

കുതിരയ്ക്ക് കൊടുത്തുകൊണ്ടിരുന്ന മുതിരയുടെ പോഷകഗുണം മനസിലാക്കിയതോടെ നമ്മുടെ ഡയറ്റിൽ പതിയെ പതിയെ മുതിര സ്ഥാനം പിടിച്ചു തുടങ്ങി. മുതിരയിൽ അടങ്ങിയ നാരുകൾ കുടലിന്റെ ചലനം സുദഗമമാക്കാനും ദഹനം വേഗത്തിലാക്കാനും സഹായിക്കുന്നു.
മുതിരയിൽ കൊഴുപ്പ് കുറവും നാരുകൾ കൂടുതലുമായതിനാൽ തടി കുറയ്ക്കാൻ ആഗ്രഹിക്കുന്നവർക്ക് മികച്ചതാണ്. രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാനും മുതിര സഹായിക്കും. കാര്യങ്ങൾ ഇങ്ങനൊക്കെയാണെങ്കിലും ചില സാഹചര്യങ്ങളിൽ മുതിര ആരോഗ്യത്തിന് പണി തരാൻ സാധ്യതയുണ്ട്.
മുതിര ശരീരത്തിൽ ഉഷ്ണമുണ്ടാക്കുന്ന ഒരു ഭക്ഷണമാണ്. ഇത് ശരീരതാപനില വർധിക്കാൻ കാരണമാകും. അതുകൊണ്ട് വേനൽക്കാലത്ത് മുതിര ഒഴിവാക്കുന്നതാണ് നല്ലത്.
മറ്റ് പയറുവർഗ്ഗങ്ങളെ അപേക്ഷിച്ച് മുതിര ദഹിക്കാൻ പ്രയാസമാണ്. ഇത് അമിതമായി കഴിക്കുന്നത് ഗ്യാസ്, വയറുവേദന, മലബന്ധം എന്നിവക്ക് കാരണമായേക്കാം. മുതിര നന്നായി കുതിർത്ത ശേഷം വേവിച്ച് ഉപയോഗിക്കുന്നതാണ് നല്ലത്.
ഗർഭകാലത്ത് മുതിര അമിതമായി കഴിക്കുന്നത് ഒഴിവാക്കണം. ഇതിലെ ഉഷ്ണ സ്വഭാവം ഗർഭസ്ഥ ശിശുവിനും അമ്മക്കും ചിലപ്പോൾ അസ്വസ്ഥതയുണ്ടാക്കാം.
മുതിര ശരീരത്തിലെ കൊഴുപ്പ് കുറക്കാൻ സഹായിക്കുന്ന ഒന്നാണ്. അതിനാൽ അമിതമായി മെലിഞ്ഞവരോ, പെട്ടെന്ന് തടി വെക്കണമെന്ന് ആഗ്രഹിക്കുന്നവരോ മുതിര പതിവായി കഴിക്കുന്നത് ഗുണകരമാകില്ല.
യൂറിക് ആസിഡ് വർധനവ് മൂലം സന്ധിവേദന ഉള്ളവർ മുതിര നിയന്ത്രിക്കണം. മുതിരയിൽ അടങ്ങിയിരിക്കുന്ന ചില ഘടകങ്ങൾ യൂറിക് ആസിഡ് നില വർധിപ്പിക്കാൻ കാരണമാകും.
വയറിൽ അൾസർ ഉള്ളവർക്ക് മുതിരയുടെ ഉപയോഗം ചിലപ്പോൾ എരിച്ചിൽ കൂട്ടാൻ സാധ്യതയുണ്ട്.
മുതിരയും പാലും കൂടി ചേർത്ത് കഴിക്കുന്നത് ആയുർവേദ പ്രകാരം വിരുദ്ധാഹാരമാണ്. ഇത് ചർമരോഗങ്ങൾക്കും ദഹനക്കേടിനും കാരണമായേക്കാം. മുതിര പാകം ചെയ്യുമ്പോൾ അല്പം ജീരകമോ ഇഞ്ചിയോ ചേർക്കുന്നത് നല്ലതാണ്. ഇത് ദഹനം സുഗമമാക്കാൻ സഹായിക്കും.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates