

ബ്രേക്ക് ഫാസ്റ്റിന് മുട്ടയുണ്ടെങ്കിൽ ഒരു വിധം പോഷകങ്ങളെല്ലാം തികഞ്ഞുവെന്നാണ്. എന്നാലും മിക്കയാളുകൾക്കും ഉള്ള ഒരു സംശയമാണ് ഒരു ദിവസം എത്ര മുട്ട വരെ ആകാം എന്നത്. ഒന്നുകില്‍ ആശാന്റെ നെഞ്ചത്ത് അല്ലെങ്കില്‍ കളരിക്ക് പുറത്ത് എന്ന് പറയുന്നതു പോലെയാണ് പലരും മുട്ട കഴിക്കുന്നതെന്ന് പ്രമുഖ ന്യൂട്രിഷനിസ്റ്റ് ആയ ഷാലിനി സുധാകർ കുറിച്ചു. അതായത്, ഒന്നുകില്‍ അമിതമായി കഴിച്ച് കലോറിയും കൊഴുപ്പും വര്‍ധിപ്പിക്കും അല്ലെങ്കില്‍ ശരിയായ രീതിയില്‍ കഴിക്കാതെ പോഷകങ്ങള്‍ നഷ്ടപ്പെടുത്തും.
മുട്ടയിൽ അടങ്ങിയ പോഷകങ്ങൾ
ഒരു ശരാശരി വലിപ്പമുള്ള മുട്ടയിൽ ഏകദേശം 6-7 ഗ്രാം പ്രോട്ടീൻ, ഒമ്പത് അവശ്യ അമിനോ ആസിഡുകൾ, വിറ്റാമിൻ എ, ഡി, ഇ, ബി 12 എന്നിവയും കോളിൻ, ല്യൂട്ടിൻ, സിയാക്സാന്തിൻ, അപൂരിത കൊഴുപ്പുകൾ എന്നിവയും അടങ്ങിയിരിക്കുന്നു. മുട്ടയുടെ മഞ്ഞക്കരു തലച്ചോറിന്റെയും കണ്ണുകളുടെയും ആരോഗ്യത്തിന് മികച്ചതാണ്. കൂടാതെ മുട്ടയുടെ വെള്ള കൊളസ്ട്രോൾ രഹിതവുമായ പ്രോട്ടീൻ നൽകും. പേശികൾക്കും തലച്ചോറിനും മൊത്തത്തിലുള്ള ആരോഗ്യത്തിനും മുട്ട കഴിക്കുന്നത് നല്ലതാണ്.
എന്നാല്‍ അടുത്തിടെ ഫുഡ് ആന്‍റ് ഫംഗ്ഷൻ ജേണലിൽ പ്രസിദ്ധീകരിച്ച പഠനത്തിൽ മുട്ട അസ്ഥികളുടെ ആരോഗ്യത്തിലുണ്ടാക്കുന്ന അത്ഭുതകരമായ മാറ്റത്തെ കുറിച്ച് പരാമര്‍ശിക്കുന്നു. മുട്ട പൂർണമായും ഉപേക്ഷിച്ച വ്യക്തികളെ അപേക്ഷിച്ച് പ്രതിദിനം 1.5 മുട്ട കഴിക്കുന്നവരുടെ അസ്ഥികൾ വളരെ ശക്തമാണെന്ന് കണ്ടെത്തിയെന്ന് ഗവേഷകർ വ്യക്തമാക്കുന്നു. കൂടാതെ ഡയറ്റിൽ തുടർച്ചയായി മുട്ട ഉൾപ്പെടുത്തിയ ആളുകളിൽ തുടയെല്ലിലെ അസ്ഥിസാന്ദ്രതയിൽ 72 ശതമാനം വർധനവും നട്ടെല്ലിലെ അസ്ഥിസാന്ദ്രതയിൽ 83 ശതമാനവും വർധനവും പ്രകടമായി. ഏതാണ്ട് 19,000 ആളുകളാണ് പഠനത്തില്‍ പങ്കാളികളായത്.
ഉയർന്ന നിലവാരമുള്ള പ്രോട്ടീന്റെ ഉറവിടം എന്നതിനപ്പുറം മുട്ടകൾക്ക് കൂടുതൽ ആരോഗ്യ ഗുണങ്ങൾ നൽകാൻ കഴിയുമെന്ന് പഠനം സൂചിപ്പിക്കുന്നു. അസ്ഥികളുടെ ആരോഗ്യം മെച്ചപ്പെടുത്തുന്നതിന് മുട്ടകൾ പതിവായി കഴിക്കുന്നത് നല്ലതാണെന്ന് പഠനം പറയുന്നു. ദിവസവും ഏകദേശം 1.5 മുട്ടകള്‍ കഴിക്കുന്നത് അസ്ഥികളുടെ ആരോഗ്യത്തിന് മികച്ചതാണെന്ന് പഠനം ചൂണ്ടിക്കാണിക്കുന്നു. പ്രത്യേകിച്ച് പ്രായമായവരില്‍.
ഒരു ദിവസം എത്ര മുട്ട വരെ കഴിക്കാം
പ്രതിദിനം ഒന്നോ രണ്ടോ മുട്ടകൾ സുരക്ഷിതമായി കഴിക്കാമെന്ന് പോഷകാഹാര വിദഗ്ധർ ശുപാർശ ചെയ്യുന്നു. ഈ അളവ് ദൈനംദിന പോഷകാഹാര മാർഗ്ഗനിർദ്ദേശങ്ങളിൽ സുഖകരമായി യോജിക്കുകയും കൊളസ്ട്രോളിനെ പ്രതികൂലമായി ബാധിക്കാതെ നിരവധി ആരോഗ്യ ഗുണങ്ങൾ നൽകുകയും ചെയ്യുമെന്നും വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നു. പെട്ടെന്നുള്ള പ്രഭാതഭക്ഷണമായാലും തൃപ്തികരമായ ലഘുഭക്ഷണമായാലും, ദീർഘകാല ആരോഗ്യ ലക്ഷ്യങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനും മുട്ട ദിവസവും കഴിക്കാവുന്നതാണ്.
എന്നാലും സൂക്ഷിക്കണം
ഉയര്‍ന്ന അളവില്‍ കൊളസ്‌ട്രോള്‍, അമിതവണ്ണം ഉള്ളവര്‍ മുട്ട കഴിക്കുമ്പോള്‍ ശ്രദ്ധിക്കണം. പൂർണമായി ഒഴിവാക്കണം എന്നല്ല, ഇക്കൂട്ടർ രണ്ട് മുട്ടയുടെ വെള്ളയും ഒരു മഞ്ഞക്കരുവും കഴിക്കാം.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates