

ശുഭാംശു ശുക്ലയുടെ ആക്സിയം നാല് ദൗത്യത്തോടെ മലയാളി നേതൃത്വം നല്‍കുന്ന പ്രമേഹ ചികിത്സാ ഗവേഷണവും ചരിത്രമാകും. ബഹിരാകാശത്തെ നിരവധി മെഡിക്കൽ പരീക്ഷണങ്ങളിൽ ശുഭാംശു ശുക്ല പങ്കാളിയാകും. ഇവ ബഹിരാകാശ യാത്രയ്ക്ക് മാത്രമല്ല, ഭൂമിയിലെ തെറാപ്പിയുടെയും പ്രിസിഷൻ മെഡിസിന്റെയും വരുംകാല പ്രവര്‍ത്തനങ്ങളില്‍ നിര്‍ണായകമാകും. യുഎഇ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ബുര്‍ജീല്‍ ഹോള്‍ഡിങ്‌സ് സ്ഥാപകന്‍ ഡോ. ഷംഷീര്‍ വയലില്‍ വിഭാവനം ചെയ്ത 'സ്വീറ്റ് റൈഡ്' ഗവേഷണ പദ്ധതിയാണ് ബഹിരാകാശ ദൗത്യത്തിന്റെ ഭാഗമാകുന്നത്.
ബഹിരാകാശ പരിസ്ഥിതി, പ്രത്യേകിച്ച് സൂക്ഷ്മ ഗുരുത്വാകർഷണ സാഹചര്യങ്ങൾ, രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാനും നിലനിർത്താനുമുള്ള പ്രയാസം തുടങ്ങിയ കാരണങ്ങളെ തുടര്‍ന്ന് നിലവിൽ പ്രമേഹമുള്ളവരെ ബഹിരാകാശ യാത്രികരാകാൻ തിരഞ്ഞെടുക്കുന്നില്ല. എന്നാല്‍ ഈ പഠനം ബഹിരാകാശദൗത്യത്തിന് പ്രമേഹരോഗികള്‍ക്കുള്ള വിലക്ക് നീങ്ങാന്‍ കാരണമായേക്കാമെന്ന് ഗവേഷക സംഘം പറയുന്നു.
"ഇതൊരു അഭിമാന മുഹൂർത്തമാണ്. പ്രമേഹം പോലുള്ള അവസ്ഥ നമ്മുടെ സ്വപ്നങ്ങൾക്ക് തടസ്സമാകരുതെന്നുള്ള വിശ്വാസത്തിൽ നിന്നാണ് 'സ്വീറ്റ് റൈഡ്' എന്ന ആശയം പിറക്കുന്നത്. ശാസ്ത്രം വളരുന്നതിനോടൊപ്പം നമ്മുടെ ആഗ്രഹങ്ങളും വളരണം. ഈ പഠനത്തിൽ നിന്നുള്ള കണ്ടെത്തലുകൾ ഭാവിയിലെ ബഹിരാകാശ യാത്രികർക്ക് മാത്രമല്ല ഭൂമിയിലെ രോഗികൾക്കും പ്രയോജനപ്പെടാനുള്ള സാധ്യതയേറെയാണ്," കെന്നഡി സ്പേസ് സെന്ററിൽ നടന്ന വിജയകരമായ വിക്ഷേപണത്തിന് ശേഷം ഡോ. ഷംഷീർ പറഞ്ഞു.
പ്രമേഹ ഗവേഷണം
രണ്ടാഴ്ച നീളുന്ന ദൗത്യത്തിലുടനീളം, മൈക്രോഗ്രാവിറ്റിയില്‍ ശരീരത്തിലെ ഗ്ലൂക്കോസ് ഉപാപചയത്തെപ്പറ്റി ഭൂമിയില്‍ നിന്ന് വിദഗ്ധ മെഡിക്കല്‍ സംഘം നിരീക്ഷിക്കും. ഗ്ലൂക്കോസ് നില കണ്ടെത്തുന്നതിനുള്ള കണ്ടിന്യുവസ് ഗ്ലൂക്കോസ് മോണിറ്റര്‍, ഒന്നോ അതിലധികമോ യാത്രികര്‍ ധരിക്കും. ഇതിലൂടെ ലഭിക്കുന്ന വിവരം ആക്സിയത്തിന്റെയും ബുര്‍ജീലിന്റെയും വിദഗ്ധര്‍ തത്സമയം വിശകലനം ചെയ്യും. മെറ്റബോളിക് രോഗചികിത്സയില്‍ വിദഗ്ധനായ 'സ്വീറ്റ് റൈഡ്' ക്ലിനിക്കല്‍ ലീഡ് ഡോ. മുഹമ്മദ് ഫിത്യാന്‍ ഉള്‍പ്പെടുന്ന സംഘമാണ് ഭൂമിയില്‍ ഇക്കാര്യം നിര്‍വഹിക്കുക.
ഭൂമിയിലെ പ്രമേഹ നിയന്ത്രണത്തിനും ഈ ഗവേഷണം സഹായകമാകും ഡോ. മുഹമ്മദ് ഫിത്യാൻ പറയുന്നു. അന്താരാഷ്ട്ര ബഹിരാകാശ നിലയത്തെ (ISS) കുറിച്ചുള്ള മുൻ പഠനങ്ങൾ മൈക്രോഗ്രാവിറ്റിയുടെ പ്രഭാവം ബഹിരാകാശയാത്രികരിൽ ദ്രാവക മാറ്റങ്ങൾക്ക് കാരണമാകുമെന്ന് തെളിയിച്ചിട്ടുണ്ട്. ഇത്തരത്തിലുള്ള സാഹചര്യം ദീർഘകാലം കിടപ്പിലായ രോഗികൾക്ക് സമാനമാണ്. അവരുടെ ചലനം വളരെ പരിമിതമോ അല്ലെങ്കില്‍ തീവ്രപരിചരണത്തിൽ കഴിയേണ്ട അവസ്ഥയിലോ ആണ്. ആക്സിയം -4 ദൗത്യത്തിൽ നിന്ന് ലഭിക്കുന്ന വിവരങ്ങള്‍ ഭൂമിയിലെ പ്രമേഹ നിയന്ത്രണവും മെച്ചപ്പെടുത്തുന്നതിന് വളരെ സഹായകരമാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പേശികളുടെ ആരോഗ്യം, സൂക്ഷ്മജീവികളുടെ ജീവിതം, മൈക്രോഗ്രാവിറ്റിയിൽ ബഹിരാകാശയാത്രികർ സാങ്കേതികവിദ്യയുമായി എങ്ങനെ ഇടപഴകുന്നു എന്നതിനെക്കുറിച്ചുള്ള പഠനങ്ങളും ഇതിൽ ഉൾപ്പെടുന്നു. പ്രമേഹവുമായി ബന്ധപ്പെട്ട ഗവേഷണത്തിലായിരിക്കും പ്രധാന ശ്രദ്ധ കേന്ദ്രീകരിക്കുന്നത്, തുടർച്ചയായ ഗ്ലൂക്കോസ് മോണിറ്ററുകൾ (CGM-കൾ) ഉപയോഗിച്ച് ബഹിരാകാശത്ത് ഇൻസുലിൻ, ഗ്ലൂക്കോസ് സ്വഭാവം എന്നിവ പ്രത്യേകം പരിശോധിക്കും. ബഹിരാകാശയാത്രികർ തിരിച്ചെത്തിയ ശേഷവും, അവരുടെ CGM-കൾ, രക്ത സാമ്പിളുകൾ, ഇൻസുലിൻ പരിശോധനകൾ എന്നിവയിൽ നിന്നുള്ള ഡാറ്റ ഗ്രൗണ്ട് അധിഷ്ഠിത ലാബുകളിൽ വിശകലനം ചെയ്യും.
Shubhanshu Shukla and Crew will conduct a variety of medical experiments including Diabetes Research focused on human health and performance in space
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
