

നിരവധി പോഷകങ്ങൾ അടങ്ങിയ കുഞ്ഞൻ വിത്തുകളാണ് എള്ള്. ആയുർവേദത്തിൽ എള്ളിന് ഏറെ പ്രാധാന്യമുണ്ട്. ദഹനം മുതൽ മുടിയുടെ ആരോഗ്യം വരെ സംരക്ഷിക്കാൻ ഇവ സഹായിക്കും, പ്രത്യേകിച്ച് കറുത്ത വിത്തുകൾ.
എല്ലുകളുടെ ആരോഗ്യം
കറുത്ത എള്ളിൽ കാൽസ്യവും മഗ്നീഷ്യവും ഉയർന്ന അളവിൽ അടങ്ങിയിട്ടുണ്ട്. ഇത് എല്ലുകളുടെ ആരോഗ്യം മെച്ചപ്പെടുത്താൻ സഹായിക്കും. ആർത്തവ വിരാമം മൂലം സംഭവിക്കുന്ന ഹോർമോൺ വ്യതിയാനങ്ങൾ എല്ലിന്റെ സാന്ദ്രത കുറയ്ക്കാം. ഇത് പരിഹരിക്കാൻ എള്ള് ഗുണകരമാണ്.
സെസാമിൻ, സെസാമോൾ, സെസാമോലിൻ തുടങ്ങിയവ ബയോ ആക്ടീവ് പ്ലാന്റ് കെമിക്കലുകൾ കറുത്ത എള്ളിലുണ്ട്. ഓസ്റ്റിയോ പോറോസിസ്, സന്ധിവാതം തുടങ്ങിയ എല്ലുകളുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ അകറ്റാൻ എള്ള് സഹായിക്കും. എള്ളുണ്ട പോലുള്ള നാടൻ ഭക്ഷണങ്ങൾ പോഷകങ്ങൾ, പ്രത്യേകിച്ച് കാത്സ്യം ധാരാളം അടങ്ങിയതാണ്.
ചർമത്തിന്റെയും തലമുടിയുടെയും ആരോഗ്യം
പോഷകങ്ങൾ ധാരാളം അടങ്ങിയ കറുത്ത എള്ള് മുടി വളർച്ചയ്ക്കും ചർമത്തിൻ്റെ ആരോഗ്യം മെച്ചപ്പെടുത്താനും സഹായിക്കും. കറുത്ത എള്ളിലടങ്ങിയ ചില ബയോ ആക്ടീവ് സംയുക്തങ്ങൾ മുടി കറുക്കാൻ സഹായിക്കും. കറുത്ത എള്ള് ഉപയോഗിക്കുന്നത് ആരോഗ്യമുള്ള തലമുടിക്കും അകാലനര തടയാനും സഹായിക്കും.
എള്ളിൽ നിന്നെടുക്കുന്ന എള്ളെണ്ണയ്ക്ക് മോയ്സ്ചറൈസിങ് ഗുണങ്ങളുണ്ട്. ചർമം മൃദുവാക്കാനും ഇത് സഹായിക്കും. ചർമ സംരക്ഷണത്തിന് എള്ള് ഏറെ ഗുണം ചെയ്യും. കാലുകൾ വിണ്ടു കീറുന്നത് തടയാനും എള്ള് നല്ലതാണ്. എള്ളിലടങ്ങിയ ആന്റിഓക്സിഡന്റുകൾ, ചർമകോശങ്ങളെ ഫ്രീറാഡിക്കലുകളിൽ നിന്നുള്ള നാശത്തിൽ നിന്ന് സംരക്ഷിക്കുന്നു. കറുത്ത എള്ളിലടങ്ങിയ ബി വൈറ്റമിനുകളും സിങ്കും ചർമത്തെ ആരോഗ്യമുള്ളതാക്കും.
ദഹനം
എള്ളിൽ അടങ്ങിയ നാരുകൾ ദഹനസംബന്ധമായ അസ്വസ്ഥതകൾ അകറ്റാൻ സഹായിക്കുന്നു. ശരീരത്തിന്റെ ദൈനംദിന പ്രവർത്തനങ്ങള്‍ക്കും പോഷകങ്ങളുടെ ആഗിരണത്തിനും ഉദരാരോഗ്യം പ്രധാനമാണ്. ഇതുകൊണ്ടുതന്നെ എള്ള് സമീകൃതഭക്ഷണത്തിന്റെ ഭാഗമാക്കാവുന്നതാണ്.
ഹൃദയാരോഗ്യം മെച്ചപ്പെടും
ഹൃദയപേശികളെ ശക്തിപ്പെടുത്താൻ സഹായിക്കുന്ന നിരവധി ആന്റി ഓക്സിഡന്റുകളും ആരോഗ്യകരമായ കൊഴുപ്പുകളും എള്ളിലുണ്ട്. എള്ളിലടങ്ങിയ പോഷകങ്ങൾ ഹൃദ്രോഗ സാധ്യത കുറയ്ക്കുന്നതാണ്. അതുകൊണ്ടുതന്നെ എള്ള് പതിവായി ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് ഹൃദയാരോഗ്യം മെച്ചപ്പെടുത്തും.
എന്നാൽ, എള്ളിന്റെ അമിതമായ ഉപയോഗം ശരീരഭാരം കൂടാൻ കാരണമാകും. ചിലരില്‍ എളള് അലർജിക്ക് കാരണമാകും. എള്ള് അലർജി ഉള്ളവർ വൈദ്യസഹായം തേടണം.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates