

ന്യൂഡല്‍ഹി : കോവിഡ് മഹാമാരിയുടെ പിടിയില്‍ അമര്‍ന്നിരിക്കുകയായിരുന്നു ലോകരാജ്യങ്ങള്‍. ദ്രുതഗതിയില്‍ വാക്‌സിനുകള്‍ കണ്ടുപിടിച്ച് മഹാമാരിയുടെ പിടിയില്‍ നിന്നും മുക്തി നേടാമെന്ന ആശ്വാസത്തിനിടെ, വീണ്ടും ആശങ്കപ്പെടുത്തുന്ന മറ്റൊരു വാര്‍ത്തയെത്തുന്നു. അതിമാരകമായ മറ്റൊരു വൈറസ് ലോകമാകെ പൊട്ടിപ്പുറപ്പെടുമെന്നാണ് വിദഗ്ധരുടെ മുന്നറിയിപ്പ്.
കോവിഡ് പോലെ പെട്ടെന്ന് വ്യാപിക്കുന്നതും, എബോള വൈറസിനേക്കാള്‍ അതിവിനാശകാരിയുമാകും പുതിയ വൈറസ് എന്നാണ് മുന്നറിയിപ്പ്. ഡിസീസ് എക്‌സ് എന്നു പേരിട്ടിരിക്കുന്ന ഈ വൈറസിനെക്കുറിച്ച് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത് എബോള വൈറസ് കണ്ടുപിടിച്ച ശാസ്ത്രജ്ഞനാണ്. 1976 ല്‍ പ്രൊഫസര്‍ ജീന്‍ ജാക്വസ് മുയംബെ താംഫും ആണ് അജ്ഞാത രോഗഹേതുവായ എബോള വൈറസിനെ കണ്ടെത്തിയത്.
പുതിയ വൈറസിന്റെ ഉത്ഭവം ആഫ്രിക്കയിലെ ട്രോപ്പിക്കല്‍ വനമേഖലയില്‍ നിന്നാകുമെന്നാണ് ജീന്‍ ജാക്വസിന്റെ മുന്നറിയിപ്പ്. കോവിഡിനേക്കാള്‍ വേഗം പടരുന്നതും മഹാദുരന്തത്തിന് വഴിവെക്കുന്നതുമാകും ഇതെന്ന് അദ്ദേഹം വിലയിരുത്തുന്നു. കൂടാതെ, മൃഗങ്ങളില്‍ നിന്നും പക്ഷികളില്‍ നിന്നും കൂടുതല്‍ മഹാമാരികള്‍ മനുഷ്യരിലേക്ക് പടരാനുള്ള സാധ്യത വര്‍ധിച്ചതായും ജീന്‍ ജാക്വസ് മുന്നറിയിപ്പ് നല്‍കുന്നു.
ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയിലാണ് പുതിയ രോഗം ബാധിച്ചയാളെ കണ്ടെത്തിയത്. രക്തസ്രാവത്തോടുകൂടിയുള്ള പനിയായിരുന്നു രോഗലക്ഷണം. എബോള ടെസ്റ്റ് അടക്കം നടത്തിയെങ്കിലും നെഗറ്റീവ് ആയിരുന്നു ഫലം. ഇതോടെയാണ് ഡിസീസ് എക്‌സ് ബോധിച്ച ആദ്യ രോഗിയാണ് ഇയാളെന്ന് ഡോക്ടര്‍മാര്‍ സംശയിക്കുന്നത്.
കോവിഡ് വളരെ വേഗം പടരുന്നതാണ്. എന്നാല്‍ എബോള വൈറസ് ബാധിച്ചാല്‍ 50 മുതല്‍ 90 ശതമാനം വരെയാണ് മരണം സംഭവിക്കുന്നത്. പുതിയ രോഗം ഡിസീസ് എക്‌സ് മഹാദുരന്തത്തിന് വഴിവെക്കുന്നതാണെന്നും ശാസ്ത്രജ്ഞര്‍ വിലയിരുത്തുന്നു. മൃഗങ്ങളില്‍ നിന്നോ പക്ഷികളില്‍ നിന്നോ ആകും പുതിയ വൈറസും മനുഷ്യരിലേക്ക് എത്തുകയെന്ന് ശാസ്ത്രജ്ഞര്‍ പറയുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates