

ജോലിഭാരവും തിരക്കും നിറഞ്ഞ ഇന്നത്തെ ജീവിതശൈലിയുടെ പ്രധാന സൈഡ് ഇഫക്ട് ആണ് ഹോർമോൺ അസന്തുലനം. ഇടയ്‌ക്കിടെയുള്ള മൂഡ് മാറ്റം, തളർച്ച, ക്ഷീണം, പൊണ്ണത്തടി എന്നിവയൊക്കെ കാരണം ഹോർമോൺ അസന്തുലനമാകാം. ചിലപ്പോഴൊക്കെ വൈദ്യസഹായം ആവശ്യമായും വരാം. എന്നാൽ ജീവിതശൈലിയിൽ കുറച്ചു മാറ്റങ്ങൾ വരുത്താൻ തയ്യാറായാൽ ഒരു പരിധിവരെ ഈ പ്രശ്നങ്ങൾ പരിഹരിക്കാം.
ദിനചര്യമാക്കാം ഈ അഞ്ച് ശീലങ്ങൾ
ഏഴ് മുതൽ ഒൻപതു മണിക്കൂർ ഉറക്കം; ശരീരത്തിലെ ഹോർമോൺ ബാലൻസ് ചെയ്യേണ്ടതിനും ആരോഗ്യം നിലനിർത്തുന്നതിനും ഉറക്കം വളരെ പ്രധാനമാണ്. ദിവസവും ഏഴ് മുതൽ ഒൻപതു മണിക്കൂർ വരെയുള്ള ആരോഗ്യകരമായ ഉറക്കം ആവശ്യമാണെന്നാണ് ആരോഗ്യവിദഗ്ധർ അഭിപ്രായപ്പെടുന്നത്. കൂടാതെ സ്ഥിരമായി ഓരേ സമയത്ത് ഉറങ്ങാനും എഴുന്നേൽക്കാനും ശ്രമിക്കുന്നത് നിങ്ങളുടെ ബോഡിക്ലോക്കിനെ ചിട്ടപ്പെടുത്താൻ സഹായിക്കും.
ആരോഗ്യകരമായ ഭക്ഷണം; ശരീരത്തിലെ ഹോർമോൺ നിലനിർത്തുന്ന മറ്റൊരു ഘടകമാണ് ഭക്ഷണം. ധാരാളം നാരുകളും ആരോഗ്യകരമായ കൊഴുപ്പും പ്രോട്ടീനുമൊക്കെയായ പോഷകസമൃദ്ധമായ ഭക്ഷണങ്ങൾ ഡയറ്റിൽ ഉൾപ്പെടുത്താൻ ശ്രദ്ധിക്കുക. ഹോർമോൺ സന്തുലനം ഏകുന്ന ഭക്ഷണങ്ങളായ പച്ചനിറത്തിലുള്ള ഇലക്കറികൾ, ക്രൂസിഫെറസ് പച്ചക്കറികളായ ബ്രൊക്കോളി, കോളിഫ്ലവർ കേൽ മുതലായവയും അയല, മത്തി തുടങ്ങിയ കൊഴുപ്പുള്ള മത്സ്യങ്ങളും നട്സ്, സീഡ്സ്, മുഴുധാന്യങ്ങൾ തുടങ്ങിയവ കഴിക്കുക. കൂടാതെ ധാരാളം വെള്ളം കുടിക്കുന്നത് നിങ്ങളുടെ ശരീരത്തിൽ ജലാംശം നിലനിർത്താൻ സഹായിക്കും.
മാനസിക സമ്മർദ്ദം കുറയ്‌ക്കാൻ യോഗ; മാനസിക സമ്മർദ്ദം കൂടുന്നതനുസരിച്ച് ശരീരത്തിലെ ഹോർമോൺ സന്തുലനവും തകിടം മറിയും. അതുകൊണ്ട് മാനസിക സമ്മർദ്ദം കുറയ്‌ക്കുന്നതിന് യോഗ, തായ്‌ചി പോലുള്ളവയിൽ ദിവസവും പരിശീലനം നേടുന്നത് നല്ലതാണ്. മാനസിക ഉല്ലാസം നൽകുന്ന വിനോദ പരിപാടികളിലും ഏർപ്പെടാം. ഇഷ്ടമുള്ള കാര്യങ്ങൾ ചെയ്യുകയോ, പ്രകൃതിയിൽ സമയം ചെലവഴിക്കുകയോ ചെയ്യാം. സെൽഫ് കെയർ പ്രധാനമാണ് ഇതിനായി മസാജ്, അക്യുപങ്ചർ ഇവ ചെയ്യാം. അല്ലെങ്കിൽ പ്രിയപ്പെട്ടവരുമായി സമയം ചെലവിടാം. അതിരുകൾ നിർണയിക്കുക, ടൈംമാനേജ്മെന്റ് പരിശീലിക്കുക തുടങ്ങിയവയും സ്ട്രെസ്സ് കുറയ്ക്കാനും ഹോർമോൺ സന്തുലനത്തിനും സഹായിക്കും.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
ദിവസവും അര മണിക്കൂർ വ്യായാമം; ഹോർമോൺ സന്തുലനം നിയന്ത്രിക്കുന്നതിനും മൊത്തത്തിലുള്ള ആരോഗ്യത്തിനും വ്യായാമത്തിന്റെ പങ്കു വലുതാണ്. ദിവസവും അരമണിക്കൂർ വ്യായാമത്തിന് വേണ്ടി മാറ്റിവെക്കുന്നത് നിങ്ങളുടെ ആരോഗ്യത്തെ മെച്ചപ്പെടുത്തും. കാർഡിയോ വാസ്കുലാർ, സ്ട്രെങ്ങ്ത്ത് ട്രെയിനിങ്ങ്, ഫ്ലെക്സിബിലിറ്റി വ്യായാമങ്ങൾ ഇവ ചെയ്യാം. അല്ലെങ്കിൽ നടത്തം, ജോഗിങ്ങ്, സൈക്ലിങ്ങ്, നീന്തൽ, ഡാൻസിങ്ങ് തുടങ്ങി നിങ്ങൾക്ക് ഇഷ്ടപ്പെടുന്ന രീതിയിൽ ശാരീരിക പ്രവർത്തനങ്ങളിൽ ഏർപ്പെടാം. വ്യായാമം ചെയ്യുന്നത് നിങ്ങളുടെ മനോനിലയെ മെച്ചപ്പെടുത്താൻ സഹായിക്കും. എന്നാൽ അമിത വ്യായാമം പാടില്ല. അത് നിങ്ങളെ കൂടുതൽ സമ്മർദ്ദത്തിലാക്കും.
10 മിനിറ്റു മുതൽ അരമണിക്കൂവരെ സൂര്യപ്രകാശം ഏൽക്കണം; വിറ്റാമിൻ ഡിയുടെ പ്രധാന സ്രോതസ്സ് ആണ് സൂര്യപ്രകാശം. ഇത് ഹോർമോൺ സന്തുലാനത്തിനും ആരോഗ്യത്തിനും ആവശ്യമാണ്. ദിവസവും 10 മിനിറ്റു മുതൽ അര മണിക്കൂർ വരെ നേരിട്ടുള്ള മിതമായ സൂര്യപ്രകാരം കൊള്ളണമെന്നാണ് ആരോഗ്യ വിദഗ്ധർ പറയുന്നത്. രാവിലെയോ വൈകുന്നേരങ്ങളിലെയോ ഇളം വെയിൽ കൊള്ളുന്നതാണ് ഏറ്റവും നല്ലത്. മതിയായ സൂര്യപ്രകാശം ലഭിച്ചില്ലെങ്കിൽ വിറ്റാമിൻ ഡി സപ്ലിമെന്റുകൾ കഴിക്കാവുന്നതാണ്. കൊഴുപ്പുള്ള മത്സ്യങ്ങൾ, പാലുൽപന്നങ്ങൾ, മുട്ട, കൂൺ തുടങ്ങി വൈറ്റമിൻ ഡി ധാരാളം അടങ്ങിയ ഭക്ഷണം ശീലമാക്കണം.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates