

തിരക്കും മടിയും കാരണം പലരും വ്യായാമം വീട്ടിൽ തന്നെയാക്കാറുണ്ട്. എങ്കിൽ കൃത്യമായ മേൽനോട്ടമില്ലാതെ വ്യായാമങ്ങൾ ചെയ്യുമ്പോൾ ധാരാളം അബദ്ധങ്ങളും സംഭവിച്ചേക്കാം. ഇത് ചിലപ്പോൾ ഗുരുതരമായ പരിക്കുകളിലേക്കും ആരോഗ്യപ്രശ്നങ്ങളിലേക്കും നയിക്കാം. പേശീവേദന, കാൽമുട്ട് അല്ലെങ്കിൽ സന്ധി വേദന പോലുള്ളവ ഒരുപക്ഷെ ഇക്കാരണങ്ങൾ കൊണ്ട് സംഭവിക്കുന്നതാകാം. വീട്ടിൽ വർട്ട്ഔട്ട് ചെയ്യുമ്പോൾ ഇക്കാര്യങ്ങൾ ശ്രദ്ധിക്കാം.
വാം അപ് ചെയ്യാൻ മറക്കരുത്
വീട്ടിൽ വർക്കൗട്ട് ചെയ്യുമ്പോൾ പ്രധാനമായും വിട്ടുപോകുന്ന ഒന്നാണ് വാം അപ് ചെയ്യുക എന്നത്. വ്യായാമത്തിന് മുൻപ് വാം അപ് നിർബന്ധമായും ചെയ്തിരിക്കണം ഇത് പരിക്കുകൾ ഉണ്ടാകുന്നതിൽ നിന്ന് സംരക്ഷിക്കും. വ്യായാമം ചെയ്യുന്നതിന്റെ 25 മുതൽ 30 ശതമാനം വരെ സമയം വാം അപ്പിനായി നീക്കിവയ്ക്കണമെന്നാണ് വിദഗ്ധരുടെ അഭിപ്രായം.
ഒരേ വ്യായാമം കൂടുതൽ സമയം ചെയ്യരുത്
ഒരേ വ്യായാമം കുറേ നേരം ആവർത്തിക്കുന്നതും ശരീരത്തിന് അനുയോജ്യമല്ലാത്ത ഭാരം ഉയർത്തുന്നതും തെറ്റായ ദിശയിലേക്ക് വ്യായാമം ചെയ്യുന്നതുമെല്ലാം പരിക്കുകളുണ്ടാക്കാം. ഏത് വ്യായാമം ചെയ്യുന്നതിന് മുൻപും വിദഗ്ധരുടെ ഉപദേശം നേടിയ ശേഷം പരിശീലിക്കുക. സ്വന്തം ഇഷ്ടപ്രകാരം വർക്കൗട്ട് ചെയ്യുന്നത് ചിലപ്പോൾ വിപരീത ഫലമുണ്ടാക്കും. കൂടാതെ ഓരേ വ്യായാമം സ്ഥിരമായി ചെയ്യുന്നത് ടെൻഡോണൈറ്റിസ് അല്ലെങ്കിൽ ഷിൻ സ്പ്ലിന്റ് പോലുള്ള അവസ്ഥയ്ക്ക് കാരണമാകും. ഓരോ വർക്ക്ഔട്ടിലും നിങ്ങളുടെ ശരീരത്തിന്റെ എല്ലാ ഭാഗങ്ങളിലും അതിന്റെ ഗുണം കിട്ടുന്നുണ്ടെന്ന് ഉറപ്പുവരുത്തുക.
സ്വന്തം ആരോഗ്യത്തെക്കുറിച്ച് അറിയുക
സ്വന്തം ആരോഗ്യാവസ്ഥ അറിഞ്ഞ് വേണം വ്യായാമമുറകൾ തിരഞ്ഞെടുക്കാൻ. ഹൃദ്രോഗം, ഉയർന്ന രക്തസമ്മർദം, സന്ധിവാതം, വൃക്കരോഗം അല്ലെങ്കിൽ അർബുദം തുടങ്ങിയ രോഗങ്ങൾ ഇപ്പോഴോ മുമ്പോ ഉണ്ടായിരുന്നവരാണെങ്കിൽ വീട്ടിൽ വർക്ക് ഔട്ട് ചെയ്യുമ്പോൾ വളരെയധികം ശ്രദ്ധിക്കണം. തെറ്റായ വ്യായാമമുറകൾ പരിശീലിക്കുന്നത് പലപ്പോഴും ആരോഗ്യത്തെ ദോഷകരമായി ബാധിക്കും.
വ്യായാമം ചെയ്യുന്നയിടം പ്രധാനം
വിശാലവും വെന്റിലേഷനും ഉള്ളയിടം വർക്കൗട്ട് ചെയ്യുന്നതിനായി തിരഞ്ഞെടുക്കുക. കൈകൾ വിടർത്തി 360 ഡിഗ്രി തിരിക്കുമ്പോൾ സ്ഥലമുണ്ടെന്ന് ഉറപ്പുവരുത്തുക. വ്യായാമം ചെയ്യുന്ന നിലം നനഞ്ഞതല്ലെന്ന് ഉറപ്പാക്കണം.
ഉപകരണങ്ങളുടെ നിലവാരം
വ്യായാമം ചെയ്യാനായി ഉപയോഗിക്കുന്ന ഉപകരണങ്ങൾ തെരഞ്ഞെടുക്കുമ്പോഴും വേണം ശ്രദ്ധ. ഗുണനിലവാരമില്ലാത്ത ഉപകരണങ്ങൾ ഉപയോഗിക്കുന്നത് ഗുരുതര പരിക്കുകൾ ഉണ്ടാക്കിയേക്കാം. ഗുണനിലവാരമുള്ള ഉപകരണങ്ങൾ വ്യായാമത്തിന്റെ കാര്യക്ഷമത വർധിപ്പിക്കുകയും കൂടുതൽ വേഗത്തിൽ മികച്ച ഫലങ്ങൾ കിട്ടാനും സഹായിക്കും. തറയിൽ ഇരുന്നോ കിടന്നോ ചെയ്യുന്ന വ്യായാമങ്ങൾ ചെയ്യുമ്പോൾ യോഗ മാറ്റ് ഉപയോഗിക്കുക.
വിശ്രമം നൽകുക
വ്യായാമങ്ങൾക്കിടയിൽ ശരീരത്തിന് ആവശ്യത്തിന് വിശ്രമം നൽകണം. ഇത് നിങ്ങളെ കൂടുതൽ ഊർജസ്വലമാക്കാൻ സഹായിക്കും.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates