

പണ്ടുകാലങ്ങളിൽ തണുപ്പായാൽ കപ്പലണ്ടിയും ശർക്കരയും ചേർത്തുള്ള വിഭവങ്ങൾ മിക്ക വീടുകളിലും പതിവായിരുന്നു. പ്രതിരോധശേഷിയും ഊർജ്ജനിലയും നിലനിർത്താൻ ഇത് സഹായിക്കും. കടലമിഠായി മികച്ചൊരു ചോയിസ് ആണ്. അവയിൽ ചില ആരോഗ്യരഹസ്യങ്ങൾ അടങ്ങിയിട്ടുണ്ടെന്നും പോഷകാഹാര വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നു.
ഊർജ്ജനില മെച്ചപ്പെടുത്തും
മഞ്ഞുകാലത്ത് ശരീരത്തിന് സാധാരണയേക്കാൾ ഊർജം ആവശ്യമാണ്. നിലക്കടലയിൽ അടങ്ങിയിരിക്കുന്ന പ്രോട്ടീനും ആരോഗ്യകരമായ കൊഴുപ്പും ശർക്കരയിലെ കാർബോഹൈഡ്രേറ്റും ചേരുമ്പോൾ ഊർജ്ജം ലഭിക്കുന്നു. പകൽ സമയങ്ങളിലെ ക്ഷീണം അകറ്റാൻ ഇതൊരു മികച്ച ലഘുഭക്ഷണമാണ്.
പ്രതിരോധശേഷി വർധിപ്പിക്കുന്നു
തണുപ്പുകാലം ജലദോഷത്തിന്റെയും പനിയുടെയും സമയമാണ്. ശർക്കരയിൽ അടങ്ങിയിരിക്കുന്ന സിങ്ക്, സെലീനിയം തുടങ്ങിയ ധാതുക്കളും നിലക്കടലയിലെ ആന്റിഓക്സിഡന്റുകളും ശരീരത്തിന്റെ പ്രതിരോധ സംവിധാനത്തെ ശക്തിപ്പെടുത്താൻ സഹായിക്കുന്നു.
ദഹനം
ശർക്കര ദഹന എൻസൈമുകളെ ഉത്തേജിപ്പിക്കാൻ സഹായിക്കും. ഭക്ഷണത്തിന് ശേഷം ഒരു കഷ്ണം ശർക്കരയോ അല്ലെങ്കിൽ ശർക്കര ചേർത്ത കടല മിഠായിയോ കഴിക്കുന്നത് ഗ്യാസ് സംബന്ധമായ പ്രശ്നങ്ങളും മലബന്ധവും മെച്ചപ്പെടും.
രക്തക്കുറവ് പരിഹരിക്കുന്നു
ശർക്കരയിൽ ഇരുമ്പ് ധാരാളം അടങ്ങിയിട്ടുണ്ട്. നിലക്കടലയിലാകട്ടെ ഫോളേറ്റും അടങ്ങിയിരിക്കുന്നു. ഇവ രണ്ടും ചേരുന്നത് ശരീരത്തിലെ ഹീമോഗ്ലോബിന്റെ അളവ് വർധിപ്പിക്കാനും വിളർച്ച തടയാനും സഹായിക്കും.
ചേരുവകൾ
പച്ച നിലക്കടല – 2 കപ്പ്
ശര്‍ക്കര – ഒന്നര കപ്പ്
നെയ്യ്
ആവശ്യത്തിന് വെള്ളം
തയ്യാറാക്കുന്ന വിധം
ഒരു പാനില്‍ നിലക്കടല കുറഞ്ഞ തീയില്‍ വറുത്തെടുക്കുക.
നിലക്കടല വറുത്തു കഴിഞ്ഞാല്‍ തണുപ്പിച്ച് തൊലി നീക്കം ചെയ്യാം.
ചെറിയ രീതിയില്‍ കടല പൊടിച്ചെടുക്കുക.
ഒരു പാനില്‍ 1½ കപ്പ് ശര്‍ക്കര എടുത്ത് രണ്ട് ടീസ്പൂണ്‍ വെള്ളം ചേര്‍ത്ത് ശര്‍ക്കര ഉരുകുന്നത് വരെ ഇളക്കുക.
ശര്‍ക്കര പാനി കട്ടിയാകുന്നതു വരെ അഞ്ച് മിനിറ്റ് കുറഞ്ഞ തീയില്‍ തിളപ്പിക്കുക.
തീ കുറച്ച ശേഷം വറുത്ത നിലക്കടല ചേര്‍ത്ത് ഇളക്കുക, ഇനി തീ ഓഫ് ചെയ്യാം.
ഇനി അല്‍പം നെയ്യ് അല്ലെങ്കില്‍ എണ്ണ ഉപയോഗിച്ച് ഒരു പ്ലേറ്റ് ഗ്രീസ് ചെയ്യുക.
തയ്യാറാക്കി വെച്ച ശര്‍ക്കര, നിലക്കടല മിശ്രിതം പ്ലേറ്റിലേക്ക് മാറ്റുക.
ഇത് പ്ലേറ്റില്‍ തുല്യമായി പരത്തുക. തണുക്കാന്‍ അനുവദിക്കുക.
ശേഷം ഇഷ്ടമുള്ള രീതിയില്‍ കത്തി ഉപയോഗിച്ച് മുറിച്ചെടുക്കാം.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates