ഏത് നേരവും കളിക്കണം എന്ന ചിന്തയാണ്, വെയിലത്തിറങ്ങിയാൽ എല്ലാം മറക്കും; ചൂടുകാലത്ത് കുട്ടികൾക്ക് വേണം പ്രത്യേക ശ്രദ്ധ

മുഴുവൻ ശ്രദ്ധയും കളിയിലായതുകൊണ്ടുതന്നെ ആരോഗ്യത്തിന്റെ കാര്യത്തിൽ കുട്ടികൾ കാര്യമായ അശ്രദ്ധ കാട്ടും. കുട്ടികളിലെ വേനൽക്കാല പ്രശ്നങ്ങളെക്കുറിച്ച് അറിയാം
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം
Updated on
2 min read


വേനൽക്കാലം അവധിക്കാലം കൂടി ആയതിനാൽ കുട്ടികൾ അവരുടെ മുഴുവൻ ഊർജ്ജവും പുറത്തെടുക്കുന്ന സമയമാണിത്. മുഴുവൻ ശ്രദ്ധയും കളിയിലായതുകൊണ്ടുതന്നെ ആരോഗ്യത്തിന്റെ കാര്യത്തിൽ കാര്യമായ അശ്രദ്ധ കാട്ടുകയും ചെയ്യും. കൈ കഴുകുന്നത് അടക്കമുള്ള വ്യക്തി ശുചിത്വമൊക്കെ ഇതിനിടെ പലരും മറക്കും. അതുകൊണ്ടുതന്നെ വേനൽക്കാലത്ത് കുട്ടികളെ പലതരം രോഗങ്ങൾ കീഴടക്കും. 

വേനൽക്കാല പ്രശ്‌നങ്ങൾ, എങ്ങനെ കൈകാര്യം ചെയ്യാം?

► മലിനമായ വെള്ളം കുടിക്കുന്നത് കുട്ടിയുടെ ആരോഗ്യത്തെ നശിപ്പിക്കുകയും നിരവധി ആരോഗ്യ പ്രശ്‌നങ്ങൾ ക്ഷണിച്ചുവരുത്തുകയും ചെയ്യും. വേനൽക്കാലത്ത് കുട്ടികൾക്ക് ടൈഫോയ്ഡ്, വയറിളക്കം, കോളറ, മഞ്ഞപ്പിത്തം, ഛർദ്ദി തുടങ്ങിയ രോഗങ്ങളുണ്ടാകാൻ സാധ്യതയുണ്ട്. അതുകൊണ്ട് കുട്ടികൾ തിളപ്പിച്ചാറിയ വെള്ളം മാത്രമാണ് കുടിക്കുന്നതെന്ന് രക്ഷിതാക്കൾ ഉറപ്പാക്കണം. കുട്ടികളുമായി യാത്ര ചെയ്യുമ്പോൾ വെള്ളക്കുപ്പി കരുതാൻ മറക്കരുത്. 

► ചെങ്കണ്ണ് അഥവാ കൺജങ്ക്റ്റിവിറ്റിസ് മൂലം കണ്ണിൽ ചൊറിച്ചിൽ, ചുവപ്പ്, വീക്കം എന്നിവ ഉണ്ടാകും. ലക്ഷണം കണ്ടാൽ ഉടൻ ഡോക്ടർ നിർദേശിക്കുന്ന മരുന്ന് മാത്രം കണ്ണിൽ ഒഴിക്കുക. ഇത് ഒരു പകർച്ചവ്യാധി ആയതിനാൽ കുട്ടികൾ കണ്ണ് തിരുമാതിരിക്കാനും അവർ ഉപയോഗിക്കുന്ന വസ്തുക്കൾ ആരുമായും പങ്കുവയ്ക്കാതിരിക്കാനും ശ്രദ്ധിക്കണം. 

► ചൂടുകാലമായതുകൊണ്ടുതന്നെ ഐസ്‌ക്രീം കഴിക്കാനും തണുത്ത ജ്യൂസ് കുടിക്കാനുമൊക്കെ കുട്ടികൾക്ക് ആവേശം കൂടും. ഇത് തൊണ്ടയിൽ ബുദ്ധിമുട്ടുണ്ടാക്കും. അതുകൊണ്ട് അമിതമായി തണുപ്പുള്ള സാധനങ്ങൾ കഴിക്കുന്നത് കുറയ്ക്കണം. കുട്ടികൾക്ക് വീട്ടിൽ പാകം ചെയ്ത ഭക്ഷണം മാത്രം നൽകാനും രക്ഷിതാക്കൾ ശ്രദ്ധിക്കണം. 

► വൃക്കകൾ, മൂത്രാശയങ്ങൾ, മൂത്രസഞ്ചി, മൂത്രനാളി എന്നിവയുൾപ്പെടെ മൂത്രവ്യവസ്ഥയിലെ ഏതെങ്കിലും ഭാഗത്ത് ഉണ്ടാകുന്ന അണുബാധയാണ് മൂത്രനാളിയിലെ അണുബാധ. കുട്ടികൾ ആവശ്യത്തിന് വെള്ളം കുടിക്കാതിരുന്നാൽ വേനൽകാലത്ത് ഇത്തരം അസ്വസ്ഥതകൾ കൂടും. ഇതിനോടൊപ്പം കുട്ടികളിലെ വ്യക്തിശുചിത്വം ഉറപ്പാക്കാനും രക്ഷിതാക്കൾ ശ്രദ്ധിക്കണം. 

► മോശം ഭക്ഷണവും വെള്ളവും മൂലം ഭക്ഷവിഷബാധയേൽക്കാനുള്ള സാധ്യത വേനൽക്കാലത്ത് കൂടുതലാണ്. ചൂട് കാലാവസ്ഥ ഭക്ഷണം പെട്ടെന്ന് കേടാകാൻ കാരണമാകും. വയറുവേദന, ഛർദ്ദി, വയറിളക്കം തുടങ്ങിയ അസ്വസ്ഥതകൾ കുട്ടി പ്രകടിപ്പിക്കും. പുറത്തുനിന്നുള്ള ഭക്ഷണം ഒഴിവാക്കുന്നതാണ് ഇത് തടയാൻ ഏറ്റവും പ്രധാനമായി ചെയ്യേണ്ടത്. 

► പൊള്ളുന്ന ചൂടത്ത് കളിയുടെ ആവേശം കയറിയിരിക്കുമ്പോൾ കുട്ടികൾ വെള്ളം കുടിക്കാൻ മറുക്കുന്നത് സ്വാഭാവികമാണ്. ഇത് നിർജ്ജലീകരണത്തിന് കാരണമാക്കും. അതുകൊണ്ട് കുട്ടികൾ ഇടയ്ക്കിടെ വെള്ളം കുടിക്കുന്നുണ്ടെന്ന് ഉറപ്പാക്കണം. തേങ്ങാവെള്ളം, മോര്, നാരങ്ങാവെള്ളം തുടങ്ങിയവ ഇടയ്ക്കിടെ നൽകാം. ഇതിനുപുറമേ ജലാംശം കൂടിയ പഴങ്ങളായ തണ്ണിമത്തൻ, വെള്ളരിക്ക എന്നിവയും കുട്ടികൾക്ക് നൽകാം. പഞ്ചസാര അടങ്ങിയ ജ്യൂസുകൾ ഒഴിവാക്കുന്നതാണ് നല്ലത്. 

► കൃത്യമായ മുൻകരുതൽ ഇല്ലാതെ കുട്ടികൾ പൊള്ളുന്ന വെയ്‌ലത്തേക്കിറങ്ങിയാൽ സൂര്യാഘാതം ഉണ്ടാകാൻ സാധ്യതയുണ്ട്. അതുകൊണ്ട് ഉച്ചയ്ക്ക് രണ്ട് മണി മുതൽ നാല് മണി വരെ കുട്ടികളെ പുറത്തിറക്കുന്നത് ഒഴിവാക്കണം. മറ്റ് സമയങ്ങളിലും മുൻകരുതൽ എടുത്തശേഷം മാത്രം കുട്ടികളെ പുറത്തിറക്കുന്നതാണ് നല്ലത്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com