

നമ്മൾ ആരോഗ്യസംരക്ഷണത്തിന്റെ ഭാഗമായി ചായയിലേയും കാപ്പിയിലെയും പഞ്ചസാര കുറയ്ക്കാൻ ശ്രദ്ധിക്കാറുണ്ട്. എന്നാൽ ദിവസവും കഴിക്കുന്ന പല ഭക്ഷണങ്ങളിലും നമ്മൾ തിരിച്ചറിയാതെ തന്നെ ധാരാളം പഞ്ചസാര അടങ്ങിയിട്ടുണ്ട്. ഇതിനെ ഹിഡൻ ഷുഗർ എന്നാണ് വിളിക്കുന്നത്.
അമിതമായ പഞ്ചസാരയുടെ ഉപയോഗം ശരീരഭാരം വർധിക്കുക, ടൈപ്പ്-2 പ്രമേഹം, ഫാറ്റി ലിവർ, ഹൃദ്രോഗം, പല്ലുകളുടെ ആരോഗ്യപ്രശ്നങ്ങൾ തുടങ്ങിയവയ്ക്ക് സാധ്യത വർധിപ്പിക്കും. അതുകൊണ്ട് പഞ്ചസാര നേരിട്ട് ചേർക്കാത്ത ഭക്ഷണങ്ങളിലും എത്രത്തോളം പഞ്ചസാരയുണ്ടെന്ന് മനസ്സിലാക്കേണ്ടത് പ്രധാനമാണ്.
മധുരമില്ലെന്ന് തോന്നിയാലും ഉണ്ടാക്കുന്ന സമയത്ത് രുചി കൂട്ടാനോ, ഷെൽഫ് ലൈഫ് വർധിപ്പിക്കാനോ, ടെക്സ്ചർ മെച്ചപ്പെടുത്താനോ ചേർക്കുന്ന പഞ്ചസാരയാണ് ഹിഡൻ ഷുഗർ. ചിലപ്പോൾ ഇത് "ഷുഗർ" എന്ന പേരിൽ അല്ല, മറ്റു പേരുകളിലായിരിക്കും ലേബലിൽ കാണുക.
ഫ്ലേവർഡ് യോഗർട്ട്
ഫ്ലേവർഡ് യോഗർട്ടിൽ പലപ്പോഴും അധിക പഞ്ചസാര ചേർക്കാറുണ്ട്. പ്ലെയിൻ യോഗർട്ട് ഉപയോഗിക്കുന്നതാണ് സുരക്ഷിതം.
ടൊമാറ്റോ കെച്ചപ്പ്
കെച്ചപ്പ് മധുരമായി തോന്നുന്നില്ലെങ്കിലും പല ബ്രാൻഡുകളിലും വലിയ അളവിൽ പഞ്ചസാര ചേർക്കാറുണ്ട്.
ബ്രേക്ക്‌ഫാസ്റ്റ് സീരിയൽ
കോൺഫ്ലേക്സ്, ചോക്ലേറ്റ് സീരിയൽ, ഗ്രാനോള തുടങ്ങിയവ ആരോഗ്യകരമെന്ന് തോന്നിയാലും പലതിലും അധിക പഞ്ചസാര ഉണ്ടായേക്കാം.
പാക്കറ്റ് ഫ്രൂട്ട് ജ്യൂസ്
"100% ഫ്രൂട്ട്" എന്ന് എഴുതിയാലും ചില ഉൽപ്പന്നങ്ങളിൽ അധിക മധുരം ചേർത്തിട്ടുണ്ടാകാം. മുഴുവൻ പഴം കഴിക്കുന്നതാണ് നല്ലത്.
എനർജി ഡ്രിങ്കുകളും സ്പോർട്സ് ഡ്രിങ്കുകളും
വ്യായാമത്തിന് ശേഷം കുടിക്കുന്ന പല പാനീയങ്ങളിലും വലിയ അളവിൽ പഞ്ചസാര അടങ്ങിയിരിക്കും.
ബ്രെഡ്
പ്രത്യേകിച്ച് വൈറ്റ് ബ്രെഡിലും ചില ബ്രൗൺ ബ്രെഡുകളിലും രുചി വർധിപ്പിക്കാൻ പഞ്ചസാര ചേർക്കാറുണ്ട്.
സോസ്, സാലഡ് ഡ്രസിങ്
സാലഡ് ആരോഗ്യകരമാണെങ്കിലും അതിനൊപ്പം ഉപയോഗിക്കുന്ന ഡ്രസിംഗുകളിൽ പഞ്ചസാര കൂടുതലായിരിക്കാം.
ബിസ്കറ്റുകളും ക്രാക്കറുകളും
ഉപ്പുള്ള ബിസ്കറ്റുകളിലും ചെറിയ അളവിൽ പഞ്ചസാര ചേർക്കുന്നത് സാധാരണമാണ്.
ഇൻസ്റ്റന്റ് ഓട്സ്
ഫ്ലേവർഡ് ഓട്സ് പാക്കറ്റുകളിൽ പഞ്ചസാരയുടെ അളവ് കൂടുതലായിരിക്കും.
പ്രോട്ടീൻ ബാറുകളും ഗ്രാനോള ബാറുകളും
ഫിറ്റ്നസ് ഭക്ഷണം എന്ന പേരിൽ വിൽക്കുന്ന പല ഉൽപ്പന്നങ്ങളിലും മധുരം വർധിപ്പിക്കാൻ വിവിധ രൂപത്തിൽ പഞ്ചസാര ചേർക്കാറുണ്ട്.
പീനട്ട് ബട്ടർ
ചില ബ്രാൻഡുകളിൽ അധിക പഞ്ചസാര ചേർക്കാറുണ്ട്. "No Added Sugar" എന്നത് പരിശോധിക്കുക.
ഇൻസ്റ്റന്റ് സൂപ്പുകൾ
ചില റെഡി-ടു-ഈറ്റ് സൂപ്പുകളിൽ രുചി സന്തുലിതമാക്കാൻ ചെറിയ അളവിൽ പഞ്ചസാര ചേർക്കാറുണ്ട്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates