

ആവശ്യമില്ലെങ്കിലും ഇടയ്ക്കിടെ ഫോൺ തുറന്ന് ഇൻസ്റ്റഗ്രാം ഒന്ന് സ്ക്രോൾ ചെയ്തില്ലെങ്കിൽ ഒരു സമാധാനവുമില്ല. വെറും മുപ്പതു സെക്കൻഡുകൾ നീണ്ടു നിൽക്കുന്ന ഇൻസ്റ്റഗ്രാം റീലുകളിലും യുട്യൂബ് ഷോട്സിലുമാണ് ഇന്ന് പലരുടെയും ജീവിതം ചുറ്റുന്നത്. ഒരുകാലത്ത് ആശയവിനിമയത്തിന് ഉപയോഗിച്ചുകൊണ്ടിരുന്ന ഫോണുകൾ ഇന്ന് നമ്മുടെ ദിനചര്യയെയും മനോഭാവങ്ങളെയും നിയന്ത്രിക്കുന്ന ഘടകമായി മാറിയിരിക്കുകയാണ്.
രാവിലെ ഉണരുന്നത് മുതൽ രാത്രി ഉറക്കം കിട്ടുന്നതുവരെ മിക്കവാറും ആളുകളുടെ 70 ശതമാനം സമയവും മൊബൈൽ ഫോണുകളിലായിരുക്കും. സുഹൃത്തുക്കൾക്കൊപ്പമോ കുടുംബാംഗങ്ങൾക്കൊപ്പമോ ഒരുമിച്ച് ഇരിക്കുമ്പോഴും ശ്രദ്ധ മൊബൈൽ സ്ക്രോൾ ചെയ്യുന്നതിലാകും. സമയം പോകുന്നതോ ചുറ്റുപാടുകളിലുണ്ടാകുന്ന മാറ്റങ്ങളോ അവർ അറിയാറില്ല. മൈൻഡ്‌ലെസ് സ്ക്രോളിങ് എന്നാണ് ഈ അവസ്ഥയെ വിശേഷിപ്പിക്കുന്നത്.
മൈൻഡ്‌ലെസ് സ്ക്രോളിങ്, സ്വഭാവത്തിലുണ്ടാകുന്ന നാല് മാറ്റങ്ങൾ
ശ്രദ്ധകേന്ദ്രീകരിക്കാൻ കഴിയാത്ത അവസ്ഥ
ഒന്നിനു പിന്നാലെ ഒന്നായി റീലുകൾ സ്ക്രോൾ ചെയ്യുമ്പോൾ നമ്മുടെ തലച്ചോറ് ഉത്തേജിക്കപ്പെടുകയും ഡോപാമൈൻ ഹോർമോണുകൾ പുറത്തുവിടുകയും ചെയ്യുന്നു. ഇതാണ് പലരും റീൽ അഡിക്ട് ആകാനുള്ള കാരണം.
മണിക്കൂറുകൾ മൊബൈലിൽ ചെലവഴിച്ച ശേഷം മറ്റ് കാര്യങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ ഇത്തരക്കാർക്ക് പ്രയാസമായി തോന്നാം. മാത്രമല്ല, മറ്റ് പ്രവർത്തനങ്ങളിൽ നിന്ന് മൊബൈൽ ഉപയോഗിമ്പോഴുള്ള സന്തോഷം അനുഭവിക്കാനും കഴിയാതെ വരുന്നു. ഇത് ഏകാഗ്രതയെയും മാനസികാവസ്ഥയെയും ബാധിക്കാം.
മാനസികമായ ക്ഷീണം
വെറുതെ സ്ക്രോൾ ചെയ്തു കൊണ്ടിരിക്കുന്നത് മാനസികമായി തളർച്ചയുണ്ടാക്കുന്നതാണ്. ഇത് വിഷാദം, ഉത്കണ്ഠ തുടങ്ങിയ പ്രശ്നങ്ങൾ ക്രമേണ ഉണ്ടാകാൻ തുടങ്ങുന്നു. ബുദ്ധിശൂന്യമായ സ്ക്രോളിങ് ചെയ്യുന്ന ആളുകൾ പ്രകോപിതരാകുന്നു.
ഉറക്കക്കുറവ്
മൊബൈലിൽ സ്ക്രോൾ ചെയ്യുന്നത് നിങ്ങളുടെ ഉറക്ക ശീലത്തെ വലിയതോതിൽ ബാധിക്കുന്നതാണ്. ഉറക്കം വരുന്നതു വരെ സ്ക്രോൾ ചെയ്യാമെന്ന കരുതുമെങ്കിലും മൊബൈലിൽ വീഡിയോ കാണുന്നത് നിങ്ങളുടെ തലച്ചോറിനെ ഉണർന്നിരിക്കാൻ പ്രോത്സാഹിപ്പിക്കുകയും ഉറക്കം ഇല്ലാതാവുകയും ചെയ്യുന്നു. ഇത് ഉറക്കക്കുറവിലേക്കും ഉറക്കമില്ലായ്മയിലേക്കും നയിക്കുന്നു. പതിവായി ആവശ്യത്തിന് ഉറക്കം ലഭിച്ചില്ലെങ്കിൽ, അത് അവരുടെ ഓർമ്മശക്തിയെയും മാനസികാവസ്ഥയെയും ബാധിക്കുന്നു.
പെരുമാറ്റത്തിലുണ്ടാകുന്ന മാറ്റങ്ങൾ
ആളുകളുടെ മാനസികാരോഗ്യത്തെ മൈൻഡ്‌ലെസ് സ്‌ക്രോളിങ് ബാധിക്കുന്നു, പ്രത്യേകിച്ച് കുട്ടികളുടെ മാനസിക വികാസത്തെ ഇത് പ്രതികൂലമായി ബാധിക്കും. മൊബൈലിൽ വ്യത്യസ്ത തരം വീഡിയോകൾ കാണുന്ന കുട്ടികളുടെ പെരുമാറ്റത്തിൽ മാറ്റങ്ങൾ കാണപ്പെടാം.
കുട്ടിയുടെ പക്കൽ നിന്ന് ഫോൺ എടുത്താൽ, അവർ അക്രമാസക്തമായി പെരുമാറുന്നു. മൈൻഡ്‌ലെസ് സ്ക്രോൾ ചെയ്യുന്നത് കുട്ടിയെ പ്രതികൂലമായി ബാധിക്കാൻ തുടങ്ങുന്നു എന്നാണ് അത്തരം പെരുമാറ്റം അർത്ഥമാക്കുന്നത്.
മൈൻഡ്ലെസ് സ്‌ക്രോളിങ് ഒഴിവാക്കാൻ ഡിജിറ്റൽ ഡീടോക്സ് രീതി സ്വീകരിക്കുന്നതാണ് മികച്ചത്.
ഒരു ദിവസം ഒരു നിശ്ചിത മണിക്കൂറുകൾ ഫോൺ ഉപയോഗം ഒഴിവാക്കി, കുടുംബത്തിനൊപ്പം ചെലവഴിക്കുക.
പകൽ സമയത്ത് സോഷ്യൽ മീഡിയ ഉപയോഗിക്കുന്നതിന് ഒരു സമയപരിധി നിശ്ചയിക്കുക.
ആഴ്ചയിൽ ഒരു ദിവസം മൊബൈലിൽ റീലുകളോ വീഡിയോകളോ കാണാതിരിക്കാൻ ശ്രദ്ധിക്കുക. കൂടാതെ, ഒരു പുസ്തകം വായിക്കുകയോ മൊബൈലിൽ നിന്ന് ശ്രദ്ധ തിരിക്കുക.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates