

കർക്കിടക മാസത്തെ മലയാളികൾ ആരോഗ്യസംരക്ഷണ കാലയളവായാണ് കാണാറ്. തോരാത്ത മഴയും തണുപ്പും കാരണം ജലദോഷവും പനിയും ദഹനക്കുറവും തുടങ്ങിയ ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാകാനുള്ള സാധ്യത വളരെ കൂടുതലാണ്. ഈ കാലഘട്ടത്തിൽ ഭക്ഷണത്തിനും പാനീയങ്ങളിലും പ്രത്യേക ശ്രദ്ധ നൽകേണ്ടതുണ്ട്. കർക്കിടക കഞ്ഞിയും ഔഷധക്കൂട്ടുകളും പോലെ മലയാളികളുടെ അടുക്കളയിൽ തലമുറകളായി സ്ഥാനം പിടിച്ച പാനീയമാണ് മല്ലിക്കാപ്പി.
കാപ്പിക്കുരുവോ കാപ്പിപ്പൊടിയോ ഇല്ലാതെ കാപ്പിയുടെ നിറവും സുഗന്ധവും നൽകുന്നതിനാലാണ് ഈ പാനീയത്തിന് മല്ലിക്കാപ്പി എന്ന പേര് ലഭിച്ചത്. മല്ലിവിത്തിന്റെ ഔഷധഗുണവും ചുക്ക്, കുരുമുളക് എന്നിവയുടെ എരിവും രുചിയും ചേർന്ന ഈ പാനീയം മഴക്കാലത്ത് ശരീരത്തിന് ഉന്മേഷം പകരുന്നു.
കാപ്പിക്കുരുവോ കാപ്പിപ്പൊടിയോ ഇല്ലാതെ കാപ്പിയുടെ നിറവും സുഗന്ധവും നൽകുന്നതിനാലാണ് ഈ പാനീയത്തിന് മല്ലിക്കാപ്പി എന്ന പേര് ലഭിച്ചത്. മല്ലിവിത്തിന്റെ ഔഷധഗുണവും ചുക്ക്, കുരുമുളക് എന്നിവയുടെ എരിവും രുചിയും ചേർന്ന ഈ പാനീയം മഴക്കാലത്ത് ശരീരത്തിന് ഉന്മേഷം പകരുന്നു.
വിവിധ പ്രദേശങ്ങളിൽ തയാറാക്കുന്ന രീതിയിൽ ചെറിയ വ്യത്യാസങ്ങൾ ഉണ്ടെങ്കിലും മല്ലി, ചുക്ക്, കുരുമുളക്, ശർക്കര എന്നിവയാണ് പ്രധാന ചേരുവകൾ. ചിലർ തുളസിയില, ഏലക്ക, ജീരകം എന്നിവയും ചേർക്കാറുണ്ട്. മഴക്കാലത്ത് ശരീരത്തിൽ ഉണ്ടാകുന്ന തണുപ്പും ക്ഷീണവും കുറയ്ക്കാൻ സഹായിക്കുന്ന ഒരു ചൂടൻ പാനീയമെന്ന നിലയിലാണ് മല്ലിക്കാപ്പി അറിയപ്പെടുന്നത്. കഫം, തൊണ്ടയിലെ അസ്വസ്ഥത, ദഹനക്കുറവ് എന്നിവ അനുഭവപ്പെടുമ്പോൾ പല വീടുകളിലും ഇന്നും മല്ലിക്കാപ്പി തയ്യാറാക്കുന്ന പതിവുണ്ട്.
മല്ലി – 3 ടേബിൾ സ്പൂൺ
ചുക്ക് – 1 ഇഞ്ച് നീളമുള്ള കഷണം
കുരുമുളക് – 8 മുതൽ 10 എണ്ണം വരെ
ജീരകം – 1 ടീസ്പൂൺ
തുളസിയില – 4 മുതൽ 5 വരെ
വെള്ളം – 3 കപ്പ്
ശർക്കര – ആവശ്യത്തിന്
ഒരു കട്ടിയുള്ള പാനിൽ മല്ലി എണ്ണ ചേർക്കാതെ ഇടത്തരം തീയിൽ വറുത്തെടുക്കുക. നല്ല സുഗന്ധം വരുകയും സ്വർണനിറം ലഭിക്കുകയും ചെയ്യുമ്പോൾ തീ ഓഫ് ചെയ്യുക. വറുത്ത മല്ലി, ചുക്ക്, കുരുമുളക്, ജീരകം എന്നിവ ഒരുമിച്ച് ചെറുതായി ചതച്ചെടുക്കുക.
വളരെ നേർത്ത പൊടിയാക്കേണ്ടതില്ല. ഒരു പാത്രത്തിൽ മൂന്ന് കപ്പ് വെള്ളം എടുത്ത് തിളപ്പിക്കുക. അതിലേക്ക് ചതച്ച മിശ്രിതം ചേർക്കുക. തുളസിയില ഉപയോഗിക്കുന്നുവെങ്കിൽ ഈ ഘട്ടത്തിൽ ചേർക്കാം. വെള്ളം ഏകദേശം രണ്ടര കപ്പായി കുറയുന്നതു വരെ 8 മുതൽ 10 മിനിറ്റ് വരെ തിളപ്പിക്കുക. ഇതിലൂടെ ചേരുവകളുടെ സത്ത വെള്ളത്തിലേക്ക് ഇറങ്ങും. തയാറായ കാപ്പി അരിച്ചെടുത്ത് ചൂടോടെ ഒരു കപ്പിലേക്ക് മാറ്റുക. ആവശ്യത്തിന് ശർക്കര ചേർത്ത് നന്നായി ഇളക്കുക.
മല്ലിവിത്തും ചുക്കും ദഹനപ്രക്രിയയെ സഹായിക്കുന്ന ഘടകങ്ങളാണ്. ഭക്ഷണശേഷമുള്ള വയറുവീർക്കൽ, അസ്വസ്ഥത എന്നിവ കുറയ്ക്കാൻ സഹായിക്കുമെന്ന് കരുതപ്പെടുന്നു. മഴക്കാലത്തെ തണുപ്പിൽ ശരീരത്തിന് ആവശ്യമായ ഊഷ്മാവ് നൽകാൻ ചുക്ക്, കുരുമുളക് എന്നിവ സഹായിക്കും.
തൊണ്ടയിലെ അസ്വസ്ഥതയും കഫക്കെട്ടും അനുഭവപ്പെടുമ്പോൾ ചൂടൻ മല്ലിക്കാപ്പി പലർക്കും ആശ്വാസം നൽകാറുണ്ട്. മഴയിൽ നനഞ്ഞ് വന്ന ശേഷമോ തണുപ്പേറിയ ദിവസങ്ങളിലോ ഒരു കപ്പ് മല്ലിക്കാപ്പി ശരീരത്തിന് ഉന്മേഷം പകരാൻ സഹായിക്കും.
ചില പൊടിക്കൈകൾ കൂടി ചേർത്താൽ മല്ലിക്കാപ്പി കൂടുതൽ രുചികരമാക്കാം. ഒരു ഏലക്ക ചതച്ച് ചേർത്താൽ സുഗന്ധം വർധിക്കും. ശർക്കരയ്ക്ക് പകരം തേൻ ചേർക്കാം. എന്നാൽ തേൻ തിളച്ച പാനീയത്തിൽ നേരിട്ട് ചേർക്കാതെ ചെറുചൂടായ ശേഷം ചേർക്കുന്നതാണ് നല്ലത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates