അമ്മയ്ക്ക് സ്തനാര്‍ബുദമുണ്ടെങ്കില്‍ മകളെയും ബാധിക്കുമോ? സാധ്യത എത്രത്തോളം

പരിവര്‍ത്തനപ്പെട്ട BRCA1 അല്ലെങ്കിൽ BRCA2 ജീനുകളുള്ള സ്ത്രീകൾക്ക് സ്തനാർബുദം വരാനുള്ള സാധ്യത 65-85% ആണെന്ന് പഠനങ്ങൾ ചൂണ്ടിക്കാണിക്കുന്നു
breast cancer
അമ്മയില്‍ നിന്ന് അര്‍ബുദം പാരമ്പര്യമായി മകളിലേക്ക്
Updated on
1 min read

സ്ത്രീകളിൽ ഏറ്റവും കൂടുതൽ കാണപ്പെടുന്ന അർബുദങ്ങളിലൊന്നാണ് സ്തനാർബുദം. 45 കഴിഞ്ഞ സ്ത്രീകളിലാണ് സ്തനാർബുദം കൂടുതലായും കണുന്നതെങ്കിലും 30 കഴിയുന്നവരിലും രോ​ഗ സാധ്യതയുണ്ട്. അമ്മയ്ക്ക് സ്തനാർബുദമുണ്ടെങ്കിൽ മകൾക്ക് സ്തനാര്‍ബുദമുണ്ടാകാനുള്ള സാധ്യത എത്രത്തോളമുണ്ടെന്ന ചോദ്യം സാധാരണമാണ്. സ്തനാർബുദ സാധ്യതയ്ക്ക് ജനിതക പാരമ്പര്യം ഒരു പ്രധാന ഘടകമാണ്.

ചില ജീനുകൾ പാരമ്പര്യമായി കൈമാറുന്നത് സ്തനാർബുദ സാധ്യത വർധിപ്പിക്കുന്നവെന്ന് പഠനങ്ങൾ ചൂണ്ടിക്കാണിക്കുന്നു. എന്നാൽ ഇതുകൊണ്ട് സ്തനാർബുദ സാധ്യത 100 ശതമാനം ഉറപ്പിക്കാനാകില്ല. നേരത്തെയുള്ള രോ​ഗനിർണയം രോ​ഗത്തെ പ്രതിരോധിക്കാൻ സഹായിക്കും. ജനിതകം, ജീവിതശൈലി, പാരിസ്ഥിതിക ഘടകങ്ങൾ ഉൾപ്പെടെ നിരവധി ഘടകങ്ങൾ സ്തനാർബുദം സാധ്യതയെ സ്വാധീനിക്കുന്നു.

ജനിതകമാറ്റം സ്തനാർബുദ സാധ്യത വർധിപ്പിക്കുന്നുവെന്നാണ് വിലയിരുത്തൽ. തകരാറിലായ ഡിഎൻഎ നന്നാക്കുന്നതിൽ BRCA1, BRCA2 ജീനുകൾ നിർണായക പങ്ക് വഹിക്കുന്നു. എന്നാൽ ഈ ജീനുകളുടെ പരിവർത്തനം സ്തനാർബുദം വികസിക്കാനുള്ള സാധ്യത വർധിപ്പിക്കുന്നു. പരിവര്‍ത്തനപ്പെട്ട BRCA1 അല്ലെങ്കിൽ BRCA2 ജീനുകളുള്ള സ്ത്രീകൾക്ക് സ്തനാർബുദം വരാനുള്ള സാധ്യത 65-85% ആണെന്ന് പഠനങ്ങൾ ചൂണ്ടിക്കാണിക്കുന്നു.

മ്യൂട്ടേഷൻ സംഭവിച്ച് ജീൻ അമ്മ വഹിക്കുന്നുണ്ടെങ്കിൽ അത് പാരമ്പര്യമായി ലഭിക്കാനുള്ള സാധ്യത 50 ശതമാനമാണ്. PALB2, TP53, CHEK2 എന്നിവ പോലുള്ള മറ്റ് ജീനുകളും സ്തനാർബുദ സാധ്യതയ്ക്ക് കാരണമാകുന്നു. കുടുംബത്തില്‍ ഒന്നിലധികം ആളുകളെ സ്തനാർബുദം ബാധിച്ചിട്ടുണ്ടെങ്കിൽ, അല്ലെങ്കിൽ ചെറുപ്പത്തിൽ അർബുദം സ്ഥിരീകരിച്ചാൽ ഇത് പാരമ്പര്യമായി പകരാൻ സാധ്യതയുണ്ട്. ദി ന്യൂ ഇംഗ്ലണ്ട് ജേണൽ ഓഫ് മെഡിസിനിൽ പ്രസിദ്ധീകരിച്ച ഒരു പഠനത്തിൽ, BRCA മ്യൂട്ടേഷനുകൾ ഇല്ലാതെ പോലും സ്തനാർബുദത്തിൻ്റെ കുടുംബ ചരിത്രമുള്ള സ്ത്രീകൾക്ക് രോഗം വരാനുള്ള സാധ്യത 2-3 മടങ്ങ് കൂടുതലാണെന്ന് ചൂണ്ടിക്കാണിക്കുന്നു.

ചെറുപ്രായത്തിൽ അമ്മയ്ക്ക് സ്തനാർബുദമുണ്ടായിട്ടുണ്ടെങ്കിൽ, ജീനുകൾക്ക് ജനിതക മാറ്റം സംഭവിച്ചിട്ടുണ്ടെങ്കിൽ ജെനിറ്റിക് കൗൺസിലിങ് പരി​ഗണിക്കുന്നത് നല്ലതാണ്. മകൾക്ക് സ്തനാർബുദ സാധ്യത വിലയിരുത്താൻ ഇതിലൂടെ സാധിക്കും. ജനിതക പരിശോധനയിലൂടെ BRCA1 അല്ലെങ്കിൽ BRCA2 പോലുള്ള മ്യൂട്ടേഷനുകൾ തിരിച്ചറിയാൻ കഴിയും. കൂടാതെ മാമോഗ്രാം അല്ലെങ്കിൽ ക്ലിനിക്കൽ പരീക്ഷകൾ വഴി നേരത്തെ രോ​ഗ നിർണയം നടത്തുന്നത് ചികിത്സയുടെ സാധ്യതകൾ മെച്ചപ്പെടുത്തും.

എന്നാൽ ജനിതകം സ്തനാർബുദ സാധ്യതയ്ക്കുള്ള ഒരു ഘടകം മാത്രമാണ്. പ്രായം, ഹോർമോൺ, ജീവിതശൈലി തുടങ്ങിയവയും സ്തനാർബുദ സാധ്യതയ്ക്ക് കാരണമാകുന്നു. ജനിതക ഘടന നിയന്ത്രിക്കാൻ കഴിയില്ലെങ്കിലും ആരോഗ്യകരമായ ഒരു ജീവിതശൈലി സ്വീകരിക്കുന്നത് മറ്റ് അപകട ഘടകങ്ങളെ ലഘൂകരിക്കും. സമീകൃതാഹാരം, വ്യായാമം, പുകവലി ഉപേക്ഷിക്കൽ, അമിത മദ്യപാനം എന്നിവ ഒഴിവാക്കുന്നത് അപകട സാധ്യത കുറയ്ക്കും.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com