

ചർമത്തിന് ഒരു ക്ലീൻ ലുക്ക് വേണമെന്ന് ആഗ്രഹിക്കാത്തവർ ഉണ്ടാകില്ല. എന്നാൽ മൂക്കിന് തുമ്പത്തും നെറ്റിയിലുമായി പ്രത്യക്ഷപ്പെടുന്ന ബ്ലാക് ഹെഡ്സും വൈറ്റ് ഹെഡ്സും ഇതിനൊരു തടസമാണ്. മുഖത്ത് എണ്ണമയം അധികമായുള്ള നെറ്റി, കവിൾ, മൂക്കിന്റെ വശങ്ങൾ, താടി എന്നീ ഭാഗങ്ങളിലാണ് മുഖക്കുരു കൂടുതലായുണ്ടാകുന്നത്.
ഇവയെ കണ്ടാലുടൻ കുത്തിപ്പൊട്ടിക്കുന്ന ശീലം ചിലർക്കുണ്ട്. എന്നാൽ അവ പാടായി അവശേഷിക്കാനും ചർമം കൂടുതൽ മോശമാകാനും കാരണമാകുന്നു. ചർമത്തിന് സ്വാഭാവിക എണ്ണമയം നൽകുന്ന ‘സെബം’ എന്ന സ്രവം ഉൽപാദിപ്പിക്കുന്ന ഗ്രന്ഥികളാണ് സെബേഷ്യസ് ഗ്രന്ഥികൾ. ഈ സ്രവം, രോമകൂപത്തോട് ചേർന്നുള്ള സുഷിരങ്ങൾ വഴി ചർമത്തിലെത്തുന്നു. ഈ സുഷിരങ്ങൾ അടയുമ്പോൾ സെബം പുറത്തെത്താകാനാകാതെ ഉള്ളിൽ തങ്ങും. ഇത് പതിയെ വീർത്തു ചെറിയ കുരുക്കളാകുന്നു.
ഗ്രേഡ് വൺ മുഖക്കുരു ആണ് കൊമഡോൺസ്. ഇതു രണ്ട് തരമുണ്ട്, ബ്ലാക്ക് ഹെഡ്‌സും രണ്ടാമത്തേത് വൈറ്റ് ഹെഡ്‌സും. അടഞ്ഞിരിക്കുന്ന ചെറിയ കുരുക്കള്‍ വൈറ്റ് ഹെഡ്സ് ആണ്. കുരുക്കൾ പൊട്ടി വായുവുമായി സമ്പർക്കത്തിലാകുമ്പോൾ ഓക്സിഡൈസ്ഡ് ആകുകയും കറക്കുകയും ചെയ്യുന്നതാണ് ബ്ലാക് ഹെഡ്സ്. ആദ്യ ഘട്ടത്തിൽ തന്നെ കൃത്യമായി പരിപാലിക്കുന്നത് മുഖക്കുരുവിൽ അണുബാധ ഉണ്ടാകുന്നത് തടയാൻ സഹായിക്കും.
മിക്കയാളുകളും ചെയ്യുന്ന വലിയൊരു അബദ്ധമാണ് ബ്ലാക് ഹെഡ്സ് അല്ലെങ്കിൽ വൈറ്റ് ഹെഡ്സ് കണ്ടാലുടൻ ഞെക്കിപ്പൊട്ടിക്കുക. ഇത് കാര്യങ്ങൾ കൂടുതൽ വഷളാകും. ബ്ലാക് ഹെഡ്സ് പ്രത്യേകം നീക്കിയതു കൊണ്ട് മാത്രമായില്ല. സെബേഷ്യസ് ഗ്രന്ഥികളുടെ അമിത പ്രവർത്തനം കുറയാനും വലിയ ചർമസുഷിരങ്ങൾ ചുരുങ്ങാനുമുള്ള സ്കിൻ ട്രീറ്റ്മെൻ്റ് ചെയ്യണം.
സാലിസിലിക് ആസിഡ് അടങ്ങിയ ഉൽപന്നങ്ങൾ ബ്ലാക് ഹെഡ്സും വൈറ്റ് ഹെഡ്സും ഒരു പരിധി വരെ നിയന്ത്രിക്കാൻ സഹായിക്കും. മൃതകോശങ്ങൾ അകറ്റാനും അമിത എണ്ണമയം ഒഴിവാക്കാനും ഇവ നല്ലതാണ്.
വിറ്റാമിൻ എ ഡെറിവേറ്റീവായ റെറ്റിനോയ്ഡ് അടങ്ങിയ ക്രീമും ലോഷനും ചർമസുഷിരങ്ങൾ അടയുന്നതു തടയും. അതുവഴി മുഖക്കുരു വരുന്നതു തടയാം. റെറ്റിനോയ്ഡ്സ് യുവി സെൻസിറ്റീവ് ആയതിനാൽ രാത്രിയിൽ മാത്രം ഉപയോഗിക്കുക.
വാക്വം സക്ഷനിലൂടെ ചർമസുഷിരങ്ങൾ സൂക്ഷ്മമായി വൃത്തിയാക്കാൻ കഴിയുന്ന ചികിത്സാരീതിയാണ് ഹൈഡ്രാഫേഷ്യൽ. കൊമഡോൺസ് നീക്കാനും ഇനി വരുന്നത് ഒരു പരിധിവരെ തടയാനും ഹൈഡ്രാഫേഷ്യലിലൂടെ സാധിക്കും.
എണ്ണമയമുള്ള ചർമക്കാർ, ബ്ലാക് ഹെഡ്സും വൈറ്റ് ഹെഡ്സും ഉള്ളവർ, മുഖക്കുരു ഉള്ളവർ, വലിയ ചർമസുഷിരങ്ങൾ ഉള്ളവർ ഇവർക്കെല്ലാം ഫലവത്തായ ചികിത്സയാണ് കാർബൺ ലേസർ പീൽ.
മാസത്തിൽ ഒരു തവണയെങ്കിലും ചർമം ക്ലീൻ അപ്പ് ആക്കുന്നത് നല്ലതാണ്.
മുഖം വൃത്തിയാക്കി വയ്ക്കണം. രണ്ടു നേരം ഫെയ്സ് വാഷ് ഉപയോഗിച്ചു മുഖം കഴുകണം. രാവിലെ എഴുന്നേറ്റാലുടനും രാത്രി കിടക്കും മുൻപും.
ചർമസംരക്ഷണത്തിനായി ആൽക്കഹോൾ ഫ്രീ പ്രൊഡക്റ്റ്സ് ഉപയോഗിക്കുക.
ഡോക്ടറുടെ നിർദേശത്തോടെ ചർമത്തിനിണങ്ങുന്ന സ്കിൻ കെയര്‍ റുട്ടീൻ മനസ്സിലാക്കി അതു നിർദിഷ്ട കാലത്തേക്കു കൃത്യമായി പിന്തുടരുക.
കൃത്യമായ ഇടവേളയിൽ ഷാംപൂ ഉപയോഗിച്ചു തല കഴുകുക. താരനും ശിരോചർമത്തിൽ അടിയുന്ന അഴുക്കും കൃത്യമായി നീക്കിയില്ലെങ്കില്‍ കുരുകൾ വരാം.
മൂന്നു ദിവസം കൂടുമ്പോൾ തലയണയുറ മാറ്റണം. തലയണ കവറിൽ താരനും എണ്ണമയവും പൊടിയും അഴുക്കുമെല്ലാം പറ്റിപ്പിടിച്ചിരിക്കാം. ഇതു ചർമവുമായി സമ്പർക്കത്തിൽ വരുമ്പോൾ ചർമപ്രശ്നങ്ങൾ അധികരിക്കും.
ഇടയ്ക്കിടെ മുഖത്തു തൊടുന്ന ശീലം ഒഴിവാക്കണം.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates