

'എന്തിനും ഏതിനും ഒരു മുടക്ക് വർത്തമാനം, സംസാരിച്ചാൽ നമ്മുടെ കിളി പോകും'- നിങ്ങളുടെ ജീവിതത്തിലും കാണില്ലേ നെഗറ്റീവ് മാത്രം പറയുന്ന ഒരാൾ. ഇത്തരക്കാരോട് ഇടപെടുക അത്ര എളുപ്പമായിരിക്കില്ല. അവർ അറിഞ്ഞോ അറിയാതെയോ ചുറ്റുമുള്ളവരെ ആവശ്യമില്ലാത്ത സമ്മർദത്തിലാക്കും. ഇക്കൂട്ടരെ നമ്മൾ 'ഡിഫിക്കൽറ്റ് പീപ്പിൾ' എന്ന ഗണത്തിലേക്ക് നൈസ് ആയി നീക്കിയിരുത്തും.
ഇവർക്കൊപ്പം സമയം ചെവഴിക്കുന്നതോ അവരെ കൂടെ നിർത്തുന്നതോ പലപ്പോഴും തലവേദനയായി മാറുമെന്നതാണ് യാഥാർഥ്യം. ഇത് ഉത്കണ്ഠ ഉണ്ടാക്കുകയോ നിലവിലുള്ള അവസ്ഥയെ കൂടുതൽ വഷളാക്കുകയോ ചെയ്‌തേക്കാമെന്ന് മനഃശാസ്ത്രഞ്ജർ വിശദീകരിക്കുന്നു. ഇക്കൂട്ടരോട് ഇടപെടുന്നതിന് മുൻപ് ചില മുൻകരുതൽ സ്വീകരിക്കേണ്ടതുണ്ട്.
നെഗറ്റീവ് ആയ വീക്ഷണം
നിഷ്ക്രിയ അല്ലെങ്കിൽ ആക്രമണാത്മകതമായ രീതിയിൽ സംസാരിക്കുക
അമിതമായ പരിഹാസം
സഹാനുഭൂതിയുടെ അഭാവം
പൊങ്ങച്ചം
മറ്റുള്ളവരെ അമിതമായി നിയന്ത്രിക്കുകയോ ഓരോ കുഞ്ഞു കാര്യങ്ങളും വീക്ഷിച്ചു അതിനെ കുറ്റങ്ങൾ മാത്രം കണ്ടെത്തുക
അധികാര മനോഭാവം
മത്സരമല്ലാത്ത സാഹചര്യങ്ങളിൽ പോലും അമിതമായി മത്സരബുദ്ധിയുള്ളവരായിരിക്കുക
മറ്റുള്ളവരെ കുറ്റപ്പെടുത്തുകയും അവ സാഹചര്യങ്ങളെ എങ്ങനെ ബാധിക്കുന്നു എന്നതിനെക്കുറിച്ച് സ്വയം അവബോധമില്ലായ്മ
ഗോസിപ്പ് ചെയ്യുക
ഇവരോട് ഇടപെടുമ്പോൾ നമ്മൾ മനസിലാക്കേണ്ടതും ചെയ്യേണ്ടതുമായി ചില കാര്യങ്ങളാണ് ഇനി പറയാൻ പോകുന്നത്.
അതിരുകൾ തീരുമാനിക്കുക
അതിരുകൾ നിശ്ചയിക്കുന്നതും പാലിക്കുന്നതുമാണ് ഏറ്റവും സാധാരണമായി ചെയ്യാവുന്ന ഒരു കാര്യം. മാന്യമായ രീതിയിൽ നിങ്ങളുടെ വ്യക്തിത്വം വ്യക്തമാക്കുന്നത് നെഗറ്റീവോളികളെ കൈകാര്യം ചെയ്യാൻ എളുപ്പമാക്കും. അവർ നിങ്ങളുടെ അതിരുകളെ അവഹേളിച്ചാൽ ഉണ്ടാകുന്ന അനന്തരഫലങ്ങളെ കുറിച്ചും വിശദീകരിക്കുക.
ശ്വസനം പരിശീലിക്കുക
ഇത്തരക്കാരുമായി ഇടപഴകുമ്പോൾ നിങ്ങൾക്ക് ഒരുപക്ഷെ അമിതമായ ദേഷ്യം, സങ്കടം, നിരാശ, ശല്യം തുടങ്ങിയ വികാരങ്ങൾ ഉണ്ടാകാം. ആഴത്തിലുള്ള ശ്വസനം പരിശീലിക്കുന്നത് ഇത്തരം വ്യക്തിയുമായുള്ള ഇടപെടലുകളെ കഴിയുന്നത്ര ശാന്തമായും ഉറച്ച നിലയിലും സമീപിക്കാനും സഹായിക്കും.
ഡ്രോപ്പ് ദ റോപ്പ്
അപ്പുറത്ത് നിൽക്കുന്ന ആളുമായി ആരോഗ്യകരമല്ലാത്ത തർക്കത്തിൽ ഏർപ്പെടുന്നത് നിങ്ങൾ സ്വയം അവർക്കൊപ്പം ചെളിയിലിറങ്ങുന്നതിന് സമാനമാണ്. ഇത് നിങ്ങളുടെ മനോനില കൂടി വഷളാക്കും. ചിലരെ തിരത്താൻ കഴിയില്ലെന്ന് മനസിലായാൽ, ഏറ്റവും മികച്ച മാർഗം നിങ്ങൾ ആ ചെളിയിലേക്ക് ഇറങ്ങി സ്വയം മോശമാകാതിരിക്കുക എന്നതാണ്. അതുകൊണ്ട് തന്നെ തർക്കത്തിൽ ഏർപ്പെടാതിരിക്കുകയാണ് നല്ലത്. തർക്കത്തിന് വരുമ്പോഴേ കയറു വിട്ടേക്കുക. 'ജസ്റ്റ് ഡ്രോപ്പ് ദ റോപ്പ്'.
ഇറങ്ങി പോകേണ്ടത് എപ്പോഴാണെന്ന് മനസിലാക്കുക
ഡ്രോപ്പ് ദ റോപ്പ് എന്ന ടെക്നിക്കിൽ സൂചിപ്പിക്കുന്ന പോലെ ചിലർ നമ്മുടെ സാന്നിധ്യം അർഹിക്കുന്നുണ്ടാവില്ല. അത്തരം ആളുകളുമായി ഇടപഴകുന്നത് നിങ്ങളെ ക്ഷീണിപ്പിക്കുന്നവെങ്കിൽ ആ ലക്ഷണം തിരിച്ചറിഞ്ഞ് ആ വ്യക്തിയിൽ നിന്ന് ഇറങ്ങി പോവുകയോ അകന്നു നിൽക്കുകയോ ചെയ്യാം.
മാനസിക ഊർജ്ജം സംരക്ഷിക്കുക
നിങ്ങൾക്ക് എന്തു ചെയ്യാൻ കഴിയുമെന്നും എത്രത്തോളം സഹിക്കാൻ കഴിയുമെന്നതും മനസിലാക്കുക. അവരുമായുള്ള ഇടപെടൽ പരിമിതപ്പെടുത്തുന്നതിന്, ഒരു സാഹചര്യം മുൻകൂട്ടി സൃഷ്ടിച്ച് അവരിൽ നിന്ന് ഒഴിവാകാവുന്നതാണ്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates