

വെള്ളപ്പൊക്കം മാറി തിരിച്ച് വീട്ടിലേക്ക് മടങ്ങുന്നത് ആശ്വാസം നൽകുന്ന കാര്യമാണെങ്കിലും, സൂക്ഷിച്ചില്ലെങ്കിൽ അപകടസാധ്യത ഒളിഞ്ഞിരിക്കുന്ന സമയമാണിത്. വീടിന്റെ കേടുപാടുകൾ, വൈദ്യുതാഘാതം, ഗ്യാസ് ചോർച്ച, മലിനജലം, അണുബാധകൾ, വിഷജീവികൾ എന്നിവയെല്ലാം അപകടങ്ങൾ ഉണ്ടാക്കാം. അതുകൊണ്ട് തന്നെ വീട് വൃത്തിയാക്കുന്നതിന് മുൻപ് ചില സുരക്ഷാ മാർഗനിർദേശങ്ങൾ പാലിക്കേണ്ടതുണ്ട്.
മഴ അല്ലെങ്കിൽ വെള്ളം കുറഞ്ഞെന്ന് കരുതി ഉടൻ വീട്ടിലേക്ക് മടങ്ങാൻ ശ്രമിക്കരുത്. അധികൃതരുടെ അറിയിപ്പ് ലഭിച്ചിട്ടുണ്ടെന്ന് ഉറപ്പാക്കുക. റോഡുകളും പാലങ്ങളും സുരക്ഷിതമാണെന്ന് പരിശോധിക്കണം.
വീടിന്റെ സുരക്ഷയാണ് ആദ്യം ഉറപ്പാക്കേണ്ടത്. വീടിന് ഗുരുതരമായ കേടുപാടുകൾ ഉണ്ടെന്ന് തോന്നിയാൽ അകത്ത് പ്രവേശിക്കരുത്, വിദഗ്ധരുടെ പരിശോധനയ്ക്ക് ശേഷം മാത്രമേ പ്രവേശിക്കാവൂ.
ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
ചുവരുകളിൽ വലിയ വിള്ളലുകളുണ്ടോ?
തൂണുകൾക്ക് കേടുപാടുകളുണ്ടോ?
മേൽക്കൂര അപകടാവസ്ഥയിലാണോ?
പടികൾക്ക് ബലക്കുറവുണ്ടോ?
വീടിന്റെ ഉള്ളിൽ കയറിയാൽ ജനലുകളും വാതിലുകളും തുറന്ന് വായുസഞ്ചാരം ഉറപ്പാക്കുക. വീടിനുള്ളിലെ ഈർപ്പവും ദുർഗന്ധവും വിഷവാതകങ്ങളും പുറത്തുപോകാൻ ഇത് സഹായിക്കും.
വെള്ളത്തിൽ നനഞ്ഞ വൈദ്യുത സംവിധാനങ്ങൾ ഗുരുതര അപകടമുണ്ടാക്കാം. മെയിൻ സ്വിച്ച് ഓഫ് ചെയ്തിട്ടുണ്ടെന്ന് ഉറപ്പാക്കണം. നനഞ്ഞ കൈകൊണ്ട് സ്വിച്ച് തൊടാൻ ശ്രമിക്കരുത്. വീട്ടിലെ വൈദ്യുതി ഉപകരണങ്ങൾ പൂർണമായും ഉണങ്ങിയതിന് ശേഷമേ ഉപയോഗിക്കാവൂ. വൈദ്യുതി വകുപ്പ് അല്ലെങ്കിൽ ലൈസൻസുള്ള ഇലക്ട്രീഷ്യൻ പരിശോധിച്ചതിന് ശേഷം മാത്രം വൈദ്യുതി പുനഃസ്ഥാപിക്കുക.
വീട്ടിൽ ഗ്യാസ് സിലിണ്ടറോ പൈപ്പ് ലൈൻ ഗ്യാസോ ഉണ്ടെങ്കിൽ, ഗ്യാസിന്റെ മണം അനുഭവപ്പെട്ടാൽ ഉടൻ വീടിന് പുറത്തേക്ക് പോകുക. തീ കത്തിക്കരുത്. ലൈറ്റുകളുടെ സ്വിച്ച് ഓണാക്കുകയോ ഓഫ് ചെയ്യുകയോ ചെയ്യരുത്. ജനലുകളും വാതിലുകളും തുറന്ന് വായുസഞ്ചാരം ഉറപ്പാക്കുക.
വെള്ളപ്പൊക്കത്തിന് ശേഷം വീടുകളിൽ പാമ്പുകൾ, എലി, തേൾ, ചിലന്തികൾ പോലുള്ളവ ഒളിഞ്ഞിരിക്കാനുള്ള സാധ്യതയുണ്ട്. അതുകൊണ്ട്, അലമാരകളും കട്ടിലിനടിയും നന്നായി പരിശോധിക്കുക. ചെരുപ്പ്, ഷൂ പോലുള്ളവ ധരിക്കുന്നതിന് മുൻപ് പരിശോധിക്കണം. വസ്ത്രങ്ങൾ ധരിക്കുന്നതിന് മുൻപ് കുടഞ്ഞു നോക്കുക. ഇരുണ്ട മുറികളിലേക്ക് ശ്രദ്ധിയില്ലാതെ കയറരുത്.
വൃത്തിയാക്കുന്നവർ റബർ ഗംബൂട്ട്, കട്ടിയുള്ള റബർ ഗ്ലൗസ്, മാസ്ക്, കണ്ണട, ശരീരം മൂടുന്ന വസ്ത്രം എന്നിവ ധരിക്കുക. കൈകാലുകളിലോ ശരീരത്തിന്റെ മറ്റ് ഭാഗങ്ങളിലോ മുറിവുള്ളവർ മലിനജലത്തിൽ ഇറങ്ങരുത്. മുറിവിൽ വെള്ളം തട്ടിയാൽ സോപ്പും ശുദ്ധജലവും ഉപയോഗിച്ച് ഉടൻ കഴുകണം.ചെളിവെള്ളവുമായി സമ്പർക്കമുണ്ടായവർ എലിപ്പനി പ്രതിരോധമരുന്ന് ഡോക്സിസൈക്ലിൻ കഴിക്കണം. ഇതിന് ആരോഗ്യ പ്രവർത്തകരുടെ നിർദേശം തേടണം.
ആദ്യം ശുദ്ധജലവും സോപ്പ് അല്ലെങ്കിൽ ഡിറ്റർജന്റും ഉപയോഗിച്ച് മേൽക്കൂരയ്ക്കടുത്ത ഭാഗങ്ങളിൽ നിന്ന് താഴേക്ക് എന്ന ക്രമത്തിൽ കഴുകുക.
ചുമർ, വാതിൽ, ജനൽ, നിലം, മേശ, പ്ലാസ്റ്റിക്-മര ഫർണിച്ചർ എന്നിവയിലെ ചെളിയും അഴുക്കും പൂർണമായി നീക്കിയ ശേഷമാണ് അണുനശീകരണം നടത്തേണ്ടത്.
ചെളിക്കു മുകളിൽ നേരിട്ട് ബ്ലീച്ചിങ് പൗഡർ വിതറുന്നത് ഫലപ്രദമല്ല.
വൈദ്യുത ഉപകരണങ്ങളിൽ ബ്ലീച്ച് ലായനി ഒഴിക്കരുത്.
നിലവും ചുമരും അണുവിമുക്തമാക്കാൻ ഡി.സി.എസ് (DCS) ലായനി
കേരള ആരോഗ്യവകുപ്പിന്റെ പ്രളയാനന്തര മാർഗനിർദേശ പ്രകാരം വെള്ളപ്പൊക്കത്തിന് ശേഷം വീടിന്റെ നിലം, ചുമർ, വാതിൽ, ജനൽ തുടങ്ങിയവ അണുവിമുക്തമാക്കാൻ ഡിസിഎസ് (Disinfectant Cleaning Solution) ഉപയോഗിക്കാം.
ബ്ലീച്ചിങ് പൗഡർ - സോപ്പുപൊടി അല്ലെങ്കിൽ വാഷിങ് സോഡ മിശ്രിതമാണിത്.
അനുപാതം: 10 ലിറ്റർ വെള്ളത്തിന് 150 ഗ്രാം ബ്ലീച്ചിങ് പൗഡറും 2–3 ടീസ്പൂൺ വീതം സോപ്പുപൊടിയോ വാഷിങ് സോഡയോ.
തയ്യാറാക്കുന്ന വിധം: പ്ലാസ്റ്റിക് ബക്കറ്റിൽ ബ്ലീച്ചിങ് പൗഡറും സോപ്പുപൊടിയും എടുക്കുക. കുറച്ച് വെള്ളം ചേർത്ത് കട്ടകളില്ലാത്ത പേസ്റ്റ് ഉണ്ടാക്കുക. ശേഷിക്കുന്ന വെള്ളം ചേർത്ത് നന്നായി ഇളക്കുക.
5–10 മിനിറ്റ് അടിയാൻ വെക്കുക. മുകളിലെ തെളിഞ്ഞ ലായനി ഉപയോഗിച്ച് നിലം, ചുമർ, വാതിൽ, കഴുകാവുന്ന ഫർണിച്ചർ തുടങ്ങിയവ തുടയ്ക്കുക. മുറി തുറന്നുവെച്ച് ഉണങ്ങാൻ അനുവദിക്കുക.
ശ്രദ്ധിക്കുക: ആസിഡ്, ടോയ്‌ലറ്റ് ക്ലീനർ, വിനാഗിരി, അമോണിയ എന്നിവയുമായി ഒരിക്കലും ബ്ലീച്ചിങ് പൗഡറോ ബ്ലീച്ചോ കലർത്തരുത്. വിഷവാതകം ഉണ്ടാകാം. അടച്ച മുറിയിൽ ഇത് ഉപയോഗിക്കരുത്.
വെള്ളത്തിൽ മുങ്ങിയ ഭക്ഷ്യവസ്തുക്കൾ ഉപയോഗിക്കരുത്.
തുറന്ന പാക്കറ്റുകളിലെ അരി, മാവ്, മസാല, പാൽപ്പൊടി തുടങ്ങിയവ കളയുക.
ഫ്രിഡ്ജിൽ വൈദ്യുതി ഇല്ലാതെ ദീർഘനേരം സൂക്ഷിച്ച ഭക്ഷണം
വെള്ളം കയറിയ മെത്ത, തലയണ, കാർഡ്ബോർഡ്, തെർമോകോൾ, കനത്ത പൂപ്പൽ പിടിച്ച വസ്തുക്കൾ സുരക്ഷിതമായി ഒഴിവാക്കുക.
കിണർ വെള്ളം ഉപയോഗിക്കുന്നതിന് മുമ്പ് ശുചീകരിക്കുകയും അണുനശീകരണം നടത്തണം. തിളപ്പിച്ച വെള്ളം മാത്രം കുടിക്കുക. സംശയമുള്ള വെള്ളം ഉപയോഗിക്കരുത്.
കൈയിലോ കാലിലോ മുറിവുണ്ടെങ്കിൽ, നേരിട്ട് മലിനജലത്തിൽ ഇറങ്ങരുത്. മുറിവ് മൂടി സംരക്ഷിക്കുക. അണുബാധയുടെ ലക്ഷണങ്ങൾ കണ്ടാൽ ചികിത്സ തേടുക. പനി, ശരീരവേദന, തലവേദന, കണ്ണ് ചുവക്കുക, ഛർദ്ദി എന്നീ ലക്ഷണങ്ങൾ അവഗണിക്കരുത്. പ്രത്യേകിച്ച് പ്രളയജലവുമായി സമ്പർക്കം ഉണ്ടായിരുന്നെങ്കിൽ ചികിത്സ വൈകിക്കരുത്.
കുട്ടികളെയും വയോധികരെയും വൃത്തിയാക്കൽ ജോലികളിൽ പങ്കെടുപ്പിക്കരുത്. മലിനജലവും രാസവസ്തുക്കളും പൊടിയും ഇവരെ കൂടുതൽ ബാധിക്കാൻ സാധ്യതയുണ്ട്.
ഇൻഷുറൻസ് ക്ലെയിമിനോ സർക്കാർ സഹായത്തിനോ ഇത് ആവശ്യമായി വന്നേക്കാം. വീടിന്റെ കേടുപാടുകൾ, വീട്ടുപകരണങ്ങളുടെ നഷ്ടം, വാഹനനാശം എല്ലാം രേഖപ്പെടുത്തുക.
വൈദ്യുതി പരിശോധിക്കാതെ മെയിൻ സ്വിച്ച് ഓൺ ചെയ്യരുത്.
നനഞ്ഞ വൈദ്യുത ഉപകരണങ്ങൾ ഉടൻ പ്രവർത്തിപ്പിക്കരുത്.
പ്രളയജലത്തിൽ മുങ്ങിയ ഭക്ഷണം കഴിക്കരുത്.
പാമ്പിനെയോ മറ്റ് വിഷജീവികളെയോ സ്വയം പിടിക്കാൻ ശ്രമിക്കരുത്.
ചെരിപ്പില്ലാതെ നടക്കരുത്.
അണുനാശിനികളോ ക്ലീനിങ് രാസവസ്തുക്കളോ ഒരുമിച്ച് കലർത്തി ഉപയോഗിക്കരുത്.
പനി, മുറിവ്, വയറിളക്കം തുടങ്ങിയ ലക്ഷണങ്ങൾ അവഗണിക്കരുത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates