

ചോറിലും ദോശയിലും ചപ്പാത്തിയിലും ബിരിയാണിയിലും പലഹാരങ്ങളിലുമൊക്കെ ധാരാളം നെയ്യ് ചേർത്ത് കഴിക്കുന്ന രീതി നമ്മൾക്കുണ്ട്. ആരോഗ്യകരമായ കൊഴുപ്പായതുകൊണ്ട് ദിവസവും നെയ്യ് കഴിക്കുന്നവർ കുറവല്ല, എന്നാൽ അധികമായാൽ നെയ്യും ആരോഗ്യത്തിന് പണി തരും. അമിതമായി നെയ്യ് കഴിക്കുന്നത് ഹൃദയാരോഗ്യത്തെ ബാധിക്കാൻ സാധ്യതയുണ്ടെന്ന് ആരോഗ്യവിദഗ്ധ ചൂണ്ടിക്കാണിക്കുന്നു.
നെയ്യിൽ പ്രധാനമായും അടങ്ങിയിരിക്കുന്നത് പൂരിത കൊഴുപ്പ് ആണ്. ഭക്ഷണത്തിലെ പൂരിത കൊഴുപ്പിന്റെ അളവ് കൂടുതലാകുന്നത് രക്തത്തിലെ ചീത്ത കൊളസ്ട്രോൾ ഉയരുന്നതിന് കാരണമായേക്കാം. ദീർഘകാലം കൊളസ്ട്രോൾ നില ഉയർന്നുനിന്നാൽ ഹൃദയധമനികളിൽ കൊഴുപ്പ് അടിഞ്ഞുകൂടാനും ഹൃദ്രോഗസാധ്യത വർധിക്കാനും കാരണമാകും. നെയ്യുടെ ഉപയോഗം പരിമിതപ്പെടുത്താൻ ലോകാരോഗ്യ സംഘടനയും ശുപാർശ ചെയ്യുന്നുണ്ട്.
പൂർണമായും ഒഴിവാക്കുന്നതിന് പകരം, അളവിലാണ് കാര്യം. നെയ്യിൽ കൊഴുപ്പ് കൂടുതലായതിനാൽ ചെറിയ അളവിൽ പോലും കൂടുതൽ കലോറി ലഭിക്കും. അതുകൊണ്ട് ദിവസവും നെയ്യ് ഭക്ഷണത്തിന്റെ ഭാഗമാക്കിയാൽ കലോറി ഉപഭോഗം വർധിക്കാൻ കാരണമാകും.
ഇത് അമിതവണ്ണത്തിനും അമിതവണ്ണം ഹൃദ്രോഗം, പ്രമേഹം, ഉയർന്ന രക്തസമ്മർദം തുടങ്ങിയ നിരവധി ആരോഗ്യപ്രശ്നങ്ങളുടെ അപകടസാധ്യത വർധിപ്പിക്കാം. പ്രത്യേകിച്ച് നേരത്തെ തന്നെ കൊളസ്ട്രോൾ ഉള്ളവർ നെയ്യ് ഉൾപ്പെടെയുള്ള പൂരിത കൊഴുപ്പ് അടങ്ങിയ ഭക്ഷണം അളവിൽ കൂടുതൽ ആകുമ്പോൾ ശ്രദ്ധിക്കണം.
ലോകാരോഗ്യ സംഘടനയുടെ നിലവിലെ മാർഗനിർദേശം പ്രകാരം മുതിർന്നവരുടെ ആകോ ഊർജത്തിന്റെ 10 ശതമാനത്തിൽ താഴെ മാത്രമായിരിക്കണം പൂരിത കൊഴുപ്പിൽ നിന്ന് ലഭിക്കുന്നത്. പൂരിത കൊഴുപ്പിന് പകരം, പോളിഅൺസാച്ചുറേറ്റഡ്, മോണോ അൺസാച്ചുറേറ്റഡ് കൊഴുപ്പ് ഉൾപ്പെടുത്താനും ശുപാർശ ചെയ്യുന്നു. പാചകത്തിന് അൺസാച്ചുറേറ്റഡ് കൊഴുപ്പ് കൂടുതലുള്ള സസ്യ എണ്ണകൾ തിരഞ്ഞെടുക്കുന്നതാണ് പൊതുവെ നല്ലത്. സൺഫ്ലവർ ഓയിൽ, സോയബീൻ എണ്ണ പോലുള്ളത് നല്ലതാണ്. എന്നാൽ എണ്ണയും അമിതമായി ഉപയോഗിക്കുന്നത് കലോറി ഉപഭോഗം വർധിപ്പിക്കാം.
ഹൃദയാരോഗ്യത്തിന്റെ കാര്യത്തിൽ നെയ്യ് മാത്രം പരിമിതപ്പെടുത്തിയതു കൊണ്ട് കാര്യമില്ല, വെണ്ണ, കൊഴുപ്പ് അടങ്ങിയ ഇറച്ചി, ക്രീം, ഫുൾ-ഫാറ്റ് പാലുൽപ്പന്നങ്ങൾ, വറുത്ത ഭക്ഷണങ്ങൾ തുടങ്ങിയവയും പരിമിതപ്പെടുത്തണം.
അളവ് കുറയ്ക്കുക: ഭക്ഷണത്തിന്റെ രുചിക്കായി ചെറിയ അളവിൽ ഉപയോഗിക്കുന്നതും വലിയ അളവിൽ ദിവസവും ഉപയോഗിക്കുന്നതും തമ്മിൽ വ്യത്യാസമുണ്ട്.
ഭക്ഷണത്തിലെ മറ്റ് കൊഴുപ്പുകളും കണക്കിലെടുക്കുക: നെയ്യ് മാത്രമല്ല, പാചക എണ്ണ, വെണ്ണ, ക്രീം, കൊഴുപ്പുള്ള ഇറച്ചി തുടങ്ങിയവയിൽ നിന്നുള്ള കൊഴുപ്പും ആകെ കണക്കാക്കണം.
വറുത്ത ഭക്ഷണത്തോടൊപ്പം നെയ്യ് കൂട്ടരുത്: ഒരു ഭക്ഷണത്തിൽ തന്നെ പല കൊഴുപ്പ് ഉറവിടങ്ങളും ചേർന്നാൽ ആകെ കൊഴുപ്പ് ഉപഭോഗം ഉയരും.
പച്ചക്കറികളും പയർവർഗങ്ങളും കൂട്ടുക: ആരോഗ്യകരമായ ഭക്ഷണക്രമത്തിൽ പച്ചക്കറികൾ, പഴങ്ങൾ, പയർവർഗങ്ങൾ, മുഴുവൻ ധാന്യങ്ങൾ, നട്സ് തുടങ്ങിയവയ്ക്ക് കൂടുതൽ പ്രാധാന്യം നൽകണം.
കൊളസ്ട്രോൾ പരിശോധന അവഗണിക്കരുത്: നെയ്യ് കഴിക്കുന്നുണ്ടെങ്കിൽ LDL, HDL, triglycerides തുടങ്ങിയ ലിപ്പിഡ് പ്രൊഫൈൽ ഘടകങ്ങൾ ഇടയ്ക്കിടെ പരിശോധിക്കുന്നത് പ്രത്യേകിച്ച് അപകടസാധ്യതയുള്ളവർക്ക് സഹായകരമാണ്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates