ഷണം കൂടിയാണ് പഴങ്കഞ്ഞി. ഇതിൽ ലാക്ടോ ബാസിലസ് എന്ന നല്ല ബാക്ടീരിയ അടങ്ങിയിട്ടുണ്ട്. ഇത് കുടലിന്റെ ആരോഗ്യം സംരക്ഷിക്കാൻ സഹായിക്കുന്നതാണ്. ചോറ് കഴിച്ചാൽ കിട്ടാത്ത പല ഗുണങ്ങളും പഴങ്കഞ്ഞിയിൽ അടങ്ങിയിട്ടുണ്ടെന്നാണ് വിദഗ്ധർ പറയുന്നത്. ചോറ് ഫെര്‍മെന്റ് ചെയ്താണ് പഴങ്കഞ്ഞി തയ്യാറാക്കുന്നത്. ഭക്ഷണം പുളിക്കുമ്പോൾ അതിൽ ഫൈറ്റോഎസ്റ്ററോള്‍, ലിനോലെയിക് ആസിഡ്, ആന്തോസയാനിനുകള്‍ ഫിനോള്‍ തുടങ്ങിയ പല പോഷകങ്ങളും വർധിക്കുന്നു.
പഴങ്കഞ്ഞി കുടിച്ചാൽ അമിതവണ്ണം ഉണ്ടാകുമെന്ന ഭയം വേണ്ട. പഴങ്കഞ്ഞി കൊഴുപ്പിനെ വേഗതത്തിൽ വിഘടിപ്പിക്കുകയും ആരോഗ്യകരമായ ശരീരഭാരം നിലനിർത്താൻ സഹായിക്കുകയും ചെയ്യുന്നു. ഇതിൽ അടങ്ങിയിരിക്കുന്ന മാംഗനീസ് ആണ് അതിന് സഹായിക്കുന്നത്. കൂടാതെ പഴങ്കഞ്ഞിയിൽ മൈക്രോഫ്ലോറ ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് നല്ലൊന്നാന്തരം പ്രോബയോട്ടിക് ഭക്ഷണമാണ്. മാത്രമല്ല, സാധാരണ ചോറിനേക്കാള്‍ 21 മടങ്ങ് കൂടുതല്‍ അയേണ്‍ പഴങ്കഞ്ഞിയില്‍ അടങ്ങിയിട്ടുണ്ട്. ധാരാളം ഇലക്ട്രോളൈറ്റുകള്‍ അടങ്ങിയ ഇത് ശരീരത്തിന്റെ ക്ഷീണം അകറ്റാനും സഹായിക്കും.
ഇതിൽ കാല്‍സ്യം, മഗ്നീഷ്യം, വിറ്റാമിൻ ബി12 അടങ്ങിയിട്ടുണ്ട്. പഴങ്കഞ്ഞി കുടിക്കുന്നതു കൊണ്ട് ഗ്യാസ് പോലുള്ള പ്രശ്നങ്ങൾ ഉണ്ടാകുന്നതും കുറവാണ്. പഴങ്കഞ്ഞി തയ്യാറാക്കുമ്പോള്‍ ഇതില്‍ ചേര്‍ക്കുന്ന മോരും കാന്താരിമുളകുമെല്ലാം തന്നെ ഏറെ ആരോഗ്യ ഗുണങ്ങള്‍ നിറഞ്ഞവയാണ് ചർമത്തിന് തിളക്കമുണ്ടാകാനും ചെറുപ്പം തോന്നിക്കാനും സഹായിക്കും. ഇതില്‍ ധാരാളം ആന്റി ഓക്‌സിഡന്റുകള്‍ അടങ്ങിയിട്ടുണ്ട്. ചര്‍മത്തിലുണ്ടാകുന്ന പല രോഗങ്ങള്‍ക്കും പരിഹാരമാണ്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates