

സിഗരറ്റിനെതിരായ മുന്നറിയിപ്പു പോലെ സമൂസക്കും ജിലേബിക്കും ആരോഗ്യകരമായ ദോഷവശങ്ങള്‍ വ്യക്തമാക്കി മുന്നറിയിപ്പ് നൽകണമെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ നിർദ്ദേശം. ലഘുഭക്ഷണങ്ങളിലെ എണ്ണയും കൊഴുപ്പും പഞ്ചസാരയും സംബന്ധിച്ച് മുന്നറിയിപ്പ് നല്‍കുന്ന ബോര്‍ഡുകള്‍ സ്ഥാപിക്കാനും നിര്‍ദ്ദേശമുണ്ട്. കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനങ്ങള്‍, വകുപ്പുകള്‍ എന്നിവയുടെ കാന്റീനുകള്‍, കഫ്റ്റീരിയകള്‍ എന്നിവയ്ക്കാണ് ആദ്യ നിര്‍ദേശം. എന്നാല്‍ ഇത് നിരോധനമല്ലെന്ന് ആരോഗ്യമന്ത്രാലയം വ്യക്തമാക്കി.
ജിലേബി,സമൂസ എന്നീ ലഘുഭക്ഷണങ്ങള്‍ക്ക് പുറമേ ലഡ്ഡു, വട പാവ്, പക്കോഡ എന്നിവയെല്ലാം സൂക്ഷ്മ പരിശോധനയിലാണെന്നും ആരോഗ്യമന്ത്രാലയം അറിയിച്ചു. സാധാരണയായി കഴിക്കുന്ന ഇന്ത്യൻ ലഘുഭക്ഷണങ്ങളിൽ ഒളിഞ്ഞിരിക്കുന്ന കൊഴുപ്പിന്റെയും പഞ്ചസാരയുടെയും അളവും അതുമൂലം ഉണ്ടാകുന്ന ആരോഗ്യപ്രശ്നങ്ങളും ചൂണ്ടിക്കാട്ടിയുള്ള പഠനങ്ങൾ നേരത്തെ വന്നിരുന്നു.
2050 ആകുമ്പോഴേക്കും രാജ്യത്തെ 44.9 കോടിയിലധികം പേര്‍ അമിതഭാരമുള്ളവരാകുമെന്നാണ് പഠനങ്ങള്‍ വ്യക്തമാക്കുന്നത്. നഗരപ്രദേശങ്ങളിലെ മുതിര്‍ന്നവരില്‍ ഏകദേശം അഞ്ചില്‍ ഒരാള്‍ക്ക് അമിതഭാരമുണ്ടെന്നും കണക്കുകള്‍ പറയുന്നു. കുട്ടികളുടെ തെറ്റായ ഭക്ഷണക്രമവും വ്യായാമമില്ലായ്മയും മൂലം കുട്ടികളില്‍ പൊണ്ണത്തടി വര്‍ധിക്കുന്നത് ആശങ്ക സൃഷ്ടിക്കുന്നുണ്ട്
സിഗരറ്റ് മുന്നറിയിപ്പുകള്‍ പോലെ ഭക്ഷണ ലേബലിംഗും ഗൗരവമുള്ളതായി മാറുന്നതിന്റെ തുടക്കമാണിതെന്ന് കാര്‍ഡിയോളജിക്കല്‍ സൊസൈറ്റി ഓഫ് ഇന്ത്യയുടെ നാഗ്പൂര്‍ ചാപ്റ്റര്‍ പ്രസിഡന്റ് അമര്‍ അമാലെ പറഞ്ഞു. പഞ്ചസാരയും ട്രാന്‍സ് ഫാറ്റും പുതിയ പുകയിലയാണ്. ആളുകള്‍ എന്താണ് കഴിക്കുന്നതെന്ന് അറിയാന്‍ അര്‍ഹരാണെന്നും അദ്ദേഹം പറഞ്ഞു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates