

തിരുവനന്തപുരം: ഡെങ്കിപ്പനി പ്രതിരോധത്തില്‍ നിര്‍ണായക നേട്ടവുമായി തോന്നയ്ക്കല്‍ അഡ്വാന്‍സ്ഡ് വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലെ ഗവേഷകര്‍. ആരംഭഘട്ടത്തില്‍ ഡെങ്കിപ്പനിയുടെ ഭാഗമായി ഉണ്ടാകുന്ന ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങളെ തിരിച്ചറിയാന്‍ കഴിയുമെന്നാണ് പുതിയ പഠനങ്ങളുടെ അടിസ്ഥാനത്തില്‍ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലെ ഗവേഷകര്‍ മുന്നോട്ട് വയ്ക്കുന്ന പ്രതീക്ഷ.
ഡെങ്കിപ്പനി ഗുരുതരമാകാതെ യഥാസമയം തിരിച്ചറിയാനും ചികില്‍സിച്ച് ഭേദമാക്കാനും സാധിക്കുന്നതാണ് പുതിയ കണ്ടെത്തല്‍ എന്നാണ് വിലയിരുത്തല്‍. രോഗം ഗുരുതരമാകാന്‍ സാധ്യതയുള്ള രോഗികളെ ആദ്യഘട്ടത്തില്‍ തിരിച്ചറിയാനാകുമെന്ന കണ്ടെത്തലാണ് ഗവേഷക സംഘം പറയുന്നത്. ഇതിന്റെ അടിസ്ഥാനത്തില്‍ ലേറ്ററല്‍ ഫ്ലോ ഡിവൈസ് എന്ന പോയിന്റ് ഓഫ് കെയര്‍ ഉപകരണം വികസിപ്പിക്കാനുള്ള ശ്രമത്തിലാണ് അവര്‍. ആദ്യഘട്ടത്തില്‍ ഡെങ്കിപ്പനി ഒരു ജ്വരം പോലെ തുടങ്ങുകയും അവസാന ഘട്ടത്തില്‍ പ്ലാസ്മാ ലീക്കേജ്, രക്തസ്രാവം, അവയവങ്ങളുടെ പ്രവര്‍ത്തനം നിലയ്ക്കല്‍ തുടങ്ങിയവയിലേക്ക് മാറുകയും ചെയ്യുന്ന ഗുരുതര വൈറസ് ബാധയാണ്. എന്നാല്‍ തുടക്കഘട്ടത്തില്‍ തന്നെ ഡെങ്കിപ്പനി കണ്ടെത്തുക എന്നത് ഇപ്പോഴും വൈദ്യപരിചരണരംഗത്ത് വലിയ വെല്ലുവിളിയാണ്. പലപ്പോഴും രോഗം ബാധിച്ച് നാലോ അഞ്ചോ ദിവസം കഴിയുമ്പോഴാണ് തിരിച്ചറിയുന്നത്.
നിലവില്‍ മെഷീന്‍ ലേണിംഗ്് ഉപയോഗിച്ച് ഗുരുതരമായ ഡെങ്കിയുമായി ബന്ധപ്പെട്ട് വ്യക്തമായ വ്യത്യാസം കാണിക്കുന്ന ചില പ്രോട്ടീനുകള്‍ കണ്ടെത്തിയിരിക്കുകയാണ്. ഇവ ഡെങ്കിപ്പനിയുടെ ആദ്യഘട്ടമായ ജ്വരഘട്ടത്തില്‍ തന്നെ കൃത്യമായി തിരിച്ചറിയാന്‍ കഴിയും. ഇത് ഗുരുതരമായി മാറാനിടയുള്ള രോഗികളെ വളരെ വേഗത്തില്‍ തിരിച്ചറിയാനാകുന്ന മാര്‍ഗ്ഗങ്ങളായി പരിഗണിക്കാം.
ഈ കണ്ടെത്തലുകളുടെ അടിസ്ഥാനത്തില്‍ ലേറ്ററല്‍ ഫ്ലോ ആസെ ഡിവൈസ് വികസിപ്പിച്ച് രോഗിയുടെ രക്തത്തില്‍ നിന്നുള്ള പ്രോട്ടീനുകളുടെ സാന്നിധ്യവും അളവും പരിശോധിക്കാന്‍ ശ്രമിച്ചുകൊണ്ടിരിക്കുകയാണ് ഗവേഷകര്‍. രോഗത്തിന്റെ വിവിധ ഘട്ടങ്ങളില്‍ ഹോസ്റ്റ് ബയോമാര്‍ക്കറുകളുടെ മാറുന്ന നിലവാരം നിരീക്ഷിക്കുക വഴി രോഗഫലത്തെ മുന്‍കൂട്ടി പ്രവചിക്കാനും ഈ ടെക്നോളജി സഹായിക്കും. മെഡിക്കല്‍ രംഗത്തെ വിദഗ്ദ്ധരുടെ സജീവ സഹകരണത്തിലൂടെ വൈറല്‍ രോഗങ്ങളുടെ തിരിച്ചറിയലിന് വേണ്ടിയുള്ള പോയിന്റ് ഓഫ് കെയര്‍ ഉപകരണങ്ങള്‍ വികസിപ്പിക്കാനാണ് തോന്നയ്ക്കല്‍ അഡ്വാന്‍സ്ഡ് വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലെ ക്ലിനിക്കല്‍ വൈറോളജി വിഭാഗം ഗവേഷക സംഘം ശ്രമിച്ചുകൊണ്ടിരിക്കുന്നത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates