

ഉച്ചയ്ക്ക് ഹെവി ആയി കഴിക്കണമെന്ന് തോന്നിയാൽ അല്ലെങ്കിൽ ഭക്ഷണം സ്പൈസി ആകണമെന്നുണ്ടെങ്കിൽ ഏറ്റവും ആദ്യം എത്തുന്ന ഓപ്ഷൻ ബിരിയാണിയാണ്. ഈ വർഷം ഇന്ത്യയിൽ ഏറ്റവും കൂടുതൽ ഓർഡർ ചെയ്ത ഭക്ഷണവും ബിരിയാണി തന്നെ. എന്നാൽ നമ്മുടെ ഈ ബിരിയാണി പ്രേമം നല്ലതാണോ?
പലരും ബിരിയാണിയെ ഒരു അനാരോഗ്യകരമായ ഭക്ഷണമായാണ് കണക്കാക്കുന്നത്. ശരീരഭാരം കുറയ്ക്കാൻ ആഗ്രഹിക്കുന്നവർ പലപ്പോഴും ബിരിയാണിയെ മുഴുവനായും ഒഴിവാക്കാറുണ്ട്. എന്നാല്‍ ചില കാര്യങ്ങൾ ശ്രദ്ധിച്ചാൽ ബിരിയാണിയെയും ഹെൽത്തി ആക്കാം.
ബിരിയാണിയോടൊപ്പം ചിലര്‍ ജ്യൂസ് അല്ലെങ്കില്‍ കബാബ്, ഷേക്ക് പോലുള്ളവ കഴിക്കാറുണ്ട്. എന്നാല്‍ സാധാരണ ബിരിയാണിയുടെ ഒപ്പം കിട്ടുന്ന സാലഡ് കൂടി ചേരുമ്പോൾ തന്നെ അതൊരു കംപ്ലീറ്റ് മീൽ ആകാറുണ്ട്. അതിനൊപ്പം വീണ്ടും ഭക്ഷണം ചേര്‍ക്കുന്നത് അമിതമാണ്. ബിരിയാണിക്കൊപ്പം പപ്പടവും അച്ചാറും നിര്‍ബന്ധമില്ലെങ്കില്‍ ഒഴിവാക്കാവുന്നതാണ്.
കാർബോഹൈഡ്രേറ്റ്, പ്രോട്ടീൻ, ഫൈബർ എന്നിവയെല്ലാം ചേരുന്നതാണ് ഒരു ബാലൻസ്ഡ് മീൽ. ബിരിയാണിയുടെ റൈസ് കുറച്ച്, ചിക്കൻ, മുട്ട പോലുള്ള പ്രോട്ടീൻ സ്രോതസ്സ് കൂടുതലായി എടുക്കുന്നതാണ് നല്ലത്. സാലഡിലെ തൈരിലുള്ള പ്രോബയോട്ടിക്, പച്ചക്കറിയിലെ ഫൈബർ എന്നിവ ചേരുമ്പോൾ ബിരിയാണി ടേസ്റ്റി മാത്രമല്ല ഹെൽത്തിയുമായി മാറുന്നു.
ദം ബിരിയാണി തിരഞ്ഞെടുക്കുന്നതാണ് കൂടുതല്‍ ആരോഗ്യകരം. ഇത്തരത്തിൽ എണ്ണ കുറച്ച്, കൂടുതൽ സമയമെടുത്ത് പാകം ചെയ്യുന്ന ബിരിയാണി കഴിക്കുമ്പോൾ ഒരുപാട് ഹെവി ആയി തോന്നുകയുമില്ല.
ബിരിയാണിയുടെ മസാലക്കൂട്ട് രുചിക്ക് വേണ്ടി മാത്രമല്ല, അവ ആരോഗ്യത്തിന് ഏറെ ഗുണകരമാണ്. ഇഞ്ചി, ഏലയ്ക്ക, ഗ്രാംപു തുടങ്ങിയവ ദഹനത്തിന് ഏറെ സഹായിക്കും. എന്നാല്‍ അമിതമാകാതെ ശരിയായി അളവില്‍ ചേരുവകൾ ചേര്‍ക്കുന്നതാണ് നല്ലത്.
ബിരിയാണി രാത്രി വൈകി കഴിക്കുന്നത് അത്ര ആരോഗ്യകരമല്ല. ഉച്ചയ്ക്കോ വൈകുന്നേരമോ ബിരിയാണി കഴിക്കുന്നതാണ് മികച്ചത്. രാത്രിയായാൽ ദഹനം പതുക്കെയാവുകയും ആരോഗ്യത്തെ മോശമായി ബാധിക്കുകയും ചെയ്യും. ക്ഷീണവും, വയറു കമ്പിക്കലും, ഭാരവർധനയും കുറയ്ക്കാൻ നേരത്തെ ബിരിയാണി കഴിക്കുന്നതാണ് നല്ലത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates