വിറ്റാമിൻ ഡിയുടെ പവർഹൗസ്, പക്ഷെ ചുമ്മാ കിട്ടില്ല, കൂൺ വളർത്തുന്നതിലും പാകം ചെയ്യുന്നതിലുമുണ്ട് കാര്യം

കൂൺ മുറിച്ചു വെക്കുമ്പോൾ കൂടുതൽ ഭാഗത്തേക്ക് പ്രകാശം ഏൽക്കാനും അതുവഴി ഈ പോഷക നിർമ്മാണം അതിവേഗത്തിലാകാനും സഹായിക്കും
Mushroom Recipe
Mushroom RecipePinterest
Updated on
2 min read

യാതൊരു ചെലവുമില്ലാതെ സൂര്യപ്രകാശത്തിൽ നിന്ന് ലഭിക്കുന്ന പോഷകമാണ് വിറ്റാമിൻ ഡി (Vitamin D). എന്നാൽ ഇന്ന് ഏറ്റവും കൂടുതൽ ആളുകൾ നേരിടുന്നത് ഇതേ പോഷകത്തിന്റെ അഭാവമാണ് താനും. വെയിലിൽ നിന്ന് സംരക്ഷണം നേടാൻ സൺസ്ക്രീൻ പുരട്ടി പുറത്തിറങ്ങുമ്പോൾ സൂര്യപ്രകാശത്തിൽ നിന്നുള്ള വിറ്റാമിൻ ഡിയുടെ ലഭ്യത പൂർണമായും കുറയുന്നു. വിറ്റാമിൻ ഡിയുടെ അഭാവം ആരോ​ഗ്യത്തെ പല രീതിയിൽ ബാധിക്കാം. എല്ലുകളുടെ ആരോ​ഗ്യം മുതൽ മാനസികാരോ​ഗ്യം വരെ അതിൽ ഉൾപ്പെടുന്നു.

ശാസ്ത്രനിരീക്ഷകനും അധ്യാപകനുമായ സുരേഷ് കുട്ടി ഫേയ്സ്ബുക്കിൽ പങ്കുവെച്ച കുറിപ്പിൽ നിന്ന്...

വിറ്റാമിൻ ഡിയുടെ കുറവ് വിഷാദം പോലുള്ള മാനസികാരോ​ഗ്യ പ്രശ്നങ്ങൾക്ക് കാരണമാകുമെന്ന് പഠനങ്ങൾ ചൂണ്ടിക്കാണിക്കുന്നു. അമിതക്ഷീണം, പേശി വേദന, കുറഞ്ഞ പ്രതിരോധ ശേഷി എന്നിവയെല്ലാം ഇതൊപ്പം വരുന്നതാണ്. കാലക്രമേണ ഇത് ഓസ്റ്റിയോപൊറോസിസ് പോലുള്ള ഗുരുതരമായ അവസ്ഥകളിലേക്കും നയിക്കുന്നു.

സൂര്യപ്രകാശത്തെ ആവാഹിക്കുന്ന കൂൺ 'മാജിക്'

മനുഷ്യനെ പോലെ സൂര്യപ്രകാശത്തിൽ നിന്ന് സ്വന്തമായി വിറ്റാമിൻ ഡി നിർമ്മിക്കാൻ കഴിയുന്ന ഒരേയൊരു വിഭവമാണ് കൂൺ. കാട്ടിൽ സ്വാഭാവികമായി വളരുന്ന കാട്ടുകൂണുകളിൽ ഉയർന്ന അളവിൽ വിറ്റാമിൻ ഡി അടങ്ങിയിട്ടുണ്ട്. എന്നാൽ നമ്മൾ കടകളിൽ നിന്നും വാങ്ങുന്ന വാണിജ്യാടിസ്ഥാനത്തിൽ കൃഷി ചെയ്യുന്ന കൂണുകളുടെ കാര്യം മറിച്ചാണ്.

സൂര്യപ്രകാശം ഏൽക്കാതെ ഇരുണ്ട മുറിയിൽ കൃത്രിമമായാണ് ഇവയെ വളർത്തിയെടുക്കുന്നത്. ഇതിൽ വിറ്റാമിൻ ഡി ഉണ്ടാകാനുള്ള സാധ്യതയില്ല.

കൂണിന് വേണം സൺബാത്ത്

ആ കുറവും പരിഹരിക്കാൻ മാർഗമുണ്ട്. ഇത്തരം കൂണുകൾ പാകം ചെയ്യുന്നതിന് മുൻപ് 15 മിനിറ്റ് വെയിൽ കൊള്ളിച്ചാൽ അവ വിറ്റാമിൻ ഡി റിച്ച് ആകും. അവയിലെ വിറ്റാമിൻ ഡിയുടെ അളവ് വിപണിയിലെ പല സപ്ലിമെന്റുകളെക്കാളും മുകളിലെത്തുമെന്ന് ഗവേഷകർ പറയുന്നു.

മുഴുവനായോ കഷണങ്ങളായി മുറിച്ചോ വെയിലത്ത് വെക്കാവുന്നതാണ്. മുറിച്ചു വെക്കുമ്പോൾ കൂടുതൽ ഭാഗത്തേക്ക് പ്രകാശം ഏൽക്കാനും അതുവഴി ഈ പോഷക നിർമ്മാണം അതിവേഗത്തിലാകാനും സഹായിക്കും. ഇങ്ങനെ വെയിലത്ത് വെച്ച കൂണുകൾ പിന്നീട് ചൂടാക്കുകയോ നന്നായി പാകം ചെയ്യുകയോ ചെയ്യുമ്പോഴും ഈ വിറ്റാമിൻ ഡി അവയിൽ നിന്ന് നഷ്ടപ്പെടില്ല. സസ്യഭക്ഷണം കഴിക്കുന്നവർക്കും പ്രകൃതിദത്തമായ പോഷകങ്ങൾ തേടുന്നവർക്കും ഇതിലും മികച്ചൊരു പരിഹാരമില്ല.

കൂണും വിറ്റാമിൻ ഡിയും

മനുഷ്യശരീരത്തിൽ സൂര്യപ്രകാശമേൽക്കുമ്പോൾ വിറ്റാമിൻ ഡി ഉത്പാദിപ്പിക്കപ്പെടുന്നതിന് സമാനമായ സവിശേഷമായ ഒരു ജൈവ പ്രക്രിയയാണ് കൂണുകളിലും നടക്കുന്നത്. കൂണുകളുടെ കോശങ്ങളിൽ എർഗോസ്റ്റെറോൾ എന്നൊരു പ്രത്യേക ഘടകമുണ്ട്. സൂര്യപ്രകാശത്തിലെ അൾട്രാവയലറ്റ് രശ്മികൾ നേരിട്ട് ഏൽക്കുമ്പോൾ ഈ എർഗോസ്റ്റെറോൾ അതിവേഗം വിറ്റാമിൻ ഡി2 ആയി രൂപാന്തരപ്പെടുന്നു.

Mushroom Recipe
അത്ര ഡാർക്ക് അല്ല ഡാർക്ക് ചോക്ലേറ്റ്, മാനസിക സമ്മർദം മുതൽ സൂര്യാഘാതത്തിൽ നിന്ന് വരെ സംരക്ഷണം

ചുമ്മാ കഴിച്ചാൽ വിറ്റാമിൻ ഡി കിട്ടില്ല

ജീവകങ്ങളെ പ്രധാനമായും വെള്ളത്തിൽ ലയിക്കുന്നവ എന്നും കൊഴുപ്പിൽ ലയിക്കുന്നവ എന്നും രണ്ടായി തിരിക്കാം. ഇതിൽ വിറ്റാമിൻ എ, ഡി, ഇ, കെ എന്നിവ കൊഴുപ്പിൽ മാത്രം ലയിക്കുന്നവയാണ്. അതായത് നമ്മൾ എത്രയധികം വിറ്റാമിൻ ഡി അടങ്ങിയ ഭക്ഷണം കഴിച്ചാലും ശരീരത്തിന് അത് ആഗിരണം ചെയ്യണമെങ്കിൽ ഭക്ഷണത്തിൽ ഒരല്പം കൊഴുപ്പ് കൂടി നിർബന്ധമായും ഉണ്ടായിരിക്കണം.

Mushroom Recipe
വിറ്റാമിൻ അളവു കുറഞ്ഞാൽ കാൻസർ സാധ്യത കൂടാം, പഠനം

വെയിലത്ത് വെച്ച് വിറ്റാമിൻ ഡി സമ്പുഷ്ടമാക്കിയ കൂണുകൾ വെറുതെ വെള്ളത്തിൽ പുഴുങ്ങി കഴിച്ചാലോ കൊഴുപ്പില്ലാത്ത ഭക്ഷണക്രമത്തിന്റെ ഭാഗമായി കഴിച്ചാലോ ഈ പോഷകങ്ങൾ പൂർണ്ണമായും ശരീരത്തിലേക്ക് എത്തില്ല. ഇവയെ എണ്ണയിലോ നെയ്യിലോ ചെറുതായി വഴറ്റിയെടുക്കുകയോ കൊഴുപ്പടങ്ങിയ മറ്റ് ഭക്ഷണങ്ങൾക്കൊപ്പം കഴിക്കുകയോ ചെയ്യുമ്പോഴാണ് വിറ്റാമിൻ ഡി ദഹനപ്രക്രിയയിലൂടെ ശരീരത്തിലേക്ക് എളുപ്പത്തിൽ ആഗിരണം ചെയ്യപ്പെടുന്നത്. ഒരല്പം വെളിച്ചെണ്ണയിലോ ഒലിവ് എണ്ണയിലോ ഈ കൂണുകൾ പാകം ചെയ്യുന്നത് വിറ്റാമിൻ ഡിയുടെ ഗുണഫലങ്ങൾ പൂർണ്ണമായും നമുക്ക് ലഭ്യമാക്കാൻ സഹായിക്കും.

Summary

How to make Mushrooms Vitamin D rich

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com