

പുറത്തു പോകുന്നതിന് തോട്ടു മുന്‍പ് ഫൈനല്‍ ടച്ച് എന്ന നിലയില്‍ നമ്മള്‍ പലരും ചെയ്യുന്ന ഒരു കാര്യമായിരിക്കാം പെര്‍ഫ്യൂം പൂശല്‍. സുഗന്ധം പരത്തുക മാത്രമല്ല, അത് നമ്മുടെ ഒരു സ്റ്റൈൽ സ്റ്റേറ്റ്‌മെന്‍റും കോണ്‍ഫിഡന്‍സിന്‍റെ ഭാഗവുമാണ്. നമ്മള്‍ എത്തും മുന്‍പ് തന്നെ നമ്മുടെ വ്യക്തിപ്രഭാവം ചുറ്റുപാടും നിറയ്ക്കാനും മതിപ്പുണ്ടാക്കാനും ഇതൊരു മികച്ച മാര്‍ഗമാണ്.
ഒരു വസ്ത്രം തിരഞ്ഞെടുക്കുന്നതു പോലെ, പെർഫ്യൂമിന്റെ തിരഞ്ഞെടുപ്പും നമ്മുടെ മാനസികാവസ്ഥ, ജീവിതശൈലി, സ്വഭാവം എന്നിവയുമായി ബന്ധപ്പെട്ടിരിക്കുന്നു. എന്നാൽ ആയിരക്കണക്കിന് വെറൈറ്റി ഓപ്ഷൻസ് ഉണ്ടാകുമ്പോൾ തീർച്ചയായും ആശയക്കുഴപ്പം ഉണ്ടാകാം. എന്ന് കരുതി വില കൂടിയതും ആകർഷകവുമായി തോന്നുന്ന കുപ്പി തിരഞ്ഞെടുക്കണമെന്ന് അർത്ഥമില്ല. പകരം നിങ്ങളുടെ വ്യക്തിത്വത്തെ പ്രതിഫലിക്കുന്ന ഒരു പെർഫ്യൂം എങ്ങനെ തിരഞ്ഞെടുക്കാമെന്ന് നോക്കാം.
ആത്മവിശ്വാസം
സ്പൈസി, ഓറിയന്റൽ അല്ലെങ്കിൽ വുഡി സെന്റുകള്‍ അല്ലെങ്കില്‍ പെര്‍ഫ്യൂമുകള്‍ നമ്മള്‍ അറിയാതെ തന്നെ നമ്മള്‍ക്ക് ഒരു ആത്മവിശ്വാസം നല്‍കും. പുതിയതായി ഒരു കാര്യം ചെയ്യാന്‍ പോകുമ്പോള്‍ അല്ലെങ്കില്‍ നേതൃസ്ഥാനത്ത് ഇരിക്കുന്നവര്‍ക്കെ ഈ സുഗന്ധം അനുയോജ്യമാണ്.
ആംബർ
ഔദ്
ചന്ദനം
കുങ്കുമപ്പൂവ്
പച്ചോളി- ഇവയുടെ സുഗന്ധം ഇതിന് ഉദ്ദാഹരണമാണ്. ഈ സുഗന്ധങ്ങള്‍ ആഴവും ഊഷ്മളതയും സങ്കീർണ്ണതയും സൃഷ്ടിക്കുന്നു. മുറിയിൽ നിന്ന് പുറത്തു പോയതിനു ശേഷവും അവരുടെ സുഗന്ധം ദീര്‍ഘനേരം നിലനിൽക്കണമെന്ന് ആഗ്രഹിക്കുന്ന ഒരാൾക്ക് ഇത് അനുയോജ്യമാണ്.
സാഹസികത
യാത്രകളും പുതുമയും സാഹസികതകളും ഇഷ്ടപ്പെടുന്നവര്‍ പുതുമയും ഊർജ്ജവും പിടിച്ചെടുക്കുന്ന പെര്‍ഫ്യൂം വേണം തിരഞ്ഞെടുക്കാന്‍. നിങ്ങളുടെ സുഗന്ധം നിങ്ങളുടെ വ്യക്തിത്വം പോലെ തന്നെ ആവേശകരവും ഉന്മേഷദായകവുമായിരിക്കണം.
സിട്രസ് (നാരങ്ങ, ബെർഗാമോട്ട്, ഗ്രേപ്ഫ്രൂട്ട്)
ഗ്രീൻ ടീ
അക്വാ കോർഡ്
നെറോളി അല്ലെങ്കിൽ ഓറഞ്ച് പുഷ്പം പോലുള്ള ഇളം പുഷ്പങ്ങളുടെ സുഗന്ധങ്ങള്‍ മനസിന് ഉണര്‍വും സന്തോഷവും നല്‍കും. ഇത് പകല്‍ നേരങ്ങളില്‍ അനുയോജ്യമാണ്.
റൊമാന്റിക്
മൃദുവും ഊഷ്മളതയും മാധുര്യവും ആർദ്രതയും പ്രകടിപ്പിക്കുന്ന ഒരു പെര്‍ഫ്യൂം ആണ് റൊമാന്‍റിക് മൂഡിന് അനുയോജ്യം.
റോസ്
പിയോണി
വാനില
ടോങ്ക ബീൻസ്- എന്നീ സുഗന്ധങ്ങള്‍ ഗാംഭീര്യത്തിന്റെയും വാത്സല്യത്തിന്റെയും ഒരു പ്രഭാവലയം സൃഷ്ടിക്കുന്നു. ഇത് ഒത്തുകൂടലുകള്‍ക്കും ഡേറ്റ് നൈറ്റുകൾക്കും അനുയോജ്യമാണ്.
മിനിമലിസ്റ്റ്
വളരെ മിനിമലായ ഒരു വ്യക്തിത്വമുള്ള ആളാണ് നിങ്ങളെങ്കില്‍ പുതുമയുള്ളതായി തോന്നുന്ന സൂക്ഷ്മവും ശുദ്ധവുമായ പെര്‍ഫ്യൂം തിരഞ്ഞെടുക്കാം.
ലാവെൻഡർ
ഗ്രീന്‍ ലീവ്സ്
സോഫ്റ്റ് സിട്രസ്
ലൈറ്റ് മസ്ക്- എന്നീ സുഗന്ധങ്ങള്‍ ഓഫീസ് അന്തരീക്ഷം, അല്ലെങ്കിൽ നിങ്ങൾക്ക് പുതുമയും ശാന്തതയും അനുഭവിക്കാൻ ആഗ്രഹിക്കുന്ന നിമിഷങ്ങള്‍ക്ക് അനുയോജ്യമാണ്.
ഗ്ലാമറസ് ഷോസ്റ്റോപ്പർ
ഒരു പാര്‍ട്ടി നൈറ്റ് പോലെ വളരെ ആഢംബരമായ സാഹചര്യങ്ങളില്‍ ഒരു ആഡംബര പെർഫ്യൂം അത്യാവശ്യമാണ്. നിങ്ങളുടെ സാന്നിധ്യം പോലെ തന്നെ നിങ്ങളുടെ സുഗന്ധവും അവിസ്മരണീയമായിരിക്കും.
ട്യൂബെറോസ് അല്ലെങ്കിൽ യലാങ്-യലാങ് പോലുള്ള എക്സോട്ടിക് പുഷ്പങ്ങൾ
സമ്പന്നമായ ആമ്പറും ആംബർഗ്രിസും
തേൻ
കാരാമൽ അല്ലെങ്കിൽ ചോക്ലേറ്റ് എന്നീ സുഗന്ധങ്ങള്‍ ശക്തവും എന്നാൽ പരിഷ്കൃതവുമാണ്.
പെര്‍ഫ്യൂം തിരഞ്ഞെടുക്കുമ്പോള്‍ ഈ കാര്യങ്ങള്‍ ശ്രദ്ധിക്കണം
ചർമത്തിൽ പരീക്ഷിക്കുക: ചർമത്തിന്റെ രാസഘടന കാരണം പെര്‍ഫ്യൂമിന് ഓരോ വ്യക്തിയിലും വ്യത്യസ്ത സുഗന്ധം ഉണ്ടാകും. വാങ്ങുന്നതിന് മുമ്പ് എപ്പോഴും ട്രൈ ചെയ്തു നോക്കണം.
സന്ദർഭം പരിഗണിക്കുക: പകൽ നേരിയ സുഗന്ധങ്ങളും വൈകുന്നേരങ്ങൾക്കോ പരിപാടികൾക്കോ ശക്തമായ സുഗന്ധങ്ങളും തിരഞ്ഞെടുക്കുക.
നീണ്ടുനില്‍ക്കുന്നത്: ഡിയോ ഡി പർഫം ഡിയോ ഡി ടോയ്‌ലറ്റിനേക്കാൾ കൂടുതൽ നേരം നിലനിൽക്കും.
സീസണൽ സുഗന്ധങ്ങൾ: സിട്രസ് സുഗന്ധങ്ങൾ വേനൽക്കാലത്ത് നന്നായി പ്രവർത്തിക്കും, അതേസമയം വാം-സ്പൈസി സുഗന്ധങ്ങൾ ശൈത്യകാലത്തിനും അനുയോജ്യമായിരിക്കും.
പെര്‍ഫ്യൂം സുഗന്ധം: ആദ്യത്തെ 5 സെക്കൻഡിനുള്ളിൽ ഒരു പെർഫ്യൂമിനെ വിലയിരുത്തരുത്. അടിസ്ഥാന സുഗന്ധങ്ങൾ പുറത്തുവരുന്നതുവരെ കാത്തിരിക്കുക.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
