

കരളിൽ അമിതമായി കൊഴുപ്പ് അടിഞ്ഞികൂടുന്നതിനെ തുടർന്ന് ഉണ്ടാകുന്ന ഫാറ്റിലിവർ ബാധിതരുടെ എണ്ണം കേരളത്തിൽ വർധിച്ചുവരികയാണ്. അനാരോഗ്യകരമായ ജീവിതശൈലിയും ഭക്ഷണരീതിയുമൊക്കെ രോഗസാധ്യത വർധിപ്പിക്കുന്ന പ്രധാന ഘടകങ്ങളിൽ പെടുന്നവയാണ്. ജീവിതശൈലിയിൽ ആരോഗ്യകരമായ മാറ്റങ്ങൾ വരുത്തുന്നത് ഫാറ്റി ലിവറിനെ ചെറുക്കാനും കരളിന്റെ ആരോഗ്യം മെച്ചപ്പെടുത്താനും സഹായിക്കുമെന്ന് ആരോഗ്യവിദഗ്ധനായ ഡോ. കരൺ രാജൻ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച വിഡിയോയിൽ പറയുന്നു.
മധുര പാനീയങ്ങൾ ഭക്ഷണക്രമത്തിൽ നിന്ന് പൂർണമായും ഉപേക്ഷിക്കുകയാണ് ആദ്യത്തെ നടപടി. സോഡകളും മറ്റ് മധുര പാനീയങ്ങളുമൊക്കെ താൻ ഡയറ്റിൽ നിന്ന് ഒഴിവാക്കിയെന്നും അദ്ദേഹം പറയുന്നു. ദ്രാവക രൂപത്തിലുള്ള മധുരത്തെ കരൾ നേരിട്ട് സംസ്കരിക്കുകയും അധികമുള്ള കലോറിയെ കൊഴുപ്പായി മാറ്റുകയും ചെയ്യുന്നു. കൂടാതെ ദ്രാവക രൂപത്തിലുള്ള ഭക്ഷണം സംതൃപ്തി നൽകുന്നതും കുറവായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. മധുര പാനീയങ്ങൾക്ക് പകരം, ശുദ്ധമായ ജലം, പഞ്ചസാര ചേർക്കാത്ത കട്ടൻകാപ്പി അല്ലെങ്കിൽ കട്ടൻചായ കുടിക്കാം.
കരളിന്റെ ആരോഗ്യത്തിന് നാരുകൾ അടങ്ങിയ ഭക്ഷണങ്ങൾ വളരെ പ്രധാനമാണ്. നാരുകൾ കുടലിലെ സൂക്ഷ്മാണുക്കളെ പ്രോത്സാഹിപ്പിക്കുകയും കരളിൽ കൊഴുപ്പടിയുന്നത് കുറയ്ക്കുകയും ഇൻസുലിൻ സംവേദനക്ഷമത മെച്ചപ്പെടുത്തുകയും ചെയ്യും. മാത്രമല്ല, നാരുകൾ അടങ്ങിയ ഭക്ഷണം കരളിലെ വീക്കം കുറയ്ക്കാൻ നല്ലതാണ്. അതുകൊണ്ട് ധാന്യങ്ങളും പച്ചക്കറിയും പയറുവർഗങ്ങളും പഴങ്ങളും ഡയറ്റിൽ ധാരാളം ചേർക്കണമെന്നും അദ്ദേഹം പറഞ്ഞു.
കട്ടൻകാപ്പിക്ക് കരളിന്റെ ആരോഗ്യം സംരക്ഷിക്കാനുള്ള കഴിവുണ്ടെന്ന് പഠനങ്ങൾ കണ്ടെത്തിയിരുന്നു. കാപ്പിയിലുള്ള മെലനോയിഡിൻസ്, പോളിഫെനോളുകൾ എന്നിവ കരളിലെ വീക്കം കുറയ്ക്കും. ഫാറ്റിലിവർ രോഗം ലഘൂകരിക്കുന്നതിൽ കട്ടൻകാപ്പിക്ക് വലിയ പങ്കുണ്ട്. താൻ സ്ഥിരമായി കട്ടൻകാപ്പി കുടിക്കാറുണ്ടെന്നും അദ്ദേഹം പറഞ്ഞു. അത് നേരിട്ട് കരളിന്റെ ആരോഗ്യം മെച്ചപ്പെടുത്തും. ഒരു ദിവസത്തിൽ രണ്ടോമൂന്നോ കട്ടൻകാപ്പി കുടിക്കുന്നത് കരളിന്റെ കൊഴുപ്പ് കുറയ്ക്കുകയും കരൾരോഗ സംബന്ധമായ മരണനിരക്ക് കുറയ്ക്കുകയും ചെയ്യും. പഞ്ചസാരയിടാതെ വേണം കട്ടൻ കാപ്പി കുടിക്കേണ്ടതെന്നും ഡോ. കരൺ വ്യക്തമാക്കുന്നു.
സാച്ചുറേറ്റഡ് ഫാറ്റ് (പൂരിത കൊഴുപ്പ്) അടങ്ങിയ ഭക്ഷണങ്ങൾ ഉപേക്ഷിക്കുന്നതും ഫാറ്റിലിവർ ചെറുക്കാൻ പ്രധാനമാണെന്ന് ഡോ. കരൺ പറയുന്നു. കരളിന്റെ ആരോഗ്യത്തിനായി ഇപ്പോൾ മെഡിറ്ററേനിയൻ ഡയറ്റിലേക്ക് മാറിയെന്നും അദ്ദേഹം പറയുന്നു. ഇത് കരളിലെ കൊഴുപ്പ് കുറയ്ക്കുമെന്നും പൂരിത കൊഴുപ്പിനുപകരം നല്ല കൊഴുപ്പുകളിലേക്ക് മാറുകയാണ് ചെയ്തതെന്നും അദ്ദേഹം കൂട്ടിച്ചേർക്കുന്നു. മത്സ്യം, ഒലിവ് ഓയിൽ, നട്സ്, വിത്തുകൾ എന്നിവ കഴിക്കുന്നത് കരളിന്റെ ആരോഗ്യത്തിന് ഫലപ്രദമാണ്.
ഫാറ്റിലിവർ പ്രതിരോധത്തിൽ വ്യായാമത്തിനും വളരെ പ്രാധാന്യമുണ്ട്. ആഴ്ചയിൽ 150 മിനിറ്റെങ്കിലും വ്യായാമം ചെയ്യാൻ ശ്രമിക്കണം. വ്യായാമം ചെയ്യുന്നതിലൂടെ കരളിന്റെ കൊഴുപ്പ് അടിയുന്നത് കുറയ്ക്കാനാവും. കൂടാതെ കരളിന്റെ ഇൻസുലിൻ സംവേദനക്ഷമതയും മെച്ചപ്പെടും.
വേഗത്തിലുള്ള നടത്തം, ഓട്ടം, നീന്തൽ, സൈക്ലിങ് എന്നിങ്ങനെ ആഴ്ചയിൽ അഞ്ച് ദിവസം 30 മിനിറ്റ് കാർഡിയോ വർക്കൗട്ട് ചെയ്യണം. ഒപ്പം കരുത്ത് വർധിപ്പിക്കാനുള്ള വർക്കൗട്ടുകൾ കൂടി ഉൾപ്പെടുത്തുന്നത് ഫാറ്റി ലിവറിനെ പ്രതിരോധിക്കുമെന്ന് ഡോ.കരൺ പറയുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates